കൊച്ചി: മൂന്നാര്‍ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാര്‍ നടപടി സ്വാഭാവികനീതിയുടെ ലംഘനമാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഭൂമി ഒഴിപ്പിക്കല്‍ ഉണ്ടായതെന്നുമാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ.എം. ഷെഫീക്ക് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിലൂടെ പറഞ്ഞത്.
ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദം സൃഷ്ടിച്ചതാണ് മൂന്നാറിലെ ഭൂമികയ്യേറ്റം ഒഴിപ്പിക്കല്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് തമ്പടിച്ചാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കെട്ടിടങ്ങള്‍ അനധികൃതമായി കെട്ടിയുയര്ത്തിയതാണെന്ന് പറഞ്ഞ് ജെസിബി ഉപയോഗിച്ച് തകര്‍ത്തത്. എന്നാല്‍ റിസോര്‍ട്ട് ഉടമകളുടെ വാദം കേള്‍ക്കുവാന്‍ തയ്യാറാകാതിരുന്ന സര്‍ക്കാര്‍ തിടുക്കം പിടിച്ചാണ് നടപടിയെടുത്തതെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.
വിഎസ് സര്‍ക്കാരിന്റെ കാലത്തെ മൂന്നാര്‍ നടപടികള്‍ നിയമവിരുദ്ധമായിരുന്നെന്ന് നിരീക്ഷിച്ച കോടതി ഏറ്റെടുത്ത ഭൂമികള്‍ തിരിച്ചുനല്‍കാനും ഉത്തരവിട്ടു. പൊളിച്ചുമാറ്റിയ ക്ലൗഡ് നയന്‍ റിസോര്‍ട്ടിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും മൂന്നാര്‍ വുഡ്സിന്റെ ഭൂമി തിരിച്ചുനല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ക്ലൗഡ് നയന്‍, മൂന്നാര്‍ വുഡ്സ്, അബാദ് റിസോര്‍ട്ടുകള്‍ എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ഈ സുപ്രധാന ഉത്തരവ്. കെ. സുരേഷ്കുമാര്‍ തലവനായ ദൗത്യസംഘത്തിന്റെ നടപടികള്‍ നിയമവിരുദ്ധമായിരുന്നെന്നും കോടതി പറഞ്ഞു. ക്ലൗഡ് നയന്‍ ഇടക്കാല നഷ്ടപരിഹാരംമാത്രമാണിത്. അവര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്നോട്ടുപോകാമെന്നും ഈ റിസോര്‍ട്ടുകളില്‍നിന്നും പിടിച്ചെടുത്ത ഭൂമി ഉടന്‍ തിരിച്ചുനല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലൗഡ് നയണിന്റെ ഭൂമി ഒരു മാസത്തിനകം ഉടമകള്‍ക്ക് തിരിച്ചുനല്‍കണം.
ഏലപ്പാട്ടഭൂമിയില് സര്‍ക്കാര്‍ അനുമതിയോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ലെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിലുണ്ട്. പതിച്ചുനല്‍കേണ്ട ഭൂമിയുടെ പട്ടിക സര്‍ക്കാര്‍ ഉണ്ടാക്കിയില്ലെന്നും 1935 ലെ തിരുവിതാംകൂര്‍ ഏലപ്പാട്ട ചട്ടം റദ്ദായതിനാല്‍ കാലഹരണപ്പെട്ട നിയമം വെച്ചാണ് ഭൂമി ഒഴിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല, ജില്ലാ കളക്ടര്‍ക്ക് പട്ടയം റദ്ദാക്കാന്‍ അധികാരവുമില്ല.
കോടതി നിരീക്ഷണങ്ങള്‍ക്ക് വിധേയമായി മൂന്നാറില്‍ നിയമപരമായ നടപടികള്‍ സര്‍ക്കാരിന് തുടരാം. അന്ന് ജില്ലാ കളക്ടറായിരുന്ന രാജുനാരായണസ്വാമിക്കെതിരെ സിംഗിള്‍ബെഞ്ച് നേരത്തെ വിധിച്ച പതിനായിരം രൂപയുടെ പിഴ സംസ്ഥാനസര്‍ക്കാര്‍ നല്‍കണമെന്നും വിധിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: