സാല്‍വദോര്‍: ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് തുല്യശക്തികള്‍ ഇന്ന് ഏറ്റുമുട്ടാനിറങ്ങുന്നു. ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായ ബെല്‍ജിയവും ഗ്രൂപ്പ് ജി റണ്ണേഴ്സപ്പായ അമേരിക്കയുമാണ് പ്രീക്വാര്‍ട്ടറില്‍ ഏറ്റുമുട്ടാനിറങ്ങുന്നത്. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 1.30നാണ് പോരാട്ടം.
ഗ്രൂപ്പ് എച്ചില് മൂന്ന് മത്സരങ്ങളും വിജയിച്ച് 9 പോയിന്റ് നേടിയാണ് ബെല്‍ജിയം നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യമത്സരത്തില്‍ അള്‍ജീരിയയെയും രണ്ടാമത്തെ മത്സരത്തില്‍ റഷ്യയെയും അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയുമാണ് ബെല്‍ജിയത്തിന് മുന്നില്‍ കീഴടങ്ങിയത്.
എന്നാല്‍ ഇന്നത്തെ നിര്‍ണായക പോരാട്ടത്തില്‍ ചില താരങ്ങളുടെ പരിക്ക് ബെല്‍ജിയം ടീമിനെ അലട്ടുന്നുണ്ട്. ക്യാപ്റ്റന്‍ വിന്‍സന്റ് കോംപാനി, തോമസ് വെര്മാലന് എന്നിവരാണ് പരിക്കിന്റെ പിടിയിലുള്ളത്. ഇവര്‍ ഇന്ന് കളത്തിലിറങ്ങിയെങ്കില്‍ ബെല്‍ജിയത്തിന് അത് വന്‍ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ടോബി ആല്ഡര്വെയറല്ഡും യാന്‍ വെര്‍ട്ടോഗനും ഡാനിയേല്‍ വാന്‍ ബുയ്റ്റനും സിമാനുമായിരിക്കും പ്രതിരോധനിരയില്‍ ഇറങ്ങാന്‍ സാധ്യത.
ഗോള്‍ വലയം കാക്കാന്‍ യുവതാരം തിബ്യൂട്ട് കുര്ട്ടോയിയും പ്രതിരോധനിരയില്‍ വിന്‍സന്റ് കോംപാനിയും
വിംഗുകളില്‍ക്കൂടിയുള്ള ആക്രമണമാണ് ബെല്‍ജിയത്തിന്റെ കരുത്ത്. ഇടതുവിംഗില്‍ ഈഡന് ഹസാര്‍ഡും വലതുവിംഗില്‍ കെവിന് മിറാലസും സെന്‍ട്രല്‍ മിഡ്ഫീല്‍ഡറായി മൗസ ഡെംബലെയും ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കും. അതേസമയം കൊറിയക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട സ്റ്റീവന്‍ ഡെഫോര്‍ ഇന്ന് കളിക്കാനിറങ്ങാത്തത് അവര്‍ക്ക് നേരിയ സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് ഉറപ്പ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി ആക്സല്‍ വിറ്റ്സലും നൈസര്‍ ചാഡ്ലിയും കളം നിറയാന്‍ രംഗത്തുണ്ടാവും. 4-2-3-1 എന്ന ശൈലിയില്‍ ഇറങ്ങുന്ന ബെല്‍ജിയത്തിന്റെ ഏക സ്ട്രൈക്കറായി റൊമേലു ലുകാകു ഇറങ്ങും.
അതേസമയം ജര്‍മ്മനി, പോര്‍ച്ചുഗല്‍ തുടങ്ങിയ വമ്പന്മാരോട് പൊരുതി നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അമേരിക്ക ഇന്ന് ഇറങ്ങുന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഘാനയെ കീഴടക്കുകയും രണ്ടാമത്തെ മത്സരത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ സമനിലയില്‍ തളക്കുകയും ചെയ്ത അമേരിക്കന്‍ നിര അവസാന മത്സരത്തില്‍ കരുത്തരായ ജര്‍മ്മനിയോട് പൊരുതിതോല്‍ക്കുകയായിരുന്നു.
എന്നാല്‍ ആള്‍ട്ടിഡോര്‍ ഇന്നത്തെ മത്സരത്തില്‍ കളിക്കുമോ എന്ന കാര്യം സംശയമാണ്. ക്യാപ്റ്റന്‍ ക്ലിന്റ് ഡെംപ്സിയാണ് അമേരിക്കയുടെ സൂപ്പര്‍താരം. അതുപോലെ ഭേദപ്പെട്ട മധ്യനിരയും പ്രതിരോധവും അമേരിക്കക്ക് സ്വന്തമാണ്.
പ്രതിരോധത്തില്‍ ഫാബിയന്‍ ജോണ്‍സണും ബീസ്ലി, ഒമര്‍ ഗൊണ്‍സാലസ്, ബ്ലേസര്‍ എന്നിവരും മധ്യനിരയില്‍ ജോണ്‍സ്, ബ്രാഡ് ഡേവിസ്, ബെക്കര്‍മാന്‍, ഡേവിസ് എന്നിവരും ഗോള്‍വലയം കാക്കാനായി ഹെവാര്‍ഡും കളത്തിലിറങ്ങുന്നതോടെ മത്സരം തീപാറുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: