ക്യോട്ടോ: അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനു ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തന്റെ പഴയ തലസ്ഥാനമായ ക്യോട്ടോയിലെ രണ്ടു പ്രമുഖ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. ക്യോട്ടേവിലെ ടോജി ബുദ്ധ ക്ഷേത്രത്തില്‍ സന്ദര്‍ശിക്കുമ്പോള്‍ ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഒപ്പമുണ്ടായിരുന്നു. ഹിന്ദു ആരാധനാ മൂര്‍ത്തികളായ ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമാണ് ഈ ക്ഷേത്രം.
ക്യോട്ടോവിലെതന്നെ സുവര്‍ണ്ണ മണ്ഡപമായ കിങ്കാകുജി ക്ഷേത്രവും സന്ദര്‍ശിച്ചു. അവിടെ അദ്ദേഹം ജനങ്ങളുമായി സംവദിച്ചു. കുട്ടികളുമായി സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ചു. പലരും ഭാരത പ്രധാനമന്ത്രിക്കൊപ്പം നിന്നു ചിത്രമെടുക്കാന്‍ മത്സരിച്ചു. ജപ്പാനിലെ നഗര പൈതൃകങ്ങള്‍, സകൂള്‍ എന്നിവ സംരക്ഷിക്കപ്പെടുന്ന രീതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ”ഭാരതത്തില്‍ ഞങ്ങള്‍ക്കും ചില പദ്ധതികളുണ്ട്. അതിന് ഈ നഗരപൈതൃക സംരക്ഷണത്തില്‍നിന്ന് പലതും പഠിക്കാനുണ്ട്. അതിനാണ് ഞാനിവിടം സന്ദര്‍ശിച്ചത്. ഒട്ടേറെ വെല്ലുവിളികളും സമരങ്ങളും നേരിട്ടിട്ടും ക്യോട്ടോ എത്ര സുന്ദരമായി സംരക്ഷിച്ചിരിക്കുന്നു.” പൈതൃക കാഴ്ച്ചകള്‍ ചുറ്റിക്കണ്ട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി മോദി പറഞ്ഞു. ക്യോട്ടോ മാതൃകയില്‍ വാരാണസിയുടെ സംരക്ഷണവും നടത്താനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
ഈ സഹകരണങ്ങള്‍ സര്‍വകലാശാലകളുടെയും ഗവേഷണ കേന്ദ്രങ്ങളുടെയും വ്യവസായത്തിന്റെയും മേഖലയില്‍ക്കൂടി വ്യാപിപ്പിക്കണമെന്ന് മോദി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി മോദി ക്യോട്ടോ മേയര്‍ ഡൈസാകു കഡോകാവായുമായി കൂട്ടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ നഗരത്തിന്റെ പൈതൃക ചിത്രം മേയര്‍ പ്രധാനമന്ത്രിക്കു സമ്മാനിച്ചു. അദ്ദേഹം ഹരിതവും ആധുനികവും അതേ സമയം പൈതൃകം സംരക്ഷിക്കപ്പെടുന്നതുമായ നഗരത്തെക്കുറിച്ചു വിശദീകരിച്ചു.
നഗര സംരക്ഷണത്തെക്കുറിച്ച് 40 മിനിട്ട് സംസാരിച്ച മേയര്‍ മാലിന്യ സംസ്കരണത്തിന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ പങ്കാളികളാകുന്നുവെന്ന് വിശദീകരിച്ചു. നഗരത്തില്‍ പോസ്റ്റുകളും ബോര്‍ഡുകളുമില്ല. വര്‍ഷങ്ങളായി അതാണ് രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: