തിരുവനന്തപുരം: കൊച്ചി ബ്ലാക്ക് മെയില്‍ കേസിലെ പ്രതി ഒളിവില്‍ താമസിച്ചത് എംഎല്‍എ ഹോസ്റ്റലില്‍. അനാശാസ്യരംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്ന കൊച്ചി കേന്ദ്രീകരിച്ചുള്ള സംഘത്തിലെ അഞ്ചാം പ്രതിയായ ചേര്‍ത്തല സ്വദേശി ജയചന്ദ്രനാണ് എംഎല്‍എ ഹോസ്റ്റലില്‍ ഒളിവില്‍ താമസിച്ചത്. മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശരത്ചന്ദ്രപ്രസാദിന്റെ പേരില്‍ ബുക്കുചെയ്ത മുറിയിലാണ് ആലപ്പുഴ, ചേര്‍ത്തല പറവൂര്‍ പാണത്തുവീട്ടില് ജയചന്ദ്രന് (45) താമസിച്ചത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പ്രത്യേക പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് ജയചന്ദ്രനെ അറസ്റ്റുചെയ്തത്.
ശരത്ചന്ദ്ര പ്രസാദിന്റെ പേരില്‍ നോര്‍ത്ത് ബ്ലോക്കിലെ 47ാം നമ്പര്‍ മുറിയിലാണ് ജയചന്ദ്രന് താമസിച്ചിരുന്നത്. സുനില്‍ കൊട്ടാരക്കരയെന്നയാളുടെ പേരിലായിരുന്നു മുറി ബുക്ക് ചെയ്തിരുന്നത്. സുനില്‍ കൊട്ടാരക്കരയെത്തുമ്പോള്‍ താക്കോല്‍ കൈമാറണമെന്നും ഹോസ്റ്റല്‍ ജീവനക്കാര്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. സുനില്‍ കൊട്ടാരക്കരയെത്തി താക്കോല്‍ കൈപ്പറ്റിയ ശേഷമാണ് ജയചന്ദ്രന് എംഎല്‍എ ഹോസ്റ്റലില്‍ താമസിക്കാനെത്തിയതെന്നാണ് ശരത്ചന്ദ്രപ്രസാദ് പറയുന്നത്. ജയചന്ദ്രന് താന്‍ മുറി എടുത്ത് നല്കിയിട്ടില്ലെന്നുപറയുന്ന ശരത്ചന്ദ്ര പ്രസാദ് ഇവന്റ് മാനേജ്മെന്റ് ഇടപാടുകാരന് എന്ന നിലയില്‍ ജയചന്ദ്രനെ അറിയാമെന്നും പറയുന്നു. മുന്‍ എംഎല്‍എമാര്‍ക്ക് അനുവദിച്ചിട്ടുള്ള മുറിയില്‍ സുഹൃത്തുക്കളോ പാര്‍ട്ടിക്കാരോ താമസിക്കാറുണ്ട്. പാര്‍ട്ടിക്കാരനായ സുനില്‍ കൊട്ടാരക്കര എന്നയാള്‍ക്ക് മുറി നല്‍കിയിരുന്നു. എന്നാല്‍ ജയചന്ദ്രന് മുറി നല്‍കിയിട്ടില്ല. ശരത്ചന്ദ്ര പ്രസാദ് വ്യക്തമാക്കി.
അനാശാസ്യ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസില്‍ നാലുപേരെ കഴിഞ്ഞയാഴ്ചയാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റ്ചെയ്തത്. സൂര്യ എന്ന ബിന്ധ്യ തോമസ് (32), റുക്സാന ബി ദാസ് (29), അഡ്വ. സനിലന് (43), തെക്കന്‍ പറവൂര്‍ സ്വദേശി തോമസ് ജേക്കബ് (പ്രജീഷ് 35) എന്നിവരാണ് അറസ്റ്റിലായത്. തട്ടിപ്പിലും ഗൂഢാലോചനയിലും ജയചന്ദ്രനും പങ്കാളിയാണ്.
ഒന്നാംപ്രതി ബിന്ധ്യ തോമസിന്റെ നാട്ടുകാരനാണ് ജയചന്ദ്രന്. ഈ പരിചയത്തിലൂടെയാണ് ബിന്ധ്യക്കൊപ്പം ചേര്‍ന്നത്. ഇരകളെ ഭീഷണിപ്പെടുത്താന്‍ ബിന്ധ്യ ഇയാളുടെ സഹായം തേടിയിരുന്നു. പ്രധാന പ്രതികള്‍ അറസ്റ്റിലായതോടെ ഒളിവില്‍പ്പോയ ജയചന്ദ്രനെ എറണാകുളം നോര്‍ത്ത് സിഐ എന്‍.സി. സന്തോഷ്, എസ്.ഐ. ഹണി, കെ. ദാസ് എന്നിവരടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച പിടികൂടിയത്. കൊച്ചിയിലെത്തിച്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കി.
ഇയാള്‍ക്കായി പ്രത്യേക സംഘം അന്വേഷണം നടത്തി വരികയായിരുന്നു. കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യം ലഭിച്ച മറ്റു പ്രതികള്‍ ജയചന്ദ്രനെ ഫോണില്‍ ബന്ധപ്പെട്ടു. ഇവരുടെ ഫോണ്‍ പിന്തുടര്ന്നാണ് ജയചന്ദ്രന് തിരുവനന്തപുരത്ത് ഉണ്ടെന്ന് കണ്ടെത്തിയത്. സ്പീക്കറുടെ അനുമതിയോടെ അതീവ രഹസ്യമായെത്തിയ പ്രത്യേക അന്വേഷണ സംഘം എംഎല്‍എ ഹോസ്റ്റലില്‍ സംശയമുളള മുറികള്‍ വിശദമായി പരിശോധിച്ചു. ഇതിനിടെ റെയ്ഡ് വിവരം മണത്തറിഞ്ഞ പ്രതി ജയചന്ദ്രന്, കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെ പിന്തുടര്ന്നു പിടികൂടിയെന്നാണ് പോലീസ് ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: