കൊച്ചി:ബാറുകള്‍ അടച്ചുപൂട്ടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിന്റെ പ്രതിഛായ മെച്ചപ്പെടുത്താനായെടുത്ത തീരുമാനത്തില്‍ ഹൈക്കമാന്റിലും പാര്‍ട്ടിക്കുള്ളിലും രൂക്ഷമായ എതിര്പ്പുയര്ന്നതോടെയാണിത്. ലീഗ് ഒഴികെയുള്ള ഘടകകക്ഷികളും എതിര്‍പ്പുമായി രംഗത്തുണ്ട്. ഇതോടെ തീരുമാനം അട്ടിമറിക്കപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്.
ലൈസന്‍സ് റദ്ദാക്കുന്ന ബാറുകള്‍ക്ക് പകരം ബിയര്‍ പാര്‍ലര്‍ അനുവദിക്കാനുള്ള നീക്കവും പാളിയതോടെ സര്‍ക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലായിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും വേണ്ടത്ര ചര്‍ച്ച നടത്താതെയാണ് തീരുമാനം എടുത്തതെന്നും പരാതി ശക്തമായിട്ടുണ്ട്. മന്ത്രിസഭാംഗങ്ങള്‍ പോലും തീരുമാനം അറിയുന്നത് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോഴാണെന്നും പറയുന്നു. ചര്‍ച്ചക്ക് അവസരം നല്കിയാല് തീരുമാനം എടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് മുന്‍കൂട്ടിക്കണ്ടാണ് ചര്‍ച്ച ഒഴിവാക്കിയതെന്നാണ് ആരോപണം.
കെപിസിസി പ്രസിഡന്റ് സുധീരനും മുഖ്യമന്ത്രിയുടെ തിരക്കിട്ട നടപടിയില്‍ അതൃപ്തനാണ്. രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മാത്രമാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയത്. വകുപ്പ് മന്ത്രി .കെ. ബാബു ഉള്‍പ്പെടുള്ള മന്ത്രിസഭയിലെ തന്റെ വിശ്വസ്തരോടും അവസാന നിമിഷമാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം സംസാരിച്ചത്. തീരുമാനത്തോട് യോജിപ്പില്ലെങ്കിലും ബാബുവിന് അതംഗീകരിക്കുകയല്ലാതെ വഴിയില്ലായിരുന്നു.അടച്ചബാറുകള് തുറക്കാന്‍വേണ്ടി വാദിച്ചിരുന്ന ബാബു ഇതോടെ പരിഹാസപാത്രവുമായി.
തീരുമാനം ജനപ്രിയമാണെങ്കിലും അത് എടുത്തരീതി ഒട്ടും ജനാധിപത്യപരമായിരുന്നില്ലെന്ന് ഹൈക്കമാന്റിനും അഭിപ്രായമുണ്ട്. അഭിപ്രായഭിന്നത പരിഹരിക്കാന്‍ നടന്ന ചര്‍ച്ചകളും വഴിമുട്ടിയതോടെ നേതൃത്വം പ്രതിസന്ധിയിലാണ്. തീരുമാനം നടപ്പിലായാല്‍ കോണ്‍ഗ്രസിലും യുഡിഎഫിലും പൊട്ടിത്തെറിയുണ്ടാകും. ജനരോഷം ഭയന്ന് പുറമേക്ക് ആരും തീരുമാനത്തിനെതിരെ ശബ്ദിക്കുന്നില്ലെങ്കിലും തിരക്കിട്ട് നടപടികള്‍ എടുക്കരുതെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. സര്‍ക്കാര്‍ തീരുമാനത്തിനനുകൂലമായി ഹൈക്കമാന്റിനെ ഇടപെടുവിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമവും പാളുകയായിരുന്നു.
പ്രശ്നം കേരളത്തില്‍ തന്നെ ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന അഭിപ്രായമാണ് ഹൈക്കമാന്റിനുള്ളത്.കോണ്‍ഗ്രസ് അധ്യക്ഷ സോണിയയും രാഹുലും ദല്‍ഹിയിലെത്തിയ ഉമ്മന്‍ ചാണ്ടിക്ക് സന്ദര്‍ശനാനുമതി പോലും നിഷേധിച്ചത് ഈ പ്രതിഷേധത്തിന്റെ ഭാഗമായാണെന്നും സൂചനയുണ്ട്. ബാറുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം ഖജനാവ് കാലിയാക്കുമെന്ന അഭിപ്രായമാണ് ധനകാര്യവകുപ്പിനുള്ളത്. പുറമേക്ക് എതിര്‍പ്പ് പറയുന്നില്ലെങ്കിലും ധനകാര്യമന്ത്രി കെ.എം. മാണിക്കും തീരുമാനത്തില്‍ കടുത്ത പ്രതിഷേധമുണ്ട്. ലീഗ് ഒഴികെയുള്ള മറ്റ് ഘടക കക്ഷികളും എതിര്‍പ്പിന്റെ സ്വരമുയര്ത്തിയതായാണ് സൂചന.
ഒത്തുതീര്‍പ്പ് എന്ന നിലക്ക് കൂടുതല്‍ ബാറുകള്‍ക്ക് ഫൈവ് സ്റ്റാര്‍ പദവി അനുവദിക്കുന്നതു സംബന്ധിച്ചും ആലോചന നടക്കുന്നുണ്ട്. ഇതിനു കഴിയാത്തവര്‍ക്ക് തത്കാലം ബിയര്‍ പാര്‍ലര്‍ ലൈസന്‍സ് നല്കി അനുനയിപ്പിക്കാനും ആലോചനയുണ്ട്. കോണ്‍ഗ്രസിലും യുഡിഎഫിലും നിശബ്ദമായി നടക്കുന്ന കലാപം മദ്യനിരോധനത്തെ അട്ടിമറിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ടി. എസ് നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: