ഗാസ: പതിനാറ് ദിവസമായി ഗാസയില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ 606 പാലസ്തീനികളും 29 ഇസ്രായേലികളും കൊല്ലപ്പെട്ടു. 3,700 ഓളം പേര്‍ക്ക് പരിക്കുപറ്റി. ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തണമെന്ന് അമേരിക്കയും ഐക്യരാഷ്ട്ര രക്ഷാസമിതിയും ഇസ്രായേലിനോടും ഹമാസ് ഭീകരരോടും ആവശ്യപ്പെട്ടു. എന്നാല്‍ ഗാസയിലെ അവസാന ഭീകരരും ഒഴിയുന്നതുവരെ ആക്രമണം തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ഇതോടെ ഗാസ കൂടുതല്‍ സംഘര്‍ഷഭരിതമാകുമെന്ന് ഉറപ്പായി. ഇതിനിടെ ഗാസയിലെ അല്‍ ജസീറ ഓഫീസ് കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായി. ആര്‍ക്കും പരിക്കുപറ്റിയതായി റിപ്പോര്‍ട്ടുകളില്ല.
കഴിഞ്ഞ ദിവസവും ഗാസയില്‍ ശക്തമായ ആക്രമണം തുടര്‍ന്നു. ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ സ്റ്റേഡിയങ്ങളും ആരാധനാലയങ്ങളും തകര്‍ന്നു. ജൂലായ് എട്ടിന് ആക്രമണം ആരംഭിച്ചശേഷം ഇസ്രായേലില്‍ അഞ്ചോളം ആശുപത്രികള്‍ തകര്‍ക്കപ്പെട്ടു. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ 22 ഇസ്രായേലികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഞായറാഴ്ച്ച ഷെജൈയ്യ നഗരത്തില്‍ നടന്നത് കൂട്ടക്കൊലയാണെന്ന് പാലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് വീണ്ടുമാവര്‍ത്തിച്ചു.
86,109 പേര് അഭയാര്‍ത്ഥി ക്യാമ്പുകളിലാണെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഇസ്രായേല്‍ പ്രധാനമന്ത്രിയോട് വെടിനിര്‍ത്തണമെന്നും പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കണമെന്നും ഫോണ്‍ സംഭാഷണത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. സമാധാനശ്രമങ്ങളുടെ ഭാഗമായുള്ള ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി കെയ്റോയിലെത്തിയിട്ടുണ്ട്. ഇസ്രായേല്‍ ആക്രമണം നിര്‍ത്താന്‍ ഇടപെടണമെന്ന് വിവിധ രാജ്യങ്ങളിലെ നേതാക്കള്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: