ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ ആക്രമണം ശക്തമായി തുടരുന്നു. മേഖലയില്‍ ഈജിപ്ഷ്യന്‍ ഉടമ്പടി പ്രകാരം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ഹമാസിനോട് ആവശ്യപ്പെട്ടു.
മേഖലയിലെ സൈനിക നടപടികള്‍ വിലയിരുത്താന്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും, യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍കി മൂണും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി കൂടിക്കാഴ്ച്ച നടത്തി.
അതേസമയം, സൈനിക നടപടിയില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ വകവെയ്ക്കാതെ ഗാസയില്‍ തുടര്‍ച്ചയായ 15ാം ദിവസവും ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. യുദ്ധം നിര്‍ത്തി ഇരുവിഭാഗവും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് ജോണ്‍ കെറി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.
ഹമാസിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയാണ് ഇസ്രയേല്‍ ചെയ്യുന്നതെന്നും അത് തങ്ങളുടെ ആവശ്യമാണെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. മേഖലയില്‍ സമാധാനം ഉറപ്പിക്കുന്നതിനുള്ള ഒന്നിലധികം ഉടമ്പടികളാണ് ഹമാസ് തള്ളിയത്. ഇതിന്റെ ഉത്തരവാദി ഹമാസാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.
വെടിനിര്‍ത്തല്‍ അജണ്ടയിലില്ലെന്നും, തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നത് വരെ സൈനിക നടപടികള്‍ തുടരാനാണ് തീരുമാനമെന്നും ഇസ്രയേല്‍ നീതിന്യായ മന്ത്രി സിപ്പി ലിവ്നി വ്യക്തമാക്കി. നാല് ദിവസം പിന്നിട്ട കരയാക്രമണത്തില്‍ ഇരുവിഭാഗങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതുവരെ യുദ്ധത്തില്‍ മരിച്ച പലസ്തീനികളുടെ എണ്ണം 633 ആയി. 28 സൈനികരടക്കം 30 ഇസ്രയേലികളും കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: