ഗാസ: ഹമാസ് ഭീകരരുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കാരണം പാലസ്തീനികള്‍ ഈയ്യാംപാറ്റകള്‍പോലെ മരിച്ചുവീഴുന്നു. ഇരുപക്ഷത്തോടും വെടിനിര്‍ത്താന്‍ ഐക്യരാഷ്ട്രസഭ രക്ഷാ സമിതി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ രണ്ടുകൂട്ടരും പ്രതികരിച്ചിട്ടില്ല.
ഈജിപ്തിന്റെ മദ്ധ്യസ്ഥ ശ്രമങ്ങള്‍ക്കൊടുവില്‍ നേരത്തേ ഇസ്രായേല്‍ രണ്ട് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഹമാസ് ധാരണക്കു തയ്യാറല്ലെന്നറിയിച്ചതോടെയാണ് പോരാട്ടം രൂക്ഷമായത്. ഇതോടെ ഗാസയില്‍ ഇതുവരെ 501 പാലസ്തീനികള്‍ കൊല്ലപ്പെടുകയും 3135 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം തുടങ്ങിയതിനുശേഷം ഏറ്റവും രക്തരൂഷിതമായ ആക്രമണത്തിനാണ് ഇന്നലെ ഗാസ സാക്ഷ്യം വഹിച്ചത്. ഇസ്രയേലും ഹമാസ് ഭീകരരും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തില്‍ നൂറിലേറെ പാലസ്തീനികളാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്.
കിഴക്കന്‍ നഗരമായ ഷെജ്ജയില് ഇസ്രായേല്‍ സേന നടത്തിയ ഷെല്ലാക്രമണത്തില്‍ 60 പാലസ്തീനികള്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ 13 ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടു. അതിനിടെ ഇസ്രയേലി സൈനികനെ പിടികൂടിയതായി ഹമാസ് അവകാശപ്പെട്ടു. എന്നാല്‍ ഈ വാര്‍ത്ത ഇസ്രായേല്‍ തള്ളി. ആയിരങ്ങളാണ് ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നത്. സമാധാന ചര്‍ച്ചകള്‍ക്കായി പാലസ്തീന് പ്രസിഡന്റ് മഹമ്മൂദ് അബ്ബാസും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണും തമ്മില്‍ ഖത്തറില്‍ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ മുമ്പും മധ്യസ്ഥത വഹിച്ചിട്ടുള്ള ഈജിപ്തിന്റെ അനുരഞ്ജന നയതന്ത്രം ഹമാസ് നേരത്തെ തന്നെ തള്ളിയിരുന്നു. ഖത്തര്‍, ഫ്രാന്‍സ്, യുഎസ് തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ സമാധാന ശ്രമങ്ങള്‍ക്കായി മുന്നോട്ടുവന്നെങ്കിലും വിജയം കണ്ടിട്ടില്ല.
ഇതിനിടെ, ഗാസയില്‍ വെടിനിര്‍ത്തലിന് യുഎന്‍ ആഹ്വാനംചെയ്തു. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിന് ശേഷമാണ് ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. ഗാസയിലെ ഇസ്രായേല്‍ ആക്രമണം ക്രൂരവും അപലപനീയവുമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ പറഞ്ഞു.
അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ടെലിഫോണില്‍ വിളിച്ച് വിഷയം ചര്‍ച്ച ചെയ്തു. പ്രശ്നത്തില്‍ അടിയന്തര പരിഹാരം കാണാന്‍ യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഈജിപ്റ്റിലെത്തും. യുഎന്നിന്റെ വെടിനിര്‍ത്തല്‍ ആഹ്വാനത്തോട് ഇസ്രായേലും ഹമാസും ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: