ന്യൂദല്‍ഹി: കഴിഞ്ഞ ഏഴു വര്‍ഷത്തിനു ശേഷം ഇതാദ്യമായി കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ വില വെട്ടിക്കുറയ്ക്കുന്നു. എത്ര രൂപയാണ് കുറയ്ക്കുകയെന്ന് വ്യക്തമാക്കിയിട്ടില്ല. സപ്തംബര്‍ പതിനഞ്ചിന് ഇതുസംബന്ധിച്ച കേന്ദ്രതീരുമാനം ഉണ്ടാകും. ഇതിനൊപ്പം പെട്രോള്‍ വിലയും കുറയ്ക്കുമെന്നാണ് സൂചന. മോദി സര്‍ക്കാര്‍ വന്ന ശേഷം മൂന്നു തവണ പെട്രോള്‍ വില കുറച്ചിരുന്നു. രണ്ടു മാസത്തിനുള്ളില്‍ നാലാമതാണ് പെട്രോള്‍ വില കുറയ്ക്കുക.
അന്താരാഷ്ട്ര തലത്തില്‍ ഡീസല്‍ വില കുറഞ്ഞതും വില കുറയ്ക്കാന്‍ ഒരു കാരണമായിട്ടുണ്ട്. മുന്‍പ് അന്താരാഷ്ട്ര തലത്തില്‍ ഡീസല്‍ വില കുറഞ്ഞിട്ടും ആഭ്യന്തര തലത്തില്‍ വില കുറച്ചിരുന്നില്ല. 2012 ജൂലൈ 25ന് നേരിയ തോതില്‍ വിലകുറച്ചത് ഒഴിച്ചാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ഡീസല്‍ വില കുറച്ചിട്ടേയില്ലെന്ന് പെട്രോള്‍ ബങ്കുകാര്‍ പറയുന്നു. കുറച്ചതാകട്ടെ വിതരണച്ചെലവിലും. കഴിഞ്ഞ സര്‍ക്കാര്‍ എല്ലാ മാസവും ഡീസല്‍ വില അന്‍പതു പൈസ വീതം കൂട്ടിവരികയായിരുന്നു. ഈ രീതി രണ്ടു തവണ തുടരാന്‍ മോദി സര്‍ക്കാരും നിര്‍ബന്ധിതരായിരുന്നു.
മോദി സര്‍ക്കാര്‍ വന്നശേഷം പെട്രോള്‍ വില മൂന്നു തവണയായി നാലര രൂപയിലേറെ കുറച്ചിരുന്നു. ഈ മാസം ഡീസല്‍ വില കുറയ്ക്കുന്നതിനൊപ്പം പെട്രോള്‍ വില നാലാം തവണയും കുറയ്ക്കുമെന്നാണ് സൂചന.
ഡീസല്‍ വില നിയന്ത്രണം കേന്ദ്രം നീക്കാന്‍ ഒരുങ്ങുവെന്നാണ് പല മാധ്യമങ്ങളും പറഞ്ഞു നടന്നിരുന്നത്. അതിനിടെയാണ് ഡീസല്‍ വില കുറയ്ക്കുന്നത്.
ഡീസല്‍ വില കുറയ്ക്കുന്നതോടെ, ഇപ്പോള്‍ തന്നെ കുറഞ്ഞു നില്ക്കുന്ന, വിലക്കയറ്റം കുറേക്കൂടി കുറയ്ക്കാന്‍ കഴിയും. മഴക്കുറവ് വിപണിയില്‍ ആശങ്ക ഉയര്‍ത്തുന്നതിനിടെ ഡീസല്‍ വില കുറയ്ക്കുന്നത് വിപണിക്ക് ആശ്വാസമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: