തിരുവനന്തപുരം: എംഎല്‍എ ക്വാര്‍ട്ടേഴ്സിലെ അനധികൃത താമസക്കാര്‍ക്കെതിരെ നിയമസഭാ സെക്രട്ടേറിയറ്റ് നടപടി തുടങ്ങി. മുന്‍ എംഎല്‍എമാരുടെ പേരില്‍ അനധികൃതമായി ഉപേയാഗിച്ചിരുന്ന അഞ്ചു മുറികള്‍ ഒഴിപ്പിച്ചു. കൊച്ചി ബ്ലാക്ക്മെയില്‍ കേസിലെ പ്രതി ജയചന്ദ്രന് എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ ഒളിച്ചുതാമസിച്ചത് വിവാദമായതിനെത്തുടര്‍ന്നാണ് മുഖം രക്ഷിക്കാന്‍ തിരക്കിട്ട് നടപടികളാരംഭിച്ചത്. മുറികള്‍ അനുവദിക്കുന്നതില്‍ ചട്ടവിരുദ്ധ നടപടികളുണ്ടായതായി രജിസ്റ്ററുകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തി. സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ നിര്‍ദ്ദേശപ്രകാരം നിയമസഭാ സെക്രട്ടറി പി.ഡി. ശാര്‍ങ്ധരന്റെ നേതൃത്വത്തിലാണ് ക്വാര്‍ട്ടേഴ്സില്‍ പരിശോധന നടത്തിയത്. സംഭവം വിവാദമായതോടെ നിയമസഭാ ഹോസ്റ്റലില്‍ മുറികള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിനായി സ്പീക്കര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. യോഗം ബുധനാഴ്ച 1.30ന് സ്പീക്കറുടെ ചേംബറില്‍ ചേരും.
മുന്‍ എംഎല്‍എമാര്‍ക്ക് 10 രൂപ ദിവസവാടകക്ക് അനുവദിക്കുന്ന മുറികളാണ് ചിലര്‍ സ്ഥിരമായി കൈവശപ്പെടുത്തിയത്. പരമാവധി അഞ്ചുദിവസമാണ് മുന്‍ എംഎല്‍എയുടെ പേരില്‍ എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ മുറി അനുവദിക്കാവുന്നത്. മുന്‍ എംഎല്‍എമാരായ പന്തളം സുധാകരന്, പുനലൂര്‍ മധു, കെ.കെ. ഷാജു, എ.എ. ഷുക്കൂര്‍ എന്നിവരുടെ പേരില്‍ ഈ വ്യവസ്ഥ ലംഘിച്ച് ദീര്‍ഘകാലം മുറി അനുവദിച്ചിരുന്നതായി കണ്ടെത്തി.
പന്തളം സുധാകരന്റെ പേരിലുള്ള മുറിയില്‍ കെപിസിസി സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, പുനലൂര്‍ മധുവിന്റെ മുറിയില്‍ മറ്റൊരു കെപിസിസി സെക്രട്ടറി മണക്കാട് സുരേഷ്, എ.എ. ഷുക്കൂറിന്റെ മുറിയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗം ശ്രീകുമാര്‍ എന്നിവരാണ് താമസിക്കുന്നതെന്ന് എംഎല്‍എ ക്വാര്‍ട്ടേഴ്സ് ജീവനക്കാര്‍ നിയമസഭാ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. കെ.കെ. ഷാജുവിന്റെ പേരിലുള്ള മുറിയില്‍ ആരായിരുന്നുവെന്ന് അറിവായിട്ടില്ല. കെ.കെ. ഷാജുവും പുനലൂര്‍ മധുവും വെള്ളിയാഴ്ച വൈകീട്ടുതന്നെ തങ്ങളുടെ പേരിലുള്ള മുറിയുടെ താക്കോല്‍ തിരിച്ചുനല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രി കെ .സി. ജോസഫിന്റെയും സ്റ്റാഫുകളും ഇവിടെ മുറിയെടുത്ത് താമസിച്ചിരുന്നു.
പന്തളം സുധാകരന് താക്കോല്‍ മടക്കി നല്കാത്തതിനാല് നിയമസഭാ അധികൃതര്‍ വേറെ താഴിട്ട് മുറി പൂട്ടി. ബ്ലാക്ക്മെയില്‍ കേസിലെ പ്രതി ജയചന്ദ്രന് ഒളിവില്‍ താമസിച്ചിരുന്ന നിള ബ്ലോക്കിലെ 47-ാം നമ്പര്‍ മുറിയും ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം, എംഎല്‍എ ഹോസ്റ്റലില്‍ താന്‍ മുറിയെടുത്തിട്ടില്ലെന്ന് പന്തളം സുധാകരന് പ്രതികരിച്ചു. തന്റെ അറിവില്ലാതെ മുറി നല്‍കിയത് ഗുരുതരമായ ചട്ടലംഘനമാണ്. 24-ന് മുറി പുതുക്കാന്‍ രജിസ്റ്ററില്‍ ഒപ്പിട്ടിട്ടില്ല. വ്യാജ ഒപ്പിട്ട് മുറിയെടുത്തതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സുധാകരന് ആവശ്യപ്പെട്ടു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: