ഹൈദരാബാദ്: ആളില്ലാ ലെവല്‍ ക്രോസില്‍ സ്കൂള്‍ ബസ്സില്‍ ട്രെയിനിടിച്ച് 20 കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കാം. ഇന്നലെ രാവിലെ തെലങ്കാനയിലെ മേഡക് ജില്ലയിലെ മസായിപ്പേട്ടിലാണ് രാജ്യത്തെ ഞെട്ടിച്ച ദുരന്തം.
തൂപ്രാനിലുള്ള കാകതീയ ടെക്നോ സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. രാവിലെ 9.10 ഓടെ കാവല്‍ക്കാരില്ലാത്ത ലെവല്‍ ക്രോസ് കടക്കുമ്പോള്‍ പഞ്ഞെത്തിയ നന്ദേത് പാസഞ്ചര്‍ ബസ്സില്‍ ഇടിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ നന്ദേതില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. ഇസ്ലാംപൂര്, സക്കീര്പള്ളി ഗ്രാമങ്ങളില്‍ നിന്നുള്ള 40 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവറടക്കം 21 പേരാണ് മരിച്ചത്. ഇടിച്ചു തകര്‍ത്ത ബസ് ഒരു കിലോമീറ്ററോളം വലിച്ചുകൊണ്ടുപോയ ശേഷമാണ് ട്രെയിന്‍ നിന്നത്. ശരീരത്തില്‍ നിന്ന് മാംസം അടര്‍ന്നു മാറിയും എല്ലുകള്‍ ഒടിഞ്ഞ് നുറുങ്ങിയും പലരുടേയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധമായി.
ഈ ആളില്ലാ ലെവല്‍ ക്രോസില്‍ മുന്‍പും നിരവധി അപകടങ്ങള്‍ നടന്നിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. ഡ്രൈവര്‍ അമിതവേഗതയില്‍ വണ്ടിയോടിച്ച് സിഗ്നല്‍ ശ്രദ്ധിക്കാതെ ലെവല്‍ ക്രോസിലേക്ക് കയറിയതാണ് അപകട കാരണമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ട്രെയിന്‍ വരുന്നത് ഡ്രൈവര്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് ദൃക്സാക്ഷികളും പറയുന്നു.
നീതി തേടി രോഷാകുലരായ നാട്ടുകാര്‍, മൃതദേഹങ്ങള്‍ നീക്കുന്നത് തടഞ്ഞു. ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കല്ലെറിയുകയും ചെയ്ത നാട്ടുകാരെ പിന്തിരിപ്പിക്കാന് പോലീസിന് ചെറിയ തോതില്‍ ലാത്തി വീശേണ്ടിയും വന്നു.
സംഭവത്തെപ്പറ്റി അടിയന്തര അന്വേഷണത്തിന് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ ഉത്തരവിട്ടിട്ടുണ്ട്.
സംഭവം നടന്നയുടന്‍ ആശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സെക്കന്തരാബാദിലേക്കും ഹൈദരാബാദിലേക്കും വാഹനങ്ങള്‍ അയച്ചതായി സൗത്ത് സെന്‍ട്രല്‍ അധികൃതര്‍ അറിയിച്ചു.
തിരക്കുള്ള ലെവല്‍ ക്രോസില്‍ കാവല്ക്കാരെ നിയോഗിക്കണമെന്ന് പലകുറി തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും അനുശോചനം രേഖപ്പെടുത്തി.
അച്ഛന് കുഴഞ്ഞുവീണ് മരിച്ചു
രക്ഷിതാക്കള്‍ ബോധംകെട്ടു
ഹൈദരാബാദ്: അപകടത്തില്‍ തന്റെ രണ്ടു കുട്ടികളും മരിച്ച വിവരമറിഞ്ഞ് അച്ഛന് കുഴഞ്ഞു വീണ് മരിച്ചു. സംഭവമറിഞ്ഞ് ഓടിയെത്തിയ പല രക്ഷിതാക്കളും അപകടസ്ഥലം കണ്ട് ബോധം കെട്ടുവീണു.
മുറവിളികൂട്ടുന്ന രക്ഷിതാക്കളില്‍ ഒരമ്മ ഇങ്ങനെ വിലപിച്ചു, ”പത്തു മിനിറ്റു മുന്‍പാണ് ബസ്സ് എന്റെ വീടിന്റെ മുന്പില് നിന്ന് വിട്ടത്. എന്റെ കുഞ്ഞിന്റെ വിടപറയലായിരുന്നു അതെന്ന് അറിഞ്ഞില്ലല്ലോ ദൈവമേ…” മകന് റ്റാറ്റാ പറഞ്ഞ് പോയതോര്‍ത്ത് വീണ്ടും വീണ്ടും ആ അമ്മ പൊട്ടിക്കരഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: