കീവ്: മലേഷ്യന്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ മൃതശരീരങ്ങള്‍ കയറ്റിയ ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്ന റെയില്‍വേ സ്റ്റേഷനു സമീപം വിമതരും യുക്രൈന് സൈന്യവും തമ്മില്‍ രൂക്ഷപോരാട്ടം. കഴിഞ്ഞ ദിവസം അപകടസ്ഥലത്തുനിന്നു കണ്ടെടുത്ത 196 മൃതദേഹങ്ങള്‍ കയറ്റിയ ട്രെയിന്‍ വിമതര്‍ തട്ടിയെടുക്കുകയായിരുന്നു. ടാങ്കുകളടക്കമുള്ള ആയുധ സജ്ജീകരണങ്ങളുടെ പിന്‍ബലത്തില്‍ വിമതരെ കീഴടക്കി മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ യുക്രൈന് സൈന്യം തീവ്രശ്രമം നടത്തുന്നുണ്ട്.
അതിനിടെ, ഡൊനെറ്റ്സ്കിലെ തെരുവുകളിലും കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഷെല്ലാക്രമണത്തില്‍ ചില ബഹുനിലകെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. മലേഷ്യന്‍ വിമാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്ന സംഭവത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥയ്ക്കിടെ തന്ത്രപ്രധാനമായ കിഴക്കന്‍ നഗരം ഡൊനെറ്റ്സ്ക് തിരിച്ചുപിടിക്കാന്‍ യുക്രൈന് സൈന്യം നടപടിയാരംഭിച്ചു. എംഎച്ച് 17 വിമാനം തകര്‍ന്നുവീണത് ഡൊനെറ്റ്സ്കിലെ ടോറസിലാണ്. റഷ്യന്‍ അനുകൂല വിമതരെ തുരത്തി മേഖലയുടെ നിയന്ത്രണം കൈക്കലാക്കിയാല്‍ വിമാന ദുരന്തം സംബന്ധിച്ച അന്താരാഷ്ട്ര അന്വേഷണം സുഗമമായേക്കുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍, മൃതശരീരങ്ങള്‍ നിറച്ച ട്രെയിന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലേക്കു മാറ്റാന്‍ വിമതര്‍ക്കുമേല്‍ അന്താരാഷ്ട്ര നിരീക്ഷകര്‍ സമ്മര്‍ദ്ദം ശക്തമാക്കി. ഇക്കാര്യത്തില്‍ യുക്രൈന് അധികൃതരും വിമതനേതൃത്വവും സമവായചര്‍ച്ച തുടരുന്നു.
മരിച്ചവരെ തിരിച്ചറിയുന്നതിനും ശാസ്ത്രീയ പരിശോധനകള്‍ക്കും മൃതദേഹങ്ങള്‍ വിട്ടുനല്‍കണമെന്നാണ് യുക്രൈന്റെ ആവശ്യം. ശവശരീരങ്ങള്‍ വെച്ച് വിമതര്‍ വിലപേശുകയാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. എംഎച്ച് 17നിലെ രേഖകളെല്ലാം ഒരു അന്താരാഷ്ട്ര വ്യോമയാന സ്ഥാപനത്തിന് കൈമാറാമെന്ന് വിമതര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ തെളിവുകള്‍ നശിപ്പിച്ചശേഷമുള്ള ഈ നടപടി അര്‍ത്ഥശൂന്യമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആരോപിച്ചു.
അതേസമയം, ഇന്നലെ ടോറസിലെത്തിയ ഹോളണ്ട് അന്വേഷകസംഘം ട്രെയിനുകളില്‍ സൂക്ഷിച്ചിരുന്ന മൃതശരീരങ്ങള്‍ പരിശോധിച്ചു. ആദ്യമായാണ് ഒരു അന്താരാഷ്ട്ര സംഘം ദുരന്ത സ്ഥലത്ത് എത്തിച്ചേരുന്നത്. മൃതദേഹങ്ങള്‍ വച്ചിരിക്കുന്ന വാഗണുകളിലെ അമിത വൈദ്യുതി പ്രവാഹവും ശീതീകരണ സംവിധാനത്തിന്റെ അഭാവവും പരിശോധനയില്‍ വെളിപ്പെട്ടു. ഹോളണ്ടുകാരായ 193 പേര്‍ക്ക് ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണത്തിന് ഹോളണ്ട് നേതൃത്വം നല്‍കണമെന്ന നിര്‍ദ്ദേശവും യുക്രൈന് മുന്നോട്ടുവച്ചു. ഓര്ഗനൈസേഷന് ഫോര്‍ യൂറോപ്യന്‍ സെക്യൂരിറ്റി ആന്‍ഡ് കോ-ഓപ്പറേഷന് അംഗങ്ങളും സംഭവസ്ഥലത്ത് എത്തിക്കഴിഞ്ഞു. എന്നാല്‍ വിമാന അവശിഷ്ടങ്ങള്‍ കിടക്കുന്ന ഭാഗത്ത് ഭാഗികമായി മാത്രമേ വിമതര്‍ ഇവര്‍ക്കു പ്രവേശനം അനുവദിക്കുന്നുള്ളു.
298 പേരുമായി ഹോളണ്ടിലെ ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്ക് പോയ എംഎച്ച് 17 വിമാനത്തെ വ്യാഴാഴ്ച രാത്രിയാണ് യുക്രൈന് വിമതരുടെ അധീനതയിലുള്ള പ്രദേശത്തുവച്ച് മിസൈല്‍ ഉപയോഗിച്ച് വീഴ്ത്തിയത്. ഇതുവരെ 251 മുതദേഹങ്ങള്‍ കണ്ടെടുത്തു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കുന്നതിനും മറ്റുമുള്ള ദൗത്യം അവസാനിപ്പിച്ചിട്ടില്ല. വിമാനം തകര്‍ത്തത് യുക്രൈന് വിമതരാണെന്ന പാശ്ചാത്യശക്തികളുടെ ആരോപണത്തിനും ദിനംതോറും ശക്തിയേറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: