ജറുസലേം : പശ്ചിമേഷ്യയില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള വ്യോമാക്രമണങ്ങള്‍ പൂര്‍വ്വാധികം ശക്തമായി. നാലാം ദിവസമായ ഇന്നലെയുണ്ടായ ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും ഉള്‍പ്പെടെ എട്ടു പലസ്തീന് പൗരന്മാര് കൊല്ലപ്പെട്ടു. ഇതോടെ ഗാസയില്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം നൂറായി.
യുദ്ധം ശക്തമാക്കാന്‍ ഇസ്രയേല്‍ വടക്കന്‍ പ്രവിശ്യകളില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു, ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഇസ്രയേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവില്‍ ഉള്‍പ്പടെ മറ്റുരണ്ട് നഗരങ്ങളിലും ഹമാസ് റോക്കറ്റാക്രമണങ്ങള്‍ നടത്തി. അതേസമയം ഇസ്രയേല്‍ കരസേനാ ആക്രമണത്തിനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. അതിനായി 20,000 കരുതല്‍ സൈനികരെ ഇസ്രയേല്‍ നിയോഗിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
നവംബര്‍ 2012ലെ കലാപത്തിനു ശേഷം ഏറ്റവും രൂക്ഷമായ പോരാട്ടമാണ് നാലു ദിവസമായി തുടരുന്നത്. ഇതുവരെ 550 റോക്കറ്റുകളും ചെറു പീരങ്കികളുമാണ് ഹമാസ് ഇസ്രയേലിനു നേരെ പ്രയോഗിച്ചിട്ടുള്ളത്.
ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ എയര്‍പോര്‍ട്ടില്‍ നിന്നും വിമാനം പറത്തരുതെന്ന് ഹമാസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇസ്രയേലിന്റെ കടന്നുകയറ്റമാണ് ആക്രമണങ്ങള്‍ക്കു കാരണമെന്നാണ് ഹമാസിന്റെ വാദം. റാഫയിലും ഈജിപ്തിന്റേയും ഇസ്രായേലിന്റേയും അതിര്‍ത്തിക്കു സമീപത്തും വെടിവെപ്പും വ്യോമ സേനയുടെ ബോംബ് വര്‍ഷവും തുടരുകയാണ്.
ഹമാസ് തട്ടിക്കൊണ്ടുപോയ മൂന്ന് ഇസ്രായേല്‍ യുവാക്കളെ കഴിഞ്ഞമാസം മരിച്ച നിലയില്‍ കണ്ടെത്തിയതാണ് കലാപത്തിന്റെ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: