ബെന്ഘാസി: ലിബിയയിലെ മുന്‍ ഉപപ്രധാനമന്ത്രിയും എം.പിയുമായ മുസ്തഫ അബു ഷാഗുറിനെ ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് ഒരു സംഘം ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയതായി കുടുംബം അറിയിച്ചു. മൂന്ന് കാറുകളിലായി എത്തിയ സംഘമാണ് വീട്ടില്‍ കയറി അദ്ദേഹത്തെ തട്ടിക്കൊണ്ടു അജ്ഞാത സ്ഥലത്തേക്ക് കടന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം ആഭ്യന്തര സംഘര്‍ഷം രൂക്ഷമായിരിക്കുന്ന ലിബിയയില്‍ ഭീകരര്‍ ബെന്‍ഘാസിയിലെ പ്രധാന സൈനിക ബേസ് നിയന്ത്രണത്തിലാക്കി. യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ച് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മുപ്പതോളം പേര് മരിക്കുകയും ചെയ്തു. ആക്രമണം രൂക്ഷമായതോടെ സൈനിക ബേസില്‍ നിന്ന് പിന്മാറാന് നിര്‍ബന്ധിതരാവുകയായിരുന്നു എന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
2012ല്‍ ബെന്‍ഘാസിയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ആക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്ന ഭീകര സംഘടനയായ അന്‍സര്‍ അല്‍ ഷരിയ വിഭാഗവും ലിബിയയിലെ വിമത വിഭാഗത്തിനൊപ്പം ചേര്‍ന്ന് പോരാടുന്നുണ്ട്. ഇത് കൂടാതെ മുന്‍ വിമത നേതാക്കളും ഭീകരര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ആക്രമണത്തിനിടെ സൈന്യത്തിന്റെ മിഗ് വിമാനം തകര്‍ന്നു വീണിരുന്നു. ഭീകരര്‍ വെടിവച്ചിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ട്രിപ്പോളിയിലെ എണ്ണ ഡിപ്പോയും ചൊവ്വാഴ്ച രാത്രിയുണ്ടായ വിമതരുടെ ആക്രമണത്തില്‍ തകര്‍ന്നു. തുടര്‍ന്നുണ്ടായ തീ കെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഇപ്പോഴും നടന്നു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: