ആലപ്പുഴ: സിപിഐ നേതാവ് കെ.ഇ. ഇസ്മയില്‍ പിഎംഎസിനെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് കെപിഎംഎസ് പ്രവര്‍ത്തകര്‍ സിപിഐ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ട്രഷറര്‍ തുറവൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ഇസ്മയില്‍ പ്രസ്താവന തിരുത്തി മാപ്പുപറഞ്ഞില്ലെങ്കില്‍ വഴിയില്‍ തടയാന്‍ കെപിഎംഎസ് തയ്യാറാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ചരിത്രം പഠിക്കാന്‍ സിപിഐയും ഇസ്മയിലിനെ പോലുള്ള നേതാക്കളും തയാറാകണം. 1957ല്‍ കമ്മ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയത് പാവപ്പെട്ട പട്ടികജാതിക്കാരന്റെയും ഈഴവന്റെയും വോട്ടു നേടിയാണ്. പിന്നീട് പിന്നോക്ക സമുദായത്തിന് കമ്മ്യൂണിസ്റ്റുകാരും ഭരണകൂടവും എന്തുനല്‍കിയെന്ന് ചിന്തിക്കണം. കൊല്ലാനും കൊല്ലിക്കാനുമാണ് ഈ സമുദായങ്ങളില്‍പ്പെട്ട പ്രവര്‍ത്തകരെ പാര്‍ട്ടിയുടെ സവര്‍ണ നേതൃത്വം ഉപയോഗിച്ചത്. സമുദായംഗങ്ങള്‍ കമ്മ്യൂണിസ്റ്റുകളുടെ വഞ്ചന തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇനി ഇത്തരം തട്ടിപ്പുകള്ക്കിരയാകാന് സമുദായമില്ലെന്നും സമുദായത്തെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്നും അതില്‍ രാഷ്ട്രീയ ഭേദമില്ലെന്നും സുരേഷ് പറഞ്ഞു.
സിപിഐ എതിര്‍ക്കുന്നുവെന്ന പേരില്‍ മോദിയെയും ബിജെപിയെയും എതിര്‍ക്കേണ്ട കാര്യം കെപിഎംഎസിനില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ സമരപരിപാടികളെ കുറിച്ച് 21ന് എറണാകുളത്ത് ചേരുന്ന സംസ്ഥാന കമ്മറ്റിയില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ. രാജപ്പന് അദ്ധ്യക്ഷത വഹിച്ചു. ടി. സന്തോഷ്കുമാര്‍, ടി.പി. രാജേന്ദ്രന്, എ. സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. കെപിഎംഎസ് അവസരവാദികളുടെ സംഘടനയായി മാറിയെന്നാണ് കഴിഞ്ഞദിവസം ഇസ്മയില്‍ അവഹേളിച്ചത്. കമ്മ്യൂണിസ്റ്റുകാരാണ് കെപിഎംഎസ് രൂപീകരിച്ചതെന്നും അവര്‍ വന്ന വഴികള്‍ മറന്നെന്നും ഇസ്മയില്‍ കുറ്റപ്പെടുത്തിയിരുന്നു.
കെപിഎംഎസിനെക്കുറിച്ച് വേണ്ടത്രചരിത്രം പഠിക്കാതെയാണ് സിപിഐ നേതാവ് കെ.ഇ. ഇസ്മെയില്‍ പട്ടികജാതിവിഭാഗങ്ങള്ക്കെതിരെ ആരോപണമുന്നയിക്കുന്നതെന്ന് കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു പ്രസ്താവിച്ചു. ഒരു രാഷ്ട്രീയ കക്ഷിക്ക് ഉണ്ടായിരിക്കേണ്ട മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചാണ് ഇസ്മയില്‍ കെപിഎംഎസിനെതിരെ ആരോപണമുന്നയിക്കുന്നത്. പാര്‍ട്ടി പരിപാടികളില്‍ നിന്ന് ജനങ്ങള്‍ അകന്നുപോകുന്നതിന് കെപിഎംഎസിനെ പഴിചാരിയിട്ട് കാര്യമില്ലെന്നും ഇസ്മയിലിനെപ്പോലുള്ള നേതാക്കള്‍ ചരിത്രം പഠിക്കണമെന്നും ടി.വി. ബാബു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: