ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ വിചാരണ തടസ്സപ്പെടുത്തുന്ന പാക്കിസ്ഥാന് നടപടിക്കെതിരെ ഭാരതത്തിന്റെ കടുത്ത പ്രതിഷേധം. പാക് ഡപ്യട്ടി കമ്മീഷണറെ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തിയും ഇസ്ലാമാബാദിലെ ഭാരത ഡപ്യൂട്ടി ഹൈക്കമ്മീഷണര്‍ പാക് വിദേശകാര്യമന്ത്രാലയത്തിലെത്തിയും പ്രതിഷേധം വ്യക്തമാക്കി. 2008ലെ മുംബൈ ഭീകരാക്രമണ കേസിന്റെ വിചാരണ നടക്കുന്ന പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി തുടര്‍ച്ചയായ 7 തവണ കേസ് മാറ്റിവെച്ചതാണ് ഭാരതത്തെ ചൊടിപ്പിച്ചത്.
പാക്കിസ്ഥാന് ഡപ്യൂട്ടി കമ്മീഷണറെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചു വരുത്തിയ കേന്ദ്രസര്‍ക്കാര്‍ പാക്കിസ്ഥാനില്‍ നടക്കുന്ന വിചാരണയുടെ വിവരങ്ങള്‍ അതാതു സമയത്ത് അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. മുംബൈ ആക്രമണത്തെക്കുറിച്ച് പാക്കിസ്ഥാന് അധികൃതര്‍ നടത്തുന്ന അന്വേഷണത്തിന്റെ വിവരങ്ങളും ഭാരതത്തെ ധരിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കേസിന്റെ വിചാരണ ഇതിനോടകം പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി ഏഴു തവണയാണ് മാറ്റിവെച്ചത്. കേസ് പരിഗണനയ്ക്ക് വന്ന ജൂണ്‍ 25ന് ജഡ്ജി അവധിയിലായതിനാല്‍ കേസ് മാറ്റിവെച്ചിരുന്നു. ഇതിനു ശേഷം ബുധനാഴ്ച കേസ് പരിഗണിച്ചെങ്കിലും വീണ്ടും മാറ്റിയതാണ് ഭാരതത്തെ ചൊടിപ്പിച്ചത്. മേയ് 28, ജൂണ്‍ 4,18, ജൂലൈ രണ്ട് എന്നീ തീയതികളില്‍ മതിയായ സുരക്ഷയില്ലെന്ന് പറഞ്ഞ് റാവല്‍പിണ്ടിയിലെ ഭീകരവിരുദ്ധ കോടതിയില്‍ പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണു കേസ് മാറ്റിയത്.
2008ല്‍ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ 166 പേര് കൊല്ലപ്പെടുകയും 300 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലഷ്കര്‍ ഭീകരന് സാഖിര്‍ റഹ്മാന് ലാഖ്വി അടക്കം ഏഴു പേരാണ് സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ അറസ്റ്റിലായത്. ലഷ്കറെ തോയ്ബ ഓപ്പറേഷന്‍സ് കമാന്‍ഡര്‍ സക്കിയൂര്‍ റഹ്മാന് ലഖ്വി, അബ്ദുല്‍ വാജിദ്, മസര്‍ ഇക്ബാല്‍, ഹമദ് അമിന്‍ സാദിഖ്, ഷാഹിദ് ജമീല്‍ റിയാസ്, ജമീല്‍ അഹ്മദ്, അന്‍ജും എന്നിവരാണ് കേസിലെ പ്രതികള്‍. ആക്രമണത്തിന്റെ സൂത്രധാരനായ ജമാ അത്ത് ഉദ്ദവ സ്ഥാപകനും ലഷ്കര്‍ ഭീകരനുമായ ഹഫീസ് സയിദിനെ പാകിസ്ഥാന് ഇതുവരെ ഭാരതത്തിന് കൈമാറാന്‍ തയ്യാറായിട്ടില്ല.
എന്നാല്‍ മുംബൈ ഭീകരാക്രമണക്കേസ് കോടതിയുടെ പരിഗണനാ വിഷയമാണെന്നും വിചാരണ മാറ്റിവെയ്ക്കുന്ന വിഷയത്തില്‍ ഇടപെടാന്‍ പാക് സര്‍ക്കാരിനാവില്ലെന്നും പാക്കിസ്ഥാന് പ്രതികരിച്ചു. പാക്കിസ്ഥാനിലും കോടതി സ്വതന്ത്ര സംവിധാനമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും പാക് വിദേശകാര്യമന്ത്രാലായ വക്താവ് പറഞ്ഞു. 2007ലെ സംഝോത എക്സ്പ്രസ് സ്ഫോടനക്കേസ് വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യവും പാക്കിസ്ഥാന് തിരികെ ഉന്നയിച്ചിട്ടുണ്ട്. ഇതോടെ ആഗസ്ത് 25ന് ഇസ്ലാമാബാദില് നിശ്ചയിച്ചിരിക്കുന്ന ഭാരത-പാക് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ക്ക് പ്രാധാന്യമേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: