ഗാസസിറ്റി: ഗാസയില്‍ ഹമാസ് ഭീകരര്‍ക്കെതിരെയുള്ള ഇസ്രയേല്‍ ആക്രമണം ശക്തമാക്കി. ഇസ്ലാമിക് ഭീകരര്‍ക്കെതിരെ കനത്ത ബോംബാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. യുദ്ധം നാലാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ ഗാസ നഗരത്തില്‍ അഗ്നിജ്വാലകള്‍ മാത്രമാണ് എങ്ങും.
ഹമാസിന്റെ തീവ്രവാദ ശൃംഖല തകര്‍ക്കുന്നതുവരെയും ഭൂഗര്‍ഭ തുരങ്കങ്ങള്‍ നശിപ്പിക്കുന്നതുവരെയും സൈനിക നടപടി തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു പറഞ്ഞു. ഹമാസിനെ തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യം, ഇസ്രയേല്‍ അത് നേടുന്നതുവരെയും യുദ്ധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
യുദ്ധവിമാനങ്ങളിലൂടെയുള്ള നിരന്തര ബോംബാക്രമണത്തില്‍ ഹമാസ് നേതാവ് ഇസ്മയില്‍ ഹാനിഹിന്റെ വീടിന്റെ മുകള്‍ ഭാഗവും അല്‍ അക്സ ടിവി ചാനലിന്റെ ഓഫീസും ഒരു പള്ളിയും നിരവധി സര്‍ക്കാര്‍ ഓഫീസുകളും തകര്‍ന്നു. അസാസിലെ വൈദ്യുത പ്ലാന്റ് ടാങ്ക് ഷെല്ലുകള്‍ പതിച്ചതിനെതുടര്‍ന്ന് അടച്ചുപൂട്ടി. രണ്ട് ഇന്ധന ടാങ്കുകളില്‍ ഷെല്ലുകള്‍ പതിച്ചതിനെ തുടര്‍ന്ന് വന്‍തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനം കത്തുന്ന രൂക്ഷഗന്ധവും സമീപപ്രദേശങ്ങളില്‍ വ്യാപിച്ചു. 15ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യുദ്ധത്തെത്തുടര്‍ന്ന് ഗാസയില്‍ മൂന്ന് മണിക്കൂര്‍മാത്രമാണ് വൈദ്യൂതി ലഭിക്കുന്നത്. വൈദ്യുതലൈനുകളെല്ലാം തകര്‍ന്ന് കിടക്കുകയാണ്. പ്ലാന്റിലെ പൊട്ടിത്തെറിയെക്കുറിച്ച് പ്രതികരിക്കുവാന്‍ ഇസ്രയേലി വക്താവ് വിസമ്മതിച്ചു. എന്നാല്‍ ഇത് ഹമാസിനുള്ള ഒരു മുന്നറിയിപ്പായി അസോസിയേറ്റ് പ്രസ്സ് ചൂണ്ടിക്കാട്ടുന്നു. യുദ്ധം തുടങ്ങിയതിന് ശേഷം ഹമാസ് നേതാക്കളുടെ നിരവധി വീടുകള്‍ ബോംബാക്രമണത്തില്‍ തകര്‍ന്നിരുന്നു. എന്നാല്‍ നേതാക്കളെല്ലാം ഒളിവിലായതിനാല്‍ ആര്‍ക്കും ഒന്നും സംഭവിച്ചില്ല.
ജൂണ്‍ എട്ടിന് യുദ്ധം തുടങ്ങിയതിന് ശേഷം എതാണ്ട് 1100പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 6500ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടുന്നവരില് 75ശതമാനം പേരും സാധാരണക്കാരാണെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇസ്രയേലിന് 53 പട്ടാളക്കാരെയും രണ്ട് പൗരന്മാരെയും യുദ്ധത്തില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. യുദ്ധംമൂലം പതിനായിരക്കണക്കിന് പേരാണ് ഗാസയില്‍ നിന്നും ഒഴിഞ്ഞ് പോയത്.
2007ല്‍ ഹമാസ് ഗാസ പിടിച്ചടക്കിയതിന് ശേഷം ഇസ്രയേലും ഈജിപ്റ്റും ഇവര്‍ക്കെതിരെ ശക്തമായനിലപാടാണ് സ്വീകരിച്ചത്. അതിര്‍ത്തിയിലൂടെ ഹമാസ് കള്ളക്കടത്ത് നടത്തികൊണ്ടിരുന്ന നൂറ്ക്കണക്കിന് തുരങ്കങ്ങള്‍ ഈജിപ്റ്റ് അടച്ചിരുന്നു. ഇത് മൂലം ഹമാസ് വന്‍സാമ്പത്തിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു. ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളില്‍ നിന്നും തങ്ങളുടെ പൗരന്മാരെ രക്ഷിക്കുകമാത്രമാണ് ചെയ്യുന്നതെന്ന് ഇസ്രയേല്‍ പറയുന്നത്. ഹമാസിനെ തുരങ്കങ്ങളില്‍ നിന്നും തുരത്തുന്നത് വരെ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. 20മുതല്‍ 31വരെ തുരങ്കങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു.അതേസമയം ഹമാസും ഇസ്രായേലും സംയുക്തമായി വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. രക്ഷാസമിതി അടിയന്തിര യോഗം ചേര്‍ന്നാണ് ഇരു വിഭാഗവും നിരുപാധികം വെടിനിര്‍ത്തലിനു തയ്യാറാകണമെന്ന് ആവശ്യമുന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: