വാറങ്കല്‍: തെലങ്കാനയെ കുറിച്ച് മോശം വാര്‍ത്തകള്‍ നല്കുന്ന മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മുന്നറിയിപ്പ്. തെലങ്കാനയെ അപമാനിച്ചാല്‍ മാധ്യമങ്ങളെ പത്തടി താഴ്ച്ചയില്‍ കുഴിച്ചുമൂടുമെന്നാണ് ചന്ദ്രശേഖര്‍ റാവു പറഞ്ഞിരിക്കുന്നത്.
തെലുങ്കാന ബഹുമാനിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത കവിയും സാഹിത്യകാരനുമായ കലോജി നാരായണ റാവുവിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതിമയില്‍ മാല സമര്‍പ്പിച്ച ശേഷം നക്കലഗുട്ട ജില്ലയില്‍ സംസാരിക്കവെയാണ് മൂഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തിയുള്ള ചന്ദ്രശേഖര്‍ റാവുവിന്റെ പരാമര്‍ശം ഇതിനകം തന്നെ വിവാദമായിരിക്കുകയാണ്.
ചാനലുകളുടെ സംപ്രേഷണം റദ്ദാക്കിയവരെ ഞാന്‍ അഭിനന്ദിക്കുന്നു. ഇനിയും ചാനലുകള്‍ പാഠം പഠിച്ചില്ലെങ്കില്‍ ഞാന്‍ പഠിപ്പിക്കുമെന്നും റാവു പറഞ്ഞു. തെലങ്കാന അസംബ്ലിയിലെ രണ്ട് അംഗങ്ങള്‍ക്കെതിരായി ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അംഗങ്ങള്‍ക്കെതിരെ വാര്‍ത്ത നല്കിയ രണ്ട് വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം സര്‍ക്കാര്‍ റദ്ദാക്കി. ഇതിനെതിരെ മാധ്യമങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതില്‍ 25 മാധ്യമപ്രവര്‍ത്തകരെ പോലീസ് തടയുകയും സുബേദാരി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ചന്ദ്രശേഖര റാവു തന്റെ വാക്കുകളെ നിയന്ത്രിക്കാന്‍ പഠിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ രേണുക ചൗധരി പറഞ്ഞു. ഭരണനിര്‍വഹണത്തെപ്പറ്റി അദ്ദേഹത്തിന് യാതൊന്നും അറിയില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: