തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയില്‍ സംഘത്തിനെതിരെ പുതിയ കേസ്. സംഘം ഭീഷണിപ്പെടുത്തിയ വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ബ്ലാക്മെയില്‍ സംഘത്തിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കും. ജൂലായ് 17-നാണ് രവീന്ദ്രന് ആത്മഹത്യ ചെയ്തത്. സാഹചര്യത്തെളിവുകള്‍ പ്രതികള്‍ക്ക് എതിരാണ്.
രവീന്ദ്രന്റെ ആത്മഹത്യയെക്കുറിച്ച് പ്രത്യേകസംഘം അന്വഷിക്കും. രവീന്ദ്രന്റെ സുഹൃത്ത് സജികുമാറാണ് പോലീസില്‍ ആദ്യം പരാതി നല്‍കിയത്. പ്രതികള്‍ 1.25 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. രവീന്ദ്രന്റെ കിടപ്പറ രംഗങ്ങള്‍ കാണിച്ചാണ് തുക ആവശ്യപ്പെട്ടത്. കേസിലെ മുഖ്യപ്രതികളായ സ്ത്രീകള്‍ക്കൊപ്പം ഹോട്ടലില്‍ തങ്ങിയിട്ടുണ്ടെന്നും സജികുമാറിന്റെ മൊഴിയില്‍ പറയുന്നു. കിടപ്പറ ദൃശ്യങ്ങള്‍ പുറത്താകുമെന്ന് ഭയന്നാണ് രവീന്ദ്രന് ആത്മഹത്യ ചെയ്തതെന്നും മൊഴിയില്‍ പറയുന്നു.
ബ്ലാക്ക് മെയിലിംഗ് സംഘം തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി രവീന്ദ്രന്റെ ആത്മഹത്യാകുറിപ്പിലുണ്ട്. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ബ്ലാക്ക് മെയിലിംഗ് സംഘം, പല പ്രമുഖരുടെയും കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ശേഷം വിലപേശി ലക്ഷങ്ങള്‍ തട്ടിയെടുത്തതായാണ് വിവരം. ഇതേക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
സംഘത്തിലെ പ്രധാനിയായ ജയചന്ദ്രനെ എംഎല്‍എ ഹോസ്റ്റലില്‍ ഒളിവില്കഴിയവെ പോലീസ് പിടികൂടിയിരുന്നു. സംഘത്തിന് രാഷ്ട്രീയ-ഭരണരംഗത്തെ ഉന്നതരുമായി ബന്ധമുണ്ടെന്നാണ് ആരോപണം. ഇവരുടെ തട്ടിപ്പില്‍ നിരവധി വ്യവസായികളും രാഷ്ട്രീയക്കാരും സിനിമാപ്രവര്‍ത്തകരും കുടുങ്ങിയതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: