മട്ടാഞ്ചേരി: ട്രോളിംഗ് നിരോധനം തീരുന്ന ഇന്ന് മത്സ്യബന്ധന ബോട്ടുകള്‍ ആഴക്കടലിലേക്ക് നീങ്ങും. 47 ദിവസത്തെ നിരോധനം പൂര്‍ത്തിയാക്കി നീണ്ടകര, കൊച്ചി, പൊന്നാനി, ബേപ്പൂര്‍ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള 4000ത്തോളം മത്സ്യബന്ധന യാനങ്ങളാണ് കടലിന്റെ കനിവു തേടി ആഴക്കടലിലേക്ക് നീങ്ങുന്നത്.
ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി, ഇന്ധനവും ഐസും ഭക്ഷണവും സുരക്ഷാ ഉപകരണങ്ങളുമായി കടലിലേക്ക് നീങ്ങുന്ന ബോട്ടുകള്‍ ഒരു ദിവസം മുതല്‍ അഞ്ച് ദിവസം വരെ കടലില്‍ നങ്കുരമിട്ടാണ് മത്സ്യബന്ധനം നടത്തുന്നത്. ശരാശരി പത്ത് ജീവനക്കാരാണ് ഒരു ബോട്ടിലുള്ളത്.
ഇന്ധനം അടക്കം മൂന്ന് ലക്ഷം രൂപയോളമാണ് ചെലവ്. ഭാഗ്യദേവത കടാക്ഷമാണ് ബോട്ടുകളെ രക്ഷിക്കുന്നതെന്നാണ് ബോട്ടുടമാ സംഘടനാ ഭാരവാഹിയായ ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കലും മത്സ്യത്തൊഴിലാളി സംഘടനാ ഭാരവാഹിയായ ചാള്‍സ് ജോര്‍ജും പറയുന്നത്.
മഴയുടെ കുറവ് മത്സ്യലഭ്യതക്ക് തിരിച്ചടിയായിമാറുമെന്ന ആശങ്കയിലാണ് ഇവര്‍. സംസ്ഥാനത്തെ 3500 ബോട്ടുകളും കുളച്ചല്‍ മേഖലയിലെ 600 ഒാളം ബോട്ടുകളും ഔട്ട്ബോര്‍ഡ് എഞ്ചിന് വള്ളങ്ങളുമടങ്ങുന്ന മത്സ്യബന്ധന യാനങ്ങളുടെ വന്‍സംഘമാണ് കടലിലേക്ക് കടന്നുചെല്ലുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: