ന്യൂദല്‍ഹി: കവി പറയും പോലെ കാമുകനായ സൂര്യനല്ല, തന്റെയുള്ളിലെ ക്ളോക്കാണ് സൂര്യകാന്തിയെ നിയന്ത്രിക്കുന്നതെന്ന് ഗവേഷകര്‍. കവികള്‍ക്കും കാമുകര്‍ക്കും കാമുകമനസുള്ളവര്ക്കും പ്രകൃതി സ്നേഹികള്‍ക്കും ഒരുപക്ഷേ വേദനയുണ്ടാക്കുന്നതായിരിക്കും ഗവേഷകരുടെ ഈ കണ്ടെത്തല്‍.
സൂര്യരശ്മികളെ തേടിയല്ല സൂര്യകാന്തി വിടരുന്നത്, മറിച്ച് അതിനുള്ളിലുള്ള ഒരു ജൈവ ഘടികാരത്തിന്റെ പ്രവര്‍ത്തനമാണ് ചെടിയുടെ ചലനങ്ങളെ നിയന്ത്രിക്കുന്നത്. സൂര്യരശ്മികളാണ് സൂര്യകാന്തിയുടെ ചലനങ്ങളെ നിയന്ത്രിക്കുന്നതെന്നാണ് കാലങ്ങളായ ധാരണ. കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഹാഗോപ് അറ്റാമിയാന്, സ്റ്റാസി ഹാര്‍മെര്‍ എന്നീ രണ്ട് ശാസ്ത്രജ്ഞരാണ് പുതിയ കണ്ടെത്തലിനു പിന്നില്‍.
കൃഷിയിടങ്ങളില്‍ വളരുന്ന സൂര്യകാന്തിച്ചെടികളെ പ്രത്യേകം തയ്യാറാക്കിയ ചേംബറുകളിലാക്കി കൃതിമ വെളിച്ചത്തിന്റെ സഹായത്തോടെ വളര്‍ത്തി. ചെടികള്‍ വളര്‍ത്തുന്ന ചേംബറുകള്‍ക്ക് മുകളിലായാണ് ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നത്.
സൂര്യപ്രകാശമില്ലാതെ തന്നെ സൂര്യകാന്തികള്‍ വിടരുകയും, ചലിക്കുകയും ചെയ്തു. സൂര്യകിരണങ്ങളെ എങ്ങനെയാണോ പിന്തുടരുന്നത് അതുപോലെ തന്നെ കൃത്രിമ വെളിച്ചത്തിലും സൂര്യകാന്തിപ്പൂക്കള്‍ വിടരുകയും ഓരോ ദിശയിലേക്ക് ചലിക്കുകയും ചെയ്തു. സൂര്യപ്രകാശത്തിനോട് മാത്രമല്ല, ഏത് വെളിച്ചത്തിലും സൂര്യകാന്തിപ്പൂക്കള്‍ പ്രതികരിക്കുമെന്ന് ഇവര്‍ കണ്ടെത്തി. പരീക്ഷണ കണ്ടെത്തല്‍ പോര്ട്ട്ലാന്റിലെ അമേരിക്കന്‍ സൊസൈറ്റി ഓഫ് പ്ലാന്റ് ബയോളജിസ്റ്റിന്റെ മീറ്റിങ്ങില്‍ ഇവര്‍ സമര്‍പ്പിക്കുകയും ചെയ്തു. ജൈവ ഘടികാരത്തെക്കുറിച്ചും ചെടിയുടെ വളര്‍ച്ചയെക്കുറിച്ചും കൂടുതല്‍ പഠനങ്ങള്‍ നടത്തുകയാണ് ഇപ്പോള്‍ ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: