ഗാസ സിറ്റി: പത്തുദിവസം നീണ്ട വ്യോമാക്രമണത്തിനു ശേഷം ഗാസയില്‍ ഇസ്രായേല്‍ കരയുദ്ധവും തുടങ്ങി. കരയാക്രമണത്തെ തുടര്‍ന്ന് ഇന്നലെ മാത്രം 15 കുട്ടികളടക്കം 58 പലസ്തീനികളും ഒരു ഇസ്രായേലി സൈനികനും കൊല്ലപ്പെട്ടു. ഇതോടെ പത്ത് ദിവസം നീണ്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 305 ആയി.
അഞ്ച് മണിക്കൂര്‍ വെടിനിര്‍ത്തലിനു ശേഷം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാന്ഹുവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇസ്രായേല്‍ ആക്രമണം പുനാരംഭിച്ചത്. കരയാക്രമണത്തിന് മുന്നോടിയായി ഗാസയിലെ ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നാല്‍ ഹമാസ് ഇത് നിരാകരിച്ചു. ഇസ്രായേലിന്റെ പീരങ്കിവാഹനങ്ങളും റോക്കറ്റുകളും ഗാസയുടെ വടക്കു പടിഞ്ഞാറ് അതിര്‍ത്തിയില്‍ എത്തിയിട്ടുണ്ട്. ഭീകരവാദ കേന്ദ്രങ്ങളും ബോംബ് നിര്‍മാണഫാക്ടറികളും തുരങ്കങ്ങളും മറ്റുമാണു സൈന്യം ലക്ഷ്യം വയ്ക്കുന്നതെന്ന് ഇസ്രേലി അധികൃതര്‍ പറഞ്ഞു. തുരങ്കങ്ങളിലും മറ്റും പ്രവര്‍ത്തിക്കുന്ന ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ വ്യോമാക്രമണം കൊണ്ടുമാത്രം സാധിക്കില്ലെന്നു വ്യക്തമായതിനാലാണ് കരയാക്രമണം ആരംഭിച്ചത്.
അതെസമയം കരയാക്രമണം നടത്താനുളള ഇസ്രായേല്‍ പ്രസിഡന്റ് നെതന്യാഹുവിന്റെ തീരുമാനം ആത്മഹത്യപരമാണെന്നും ഇസ്രായേല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ഹമാസ് വക്താവ് സമി അബു സൂരി പ്രതികരിച്ചിരുന്നു.
പശ്ചിമേഷ്യയില്‍ എത്രയും വേഗം വെടിനിര്‍ത്തല്‍ വേണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. പലസ്തീന് പ്രസിഡന്റ് അബ്ബാസുമായും ഇസ്രേലി പ്രസിഡന്റ് ഷിമണ്‍ പെരെസുമായി മാര്‍പാപ്പ ഫോണില്‍ സമ്പര്‍ക്കം പുലര്‍ത്തി.
കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭയുടെ അഭ്യര്‍ത്ഥന മാനിച്ച് ഹമാസും ഇസ്രായേലും അഞ്ച് മണിക്കൂര്‍ താല്കാലിക വെടിനിര്‍ത്തലിന് തയ്യാറായിരുന്നു. ഗാസയിലെ ജനങ്ങള്‍ക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നതിന് വേണ്ടിയാണ് ഇരുകൂട്ടരും വെടിനിര്‍ത്തിയത്.
അതിനിടെ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനം പുന:സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇന്ന് ഗാസയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: