ഗാസാ: പാലസ്തീനെതിരായ ഇസ്രായേലിന്റെ യുദ്ധം മുറുകി. വ്യോമ, കരയാക്രമണങ്ങള്‍ ശക്തമായതോടെ ഗാസയിലെ മരണം കൂടുകയാണ്. പാലസ്തീനിലെ ഹമാസും ഇസ്രായേലും തമ്മിലുള്ള പോരാട്ടത്തില്‍ ഗാസയില്‍ മരിച്ചുവീഴുന്നതു മുഴുവന്‍ നിരപരാധികളാണ്.
ഇന്നലെ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ തകര്‍ന്ന ഖാന് യൂസിനിലെ വീട്ടില്‍ നിന്ന് ആറു മൃതദേഹങ്ങളാണ് പുറത്തെടുത്തത്. പന്ത്രണ്ടു ദിവസമായി തുടരുന്ന ആക്രമണത്തില്‍ ഇതുവരെ 314 പേരാണ് മരിച്ചത്. ഹമാസിനെതിരായ റോക്കറ്റാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര് മരിച്ചതോടെയാണ് മരണം 314ല്‍ എത്തിയത്. 2270 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതുവരെ ഒരു ഇസ്രായേലി പൗരനും സൈനികനും മാത്രമേ മരിച്ചിട്ടുള്ളൂ. 2009 നു ശേഷം നടക്കുന്ന ഏറ്റവും രക്ത രൂഷിതമായ ആക്രമണമാണ് ഗാസയില്‍ നടക്കുന്നത്.
സംഘര്‍ഷത്തില്‍ അയവുവരുത്താനുള്ള ശ്രമവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ ഇന്നലെ ഇവിടെ എത്തിയിട്ടുണ്ട്. ഇസ്രായേല്‍ സൈന്യം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നാലു തവണയാണ് ഗാസയില്‍ കടന്നുകയറിയത്. പന്ത്രണ്ടു ദിവസത്തിനുള്ളില്‍ 90 വ്യോമാക്രമണവും 91 മിസൈലാക്രമണവും 500 ഷെല്ലാക്രമണവും നടത്തിയിട്ടുണ്ട്.
കരയുദ്ധം കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ഇസ്രായേല്‍. ആക്രമണം വ്യാപിപ്പിക്കാന്‍ ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. അടിയന്തര മന്ത്രിസഭായോഗവും വിളിച്ചിട്ടുണ്ട്. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണം പൂര്‍ണ്ണമായും നിര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നും നെതന്യാഹു പറയുന്നു.
ഗാസയിലേക്കുള്ള ഷെല്‍വര്‍ഷവും വ്യോമാക്രമണവും വെള്ളിയാഴ്ച വൈകീട്ടു മുതല്‍ കൂടുതല്‍ ശക്തമാക്കി. വെള്ളിയാഴ്ച വൈകിട്ടു മാത്രം പന്ത്രണ്ടിലേറെപ്പേരാണ് മരിച്ചുവീണത്. ഇതില്‍ ഒരു എട്ടംഗകുടുംബവും കൊല്ലപ്പെട്ടു. പാലായനം ചെയ്യുന്നവരെ പാര്‍പ്പിക്കാന്‍ യുഎന്‍ ഏജന്‍സി 34 സ്കൂളുകളില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വെള്ളിയാഴ്ചവരെ 47,000 ഗാസക്കാര്‍ ക്യാമ്പുകളില്‍ അഭയം തേടിയിട്ടുണ്ട്.ഇരുപതിനായിരം പേര്‍ക്ക് വേള്‍ഡ് ഫുഡ് പ്രോഗ്രാം അധികൃതര്‍ ആഹാരം നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: