ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുന്നവര്‍ക്കു ഒരു വഴികാട്ടിയാണ് പുതുക്കാട് സ്വദേശിനി സിലി ആന്റോ എന്ന വീട്ടമ്മ. വീട്ടിലെ മാലിന്യം മറ്റുള്ളവര്‍ക്കൊരു ശല്യമായി മാറരുതെന്ന തീരുമാനമാണ് സിലിയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത്. സ്വന്തമായി ബേക്കറി നടത്തുന്ന ഭര്‍ത്താവ് ആന്റോ കടയില്‍ നിന്നും പ്ലാസ്റ്റിക്-കടലാസ് മാലിന്യം വീടിന്റെ പറമ്പില്‍ കൊണ്ടുവന്നിടും. ഇതെല്ലാം എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുന്നതിനിടെയാണ് സിലി അതില്‍ നിന്നും പുതിയൊരു ആശയം കണ്ടെത്തുന്നത്. ആദ്യം പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. തുടര്‍ന്ന് കാര്‍ഡ്ബോര്‍ഡ് പെട്ടി, കടലാസ്, പ്ലാസ്റ്റിക് ക്യാരിബാഗ്, ഉപയോഗിച്ചു കഴിഞ്ഞ സ്ട്രോ ഇവയെല്ലാം ഇതിനായി ഉപയോഗിച്ചു. അങ്ങനെ ഭംഗിയുള്ള ഓരോ വസ്തുക്കളും സിലിയുടെ സൃഷ്ടിയിലൂടെ രൂപപ്പെട്ടു. പാള ഉപയോഗിച്ച് ഗ്ലാസു മുതല്‍ പൂപ്പല്‍ ബാധിച്ച ബ്രഡില്‍ തീര്‍ക്കുന്ന ദൈവങ്ങളുടെ ശില്പ്പങ്ങള് വരെ ഈ വീട്ടമ്മ ഉണ്ടാക്കാന്‍ തുടങ്ങി. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ശേഖരിച്ചുവച്ച് മനോഹരങ്ങളായ വാനിറ്റി ബാഗ് നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നുമുണ്ട് സിലി.
ഏഴ് കവറുകളുണ്ടെങ്കില്‍ ഒരു വാനിറ്റി ബാഗ് നിര്‍മ്മിക്കാനാവുമെന്ന് സിലി പറയുന്നു. കവറുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ബാഗിന്റെ വലുപ്പവും കൂടും. പ്ലാസ്റ്റിക് കവറുകള്‍ കൊണ്ടുള്ള വാനിറ്റി ബാഗ് നിര്‍മ്മാണം മറ്റുള്ളവരെ പഠിപ്പിക്കുകയാണ് സിലി. ചെറിയ വരുമാനം കണ്ടെത്തുന്നതിനേക്കാളും പരിസരത്തുള്ള പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് സിലിയുടെ ലക്ഷ്യം.
പഴയ പത്രം ഉപയോഗിച്ച് പേന, പേഴ്സ്, പൂക്കള്‍, കണ്ണാടി ഫ്രെയിം, ഫോട്ടോ ഫ്രെയിം, ഫ്ളവര്‍വെയ്സ് എന്നിവയും ഈ വീട്ടമ്മ നിര്‍മ്മിക്കുന്നു. ജംഗിള്ക്രാഫ്റ്റ് ഉല്‍പ്പന്നങ്ങളാണ് സിലി ഉണ്ടാക്കുന്ന ആകര്‍ഷകമായ വസ്തുക്കള്‍. നെല്‍മണികളും മഞ്ചാടിക്കുരുവും ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കമ്മലിനാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. പഴയ പ്ലാസ്റ്റിക് കുപ്പികളും തെര്‍മ്മോക്കോളും ഉപയോഗിച്ച് വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കള്‍ക്കു പുറമെ കളിമണ്ണുപയോഗിച്ചുള്ള കമ്മല്‍, വള, മാല എന്നിവയും നിര്‍മ്മിക്കാറുണ്ട്. ഒരു വീട്ടമ്മ മാത്രമല്ല, സ്കൂള്‍ കുട്ടികളെ ഇത്തരം വിദ്യകള്‍ പഠിപ്പിക്കുന്ന ടീച്ചര്‍ കൂടിയാണ് ഇപ്പോള്‍ സിലി. എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവ് ആന്റോയും മക്കള്‍ ഡേവിന് ഡേവിഡും ഡെയിന്‍ തെരേസയും സിലിക്കൊപ്പമുണ്ട്.
രാജേഷ് കുറുമാലി
പ്രതികരിക്കാൻ ഇവിടെ എഴുതുക: