കൊച്ചി: ദക്ഷിണായനത്തിലെ ആദ്യ അമാവാസി ദിനമായ കര്‍ക്കടക വാവില്‍, പിതൃപുണ്യം തേടി പതിനായിരങ്ങള്‍ വിവിധ സ്നാനതീര്ത്ഥങ്ങളില് ബലി തര്‍പ്പണം നടത്തി. ക്ഷേത്രങ്ങളിലും വിവിധ ബലിത്തറകളിലും രാവിലെ മൂന്ന് മണിമുതല്‍ തന്നെ ചടങ്ങുകള്‍ ആരംഭിച്ചു.
കേരളത്തില്‍ നിരവധിയിടങ്ങളില്‍ ബലി തര്‍പ്പണത്തിനുള്ള സൗകര്യം ദേവസ്വം ബോര്‍ഡും ക്ഷേത്ര സംരക്ഷണ സമിതിയും വിശ്വഹിന്ദു പരിഷത്തും മറ്റു ഹിന്ദു സംഘടനകളും ചേര്‍ന്ന് ഒരുക്കിയിരുന്നു. പ്രസിദ്ധമായ ആലുവ മണപ്പുറം, വര്‍ക്കല പാപനാശം, ശംഖുമുഖം കടപ്പുറം, തിരുവല്ലം പരശുരാമ ക്ഷേത്രം, കൊല്ലം തിരുമുല്ലവാരം, തിരൂരിലെ തിരുനാവായ, പാലക്കാട് തിരുവില്വാമല, വയനാട്ടിലെ തിരുനെല്ലി പാപനാശിനി തീര്‍ത്ഥം തുടങ്ങിയ സ്ഥലങ്ങളില്‍, മണ്മറഞ്ഞു പോയവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചു കൊണ്ട് അതിരാവിലെ മുതല്‍ തന്നെ പിതൃ തര്‍പ്പണം ആരംഭിച്ചു .
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വര്‍ക്കല, ശംഖുമുഖം എന്നിവിടങ്ങളിലെല്ലാം ഇന്നലെ അര്‍ധരാത്രിയോടെതന്നെ ഭക്തര്‍ എത്തിയിരുന്നു. ആവാടുതുറ, അരുവിപ്പുറം, അരുവിക്കര തുടങ്ങിയ സ്ഥലങ്ങളിലും പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ തുടങ്ങി. ഭക്തര്‍ക്ക് സൗകര്യങ്ങളൊരുക്കാനും തിരക്ക് നിയന്ത്രിക്കാനുമായി എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുള്ള ഒരുക്കങ്ങളാണ് ഇത്തവണ നടത്തിയിട്ടുള്ളത്.
26ന് പുലര്‍ച്ചെ മൂന്നിനാണ് വാവ് ആരംഭിച്ചത്. 27ന് പുലര്‍ച്ചെ 4.15 വരെ നീണ്ടുനില്‍ക്കും. ഒരു ദിവസം പൂര്‍ണമായി ബലിതര്‍പ്പണത്തിന് സൗകര്യമുണ്ട്. എങ്കിലും ഏറെപ്പേരും പുലര്‍ച്ചെയാണ് വിവിധ സ്ഥലങ്ങളില്‍ ബലിയിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: