തിരുവനന്തപുരം: സര്‍ക്കാരിന്റെ വിവിധ അപേക്ഷകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ അപേക്ഷകര്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്ന കേന്ദ്രനിര്‍ദ്ദേശം നടപ്പിലാക്കി കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത് കഴിഞ്ഞമാസം ആറിനാണ്. ഇതിനായി നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്താന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വന്തം നിലയ്ക്ക് അറ്റസ്റ്റ് ചെയ്താല്‍ മതിയെന്ന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. ഗസറ്റഡ് ഉദ്യോഗസ്ഥരോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണമെന്ന നിലവിലെ വ്യവസ്ഥയിലാണ് മാറ്റം വരുത്തിയത്.
അവസാനഘട്ടത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ കാണിച്ചാല്‍ മതിയെന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിരവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായകമാകുന്ന സ്വയം സാക്ഷ്യപ്പെടുത്തല്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. സമയവും പണവും നഷ്ടപ്പെടുത്താതെ തന്നെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകള്‍ പൗരന്മാര്ക്ക് ലഭ്യമാക്കുക, ഭരണപരമായ കാര്യങ്ങള്‍ ലളിതമാക്കുക, ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ജനപ്രിയ നടപടി.
നോട്ടറിയില്‍ നിന്നും മറ്റും സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റ് ചെയ്തു കിട്ടണമെങ്കില്‍ അപേക്ഷകര്‍ പണം നല്‍കണം. മതിയായ രേഖകള്‍ സമയത്ത് ഹാജരാക്കാത്തതിനാല്‍ പലര്‍ക്കും സമയത്തിന് ഡോക്യുമെന്റുകള്‍ അറ്റസ്റ്റ് ചെയ്ത് കൊടുക്കാന്‍ പല ഉദ്യോഗസ്ഥരും തയ്യാറാകുന്നില്ല എന്നതും ഉദ്യോഗാര്‍ത്ഥികളെ വലച്ചിരുന്നു. ഇത് ഏറെ സമയനഷ്ടത്തിനും വഴിതെളിച്ചിരുന്നു.
രണ്ടാം ഭരണപരിഷ്കരണ സമിതി 2009ല്‍ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയിരുന്നെങ്കിലും ആരും ഗൗരവത്തിലെടുത്തില്ല. ഗുജറാത്തും ഗോവയും ഭാഗികമായി നിര്‍ദ്ദേശം നടപ്പിലാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: