മുന്‍ ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ വസതിയില്‍ 31 എയര്‍കണ്ടീഷനറുകളും 25 ഹീറ്ററുകളും 15 ഡെസേര്‍ട്ട് കൂളേഴ്സും 16 എയര്‍ പ്യൂരിഫേഴ്സും 12 ഗീനേഴ്സും ആണുണ്ടായിരുന്നത്!! ഇതിനെല്ലാം കൂടി വരുന്ന വൈദ്യതി ചാര്‍ജ് എത്രയെന്ന് പെട്ടെന്ന് കൂട്ടിയെടുക്കാന്‍ കഴിയുന്നതല്ല! മറ്റ് ചെലവുകള്‍ വേറെ!! മഹാത്മാഗാന്ധി കോണ്‍ഗ്രസുകാരെ പഠിപ്പിച്ച ലളിതജീവിതശൈലിയാണോയിത്? ഇങ്ങനെയൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കുമെന്ന് ദീര്‍ഘദൃഷ്ടിയില്‍ മനസ്സിലാക്കിയതുകൊണ്ടായിരിക്കണം എഐസിസിയുടെ 1934 ലെ മുംബൈ സമ്മേളനത്തില്‍ വെച്ച് കോണ്‍ഗ്രസ് അംഗത്വം ഗാന്ധിജി ഉപേക്ഷിച്ചത്!
അങ്ങനെയാണെങ്കില്‍, പഞ്ചായത്ത് തലം മുതല്‍ കേന്ദ്രതലം വരെയുള്ള ജനപ്രതിനിധികളും മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരും കൂടി എത്ര കോടിയായിരിക്കും ഇതിനകം സുഖജീവിതത്തിനായി തുലച്ചിട്ടുണ്ടാവുക!? കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്ക് മാത്രം പരിശോധിച്ചാല്‍ കിട്ടുന്ന ധൂര്‍ത്തിന്റെ കണക്ക് ഊഹിച്ചാല്‍ മാത്രം മതി, അത്രകണ്ട് ഭീമമായിരിക്കും പ്രസ്തുത കോടികള്‍!! പണക്കാര് കുറവുള്ള ഈ രാജ്യത്തെ സാധാരണക്കാരന്റെ നികുതിപ്പണം ഇപ്രകാരം ചെലവിടുന്നതില്‍ ജനപ്രതിനിധികള്‍ക്ക് യാതൊരു മനഃസാക്ഷിക്കുത്തുമില്ലേയെന്ന് ചോദിച്ചുപോകും, ആരും!
കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്തില്‍ അഞ്ചുവര്‍ഷം വൈസ് പ്രസിഡന്റായിരിക്കുവാന്‍ ഭാഗ്യം കിട്ടിയ ഒരാളുടെ കാര്യം ഓര്‍മിച്ചുപോവുകയാണ്. അഞ്ചുവര്‍ഷം കൊണ്ട് തരക്കേടില്ലാത്ത ഒരു രണ്ടുനില വീട് എല്ലാ സൗകര്യങ്ങളോടെയും നിര്‍മിച്ചു, കൂടാതെ ഒരു കാറും അല്‍പ്പം കൃഷിസ്ഥലവുമൊക്കെ സമ്പാദിച്ചു!? അതേസമയം വൈസ് പ്രസിഡന്റിന്റെ കൂട്ടുകാരന് നല്ല വിദ്യാഭ്യാസം നേടിയതുകൊണ്ട് സര്‍ക്കാരില്‍ ജോലി കിട്ടുകയും ചെയ്തു. 30 വര്‍ഷക്കാലത്തെ സര്‍ക്കാര്‍ സേവനം കഴിഞ്ഞിറങ്ങിയ ഉദ്യോഗസ്ഥന് അത്രയും കാലത്തിനുള്ളില്‍ ഒരുനില വീടും ഒരു കാറും അല്‍പ്പം സ്ഥലവുമേ സമ്പാദിക്കാന്‍ കഴിഞ്ഞുള്ളൂ! 30 വര്‍ഷം എവിടെ കിടക്കുന്നു, അഞ്ച് വര്‍ഷം എവിടെ എത്തിനില്‍ക്കുന്നു!!
വെറുതെയാണോ രാഷ്ട്രീയരംഗത്ത് സ്ഥാനമാനങ്ങളെ ചൊല്ലി ഇത്രമാത്രം ‘കലാപം’ നടക്കുന്നത്?
പൊതുപണം ഇങ്ങനെ ധൂര്‍ത്തടിക്കുന്നതിന് എങ്ങനെയാണ് കടിഞ്ഞാണിടാന്‍ കഴിയുക? എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒരു ചിന്താവിഷയമാക്കേണ്ട കാര്യമാണിത്; വേലി തന്നെ വിളവ് തിന്നുമ്പോള്‍, ജനം വെറും നോക്കുകുത്തികള്‍ മാത്രമായി ചുരുങ്ങുന്നു!
ഷീലാ ദീക്ഷിത് ഇപ്പോള്‍ കേരള ഗവര്‍ണറാണ്. ചുരുങ്ങിയ സമയംകൊണ്ട് രാജ്ഭവന് എന്തൊക്കെ അനുഭവിക്കേണ്ടിവന്നു, ചെലവും എത്രയായി എന്നൊക്കെയറിയുവാന് കൗതുകമുണ്ട്. മുന്‍ ഗവര്‍ണര്‍ നല്ലൊരു തട്ട് തട്ടിയിട്ടാണ് രാജിവെച്ചുപോയത്!?
വരവ് കുറവും ചെലവ് കൂടുതലുമുള്ള ഒരു ഖജനാവാണ് കേരളത്തിന്റേത്! എന്നിട്ടുപോലും 16 ആഡംബര വിദേശകാറുകള്‍ വാങ്ങുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് തടസ്സമായില്ലയെന്നത് ആശ്ചര്യത്തോടെയാണ് കാണേണ്ടത്! അതേസമയം കൂടുതല്‍ സാമ്പത്തിക ബാധ്യതയുണ്ടാകാതിരിക്കാന്‍ പുതിയ കാറുകളൊന്നും വാങ്ങരുതെന്നാണ് കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം; എങ്ങനെയുണ്ട് ആനയും ആടും തമ്മിലുള്ള വ്യത്യാസം? യാതൊരു ദീര്‍ഘവീക്ഷണമോ ദിശാബോധമോയില്ലാത്ത നേതാക്കള്‍ രാഷ്ട്രത്തിന്റെ സമ്പത്ത് കൊള്ളയടിക്കുന്ന പ്രവണതയെ ഇല്ലായ്മ ചെയ്യുവാന്‍ കര്‍ശന നടപടികള്‍ കേന്ദ്രവും സംസ്ഥാനങ്ങളും കൂടി സംയുക്തമായി സ്വീകരിച്ചേ മതിയാകൂ, എങ്കില്‍ മാത്രമേ നമ്മള് സ്വപ്നം കാണുന്ന ഒരു ഭാരതത്തെ വാര്‍ത്തെടുക്കുവാന്‍ കഴിയുകയുള്ളൂ.
സതീഷ് പടക്കാറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: