ന്യൂദല്‍ഹി: ലോക്സഭയില്‍ കോണ്‍ഗ്രസിനൊപ്പം ഇരിക്കാന്‍ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറാകാത്തത് സ്പീക്കര്‍ക്ക് തലവേദനയാകുന്നു. കോണ്‍ഗ്രസിന് സമീപത്ത് തങ്ങള്‍ക്ക് സീറ്റുകള്‍ അനുവദിക്കരുതെന്ന് അഞ്ച് പ്രധാന രാഷ്ട്രീയ കക്ഷികള്‍ സ്പീക്കര്‍ സുമിത്ര മഹാജനോട് ആവശ്യപ്പെട്ടു. ഇതോടെ പുതിയ ലോക്സഭ രൂപീകൃതമായി രണ്ട് സമ്മേളനമായിട്ടും പാര്‍ലമെന്ററി പാര്‍ട്ടികളുടെ സ്ഥാനം അനുവദിക്കാനാകാതെ വിഷമിക്കുകയാണ് സ്പീക്കര്‍. കോണ്‍ഗ്രസിന് സമീപത്തുള്ള സീറ്റുകള്‍ നറുക്കിട്ട് നല്‍കാനാണ് സ്പീക്കറുടെ തീരുമാനം.
ജയലളിതയുടെ എഐഎഡിഎംകെ, മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദള്‍, ചന്ദ്രശേഖര റാവുവിന്റെ ടിആര്‍എസ്, ജഗന്മോഹന് റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെല്ലാം സ്പീക്കറെ കണ്ട് കോണ്‍ഗ്രസിന് അടുത്തായി തങ്ങള്‍ക്ക് സീറ്റുകള്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന് അനുകൂലമായ നിലപാടുകളല്ല തങ്ങള്‍ക്കുള്ളതെന്നാണ് മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. കോണ്‍ഗ്രസിന് 44 അംഗങ്ങളുള്ള ലോക്സഭയില്‍ 37 എംപിമാരുള്ള എഐഎഡിഎംകെയും 34 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യ പ്രതിപക്ഷവുമായി വലിയബന്ധത്തിന് താല്‍പ്പര്യമില്ലെന്ന നിലപാടിലാണ്.
543 അംഗ സഭയില്‍ 340ഭരണപക്ഷ അംഗങ്ങളാണുള്ളത്. അര്‍ദ്ധവൃത്താകൃതിയിലുള്ള ഇരിപ്പിടങ്ങളില്‍ മൂന്നില്‍ രണ്ടുഭാഗത്തോളവും ഭരണപക്ഷ അംഗങ്ങളാണുള്ളത്. മുന്‍നിരയില്‍ കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യവും അനുവദിക്കപ്പെട്ടിട്ടില്ല. മുന്നില്‍ നാലു സീറ്റുവേണമെന്ന ആവശ്യം നിരാകരിച്ച സ്പീക്കര്‍ രണ്ട് സീറ്റുകള്‍ മുന്‍നിരയില്‍ നല്‍കാമെന്ന് കക്ഷിനേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ അറിയിച്ചു. ഇരുപത് അംഗങ്ങളുള്ള പാര്‍ട്ടിക്ക് ഒരു മുന്‍നിര സീറ്റ് എന്ന അനുപാതത്തിലാണ് ഇതനുവദിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: