ബാഗ്ദാദ്: ആഭ്യന്തരയുദ്ധം നിലനില്‍ക്കുന്ന ഇറാഖില്‍ 130 സുന്നി ഭീകരരെ വധിച്ചതായി ഇറാഖ് സൈന്യം. ഭീകരരെ നേരിടാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി 4,000 സന്നദ്ധസൈനികരെ വിമാനമാര്‍ഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചു. അതേ സമയം പുതിയ സര്‍ക്കാരിനെ തീരുമാനിക്കാനായി ചേര്‍ന്ന ഇറാഖ് പാര്‍ലമെന്റ് സമ്മേളനം തീരുമാനമാകാതെ വീണ്ടും പിരിഞ്ഞു. ഇത്് രണ്ടാം തവണയാണ് പാര്‍ലമെന്റ് സമ്മേളിച്ച് തീരുമാനമെടുക്കാതെ പിരിയുന്നത്.
ഇറാഖില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 130 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. തിക്രിത്ത് ജില്ലയിലെ അല്‍ ഖ്വയ്സിയാഹില് ഞായറാഴ്ച്ച സൈന്യം നടത്തിയ ആക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഇവിടെ ഭീകരരും സൈന്യവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്. ഏറ്റുമുട്ടലില്‍ 41 ഭീകരരെ കൊല്ലുകയും 26 ഓളം കവചിത വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ബാഗ്ദാദില്‍ നിന്നും 200 കിലോമീറ്റര്‍ വടക്ക് സ്ഥിതിചെയ്യുന്ന ബൈജി നഗരത്തിലെ എണ്ണപ്പാടം സൈന്യം പിടിച്ചെടുത്തു. ഇവിടെ 20 ഓളം ഭീകരര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ അന്‍ബാര്‍ പ്രവിശ്യയില്‍ സൈന്യം സാന്നിധ്യം അറിയിച്ചു. ഹഡിത നഗരത്തില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. യൂഫ്രട്ടീസ് നദിക്ക് കുറുകെയുള്ള ഡാമിന്റെ നിയന്ത്രണം ഭീകരരെ ആട്ടിപ്പായിച്ച് സൈന്യം ഏറ്റെടുത്തു. ഇവിടെ 40 ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം അവകാശപ്പെട്ടു. ഇറാഖിന്റെ മറ്റൊരു നഗരമായ റമാദിയിലെ ഫലൂജ നഗരത്തിലുണ്ടായ ഏറ്റുമുട്ടലില്‍ 21 ഭീകരര്‍ കൊല്ലപ്പെട്ടു.
സിറിയന്‍ അതിര്‍ത്തികളില്‍ ഇറാഖ് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 20 ഭീകരര്‍ കൊല്ലപ്പെട്ടു. മഖ്ദാദിയ നഗരത്തില്‍ 23 ഭീകരര്‍ കൊല്ലപ്പെട്ടതായും കൂടാതെ നിരവധി പ്രദേശങ്ങളില്‍ സൈന്യം നടത്തിയ ഒറ്റപ്പെട്ട ആക്രമണങ്ങളിലും നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായും സര്‍ക്കാര്‍ അറിയിച്ചു. ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി ഇറാഖ് സൈനികരും രണ്ട് സര്‍ക്കാര്‍ അംഗങ്ങളും സൈനികമേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
രണ്ടാമതും ചേര്‍ന്ന് ഇറാഖ് പാര്‍ലമെന്റ് സമ്മേളനം തീരുമാനമാകാതെ പിരിഞ്ഞതോടെ ഇറാഖില്‍ ആഭ്യന്തരകലാപത്തിനൊപ്പം രാഷ്ട്രീയ അനിശ്ചിതത്ത്വവും തുടരുകയാണ്. കുര്‍ദ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തില്ല. പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ പദവികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് സമ്മേളനം പ്രധാനമായും വിളിച്ച് ചേര്‍ത്തത്. എന്നാല്‍ സമ്മേളനം ഒരു മണിക്കൂറിനകം പിരിച്ചുവിട്ടു. സലീം അല്‍ ജുബുരിയെ സ്പീക്കറാക്കാന്‍ സമ്മതമാണെന്ന് സുന്നി അറബികളായ അംഗങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി, പ്രസിഡന്റ് പദവികളുടെ കാര്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് താത്ക്കാലിക സ്പീക്കര്‍ മഹ്്ദി അല്‍ ഹഫീദ് പാര്‍ലമെന്റ് പിരിച്ചുവിടുകയായിരുന്നു. ഇറാഖിന്റെ ഭരണഘടനയനസരിച്ച് സ്പീക്കറെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ 30 ദിവസത്തിനകം പ്രസിഡന്റിനെ തെരഞ്ഞെടുക്കണം. പ്രസിഡന്റ് 15 ദിവസത്തിനകം ഭൂരിപക്ഷം ലഭിച്ച പാര്‍ട്ടിയുടെ നേതാവിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: