തിരുവനന്തപുരം: നിയമസഭാ സാമാജികരുടെ ഹോസ്റ്റലില്‍ മുറി അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ നിയമസഭാ സെക്രട്ടറി അന്വേഷിക്കും. ബ്ലാക്മെയില്‍ പെണ്‍വാണിഭ കേസിലെ പ്രതി എംഎല്‍എ ഹോസ്റ്റലില്‍ താമസിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തെത്തുടര്‍ന്ന് നടന്ന നിയമസഭാ കക്ഷിനേതാക്കളുടെ യോഗത്തിലാണ് തീരുമാനം. മുന്‍ എംഎല്‍എ മാര്‍ക്ക് ഹോസ്റ്റലില്‍ മുറി നല്‍കുന്നതിനുള്ള നിയന്ത്രണം കര്‍ശനമാക്കാനും യോഗം തീരുമാനിച്ചതായി സ്പീക്കര്‍ ജി. കാര്ത്തികേയന് അറിയിച്ചു.
എംഎല്‍എ ഹോസ്റ്റലില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു എന്ന വാര്‍ത്ത ശരിയല്ല. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് ഹോസ്റ്റലും പരിസരവും നിരീക്ഷിക്കാന്‍ പൊലീസ് അനുമതി ചോദിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അനുമതി നല്കി.
സഹായത്തിനായി വാച്ച് ആന്‍ഡ് വാര്‍ഡിനെയും നിയോഗിച്ചു. ഹോസ്റ്റലില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ പോലീസ് പിന്തുടര്ന്നു പാറശ്ശാലയില്വെച്ചു പിടികൂടുകയായിരുന്നു. എന്നാല്‍ പ്രതി എംഎല്‍എ ഹോസ്റ്റലില്‍ താമസിച്ചിരുന്നോ എന്ന ചോദ്യത്തിനു മറുപടി നല്കാന് സ്പീക്കര്‍ തയ്യാറായില്ല. ഹോസ്റ്റലിനകത്തു പോലീസ് പരിശോധന നടത്തിയിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു. വിഷയത്തില്‍ തന്റെ പേരു ദുരുപയോഗം ചെയ്തെന്ന ഒരു എംഎല്‍എയുടെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ എല്ലാത്തിനും നിയമസഭാ ഹോസ്റ്റലില്‍ രേഖകളുണ്ടെന്നായിരുന്നു സ്പീക്കറുടെ പ്രതികരണം.
ഇനിമുതല്‍ മുന്‍ നിയമസഭാ സാമാജികര്‍ക്ക് ഫോണ്‍വഴിയോ കത്തുവഴിയോ മുറി ബുക്ക് ചെയ്യാമെങ്കിലും സാമാജികര്‍ നേരിട്ടെത്തി രജിസ്റ്ററില്‍ ഒപ്പുവയ്ക്കാതെ മുറി അനുവദിക്കില്ല. മുന്‍ എംഎല്‍എമാരുടെ കത്തിന്റെ പിന്‍ബലത്തില്‍ മാത്രം മറ്റൊരു വ്യക്തിക്ക് മുറി അനുവദിക്കില്ല. ഒരു മുന്‍ എംഎല്‍എയ്ക്ക് ഒരേസമയം ഒന്നിലധികം മുറികളും അനുവദിക്കില്ല. തുടര്‍ച്ചയായി അഞ്ചുദിവസം മാത്രമായിരിക്കും മുറി അനുവദിക്കുക. അതിനു ശേഷം നിര്‍ബന്ധമായും മുറി ഒഴിഞ്ഞിരിക്കണം. ഒരു മാസത്തില്‍ പത്തു ദിവസത്തില്‍ കൂടുതല്‍ ഒരു കാരണവശാലും മുറി അനുവദിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
മുന്‍ എംഎല്‍എമാര്‍ക്കൊപ്പം കുടുംബാംഗങ്ങളെ മാത്രമേ മുറിയില്‍ താമസിക്കാന്‍ അനുവദിക്കൂ. ഏതെങ്കിലും കാരണവശാല്‍ കുടുംബാംഗം അല്ലാതെയുള്ള സഹായിയെ സ്പീക്കറുടെ പ്രത്യേക അനുമതിയോടെ താമസിപ്പിക്കുകയാണെങ്കില്‍ അവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും മറ്റ് വിവരങ്ങളും നല്‍കണം. മുന്‍ എംഎല്‍എ ഇല്ലാത്ത അവസരത്തില്‍ കുടുംബാംഗങ്ങളെ മാത്രമേ താമസിക്കാന്‍ അനുവദിക്കൂ. മുന്‍ എംഎല്‍മാര്‍ക്ക് അനുവദിച്ച മുറിയില്‍ യോഗം ചേരലും പത്രസമ്മേളനം വിളിച്ചുകൂട്ടലും അനുവദിക്കില്ല. രാത്രി പത്തിന് ശേഷം സന്ദര്‍ശകരെയും അനുവദിക്കില്ല. എംഎല്‍എമാരുടെയും പിഎമാരുടെയും അല്ലാതെ ഒരു വാഹനത്തിനും ഹോസ്റ്റലില്‍ പാര്‍ക്കിംഗ് അനുവദിക്കില്ല. എന്നാല്‍ ഹോസ്റ്റലില്‍ താമസിക്കുന്ന മുന്‍ എംഎല്‍എമാരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.
എംഎല്‍എ ഹോസ്റ്റലിലെ രണ്ട് ഗേറ്റുകളും ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയുടെ നിരീക്ഷണത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി. ഹോസ്റ്റലിന്റെ റിസപ്ഷനും ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയുടെ നിരീക്ഷണത്തിലാക്കും. രാത്രി പത്തുമണിക്ക് ശേഷവും രാവിലെ അഞ്ചുമണിക്ക് മുന്‍പും എംഎല്‍എമാര്‍, പിഎമാര്‍, ജീവനക്കാര്‍ എന്നിവരുടേതല്ലാത്ത ഒരു വാഹനവും ഹോസ്റ്റല്‍ വളപ്പിലേക്ക് കടത്തിവിടില്ല. ഹോസ്റ്റല്‍ ഗേറ്റുകള്‍ എപ്പോഴും അടച്ചിടും. സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാന്‍ രണ്ടു ഗേറ്റിലും വിക്കറ്റ് ഗേറ്റുകള്‍ നിര്‍മ്മിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്, മന്ത്രിമാരായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ്, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്, എംഎല്‍എമാരായ സി. ദിവാകരന്, മാത്യു ടി. തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: