ന്യൂദല്‍ഹി: കല്‍ക്കരി ലഭ്യതയില്‍ ലോകത്തെ അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യയെങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് കേന്ദ്ര ഊര്‍ജ്ജ-കല്‍ക്കരി വകുപ്പു മന്ത്രി പീയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. പാരിസ്ഥിതികാനുമതി, ഭൂമി ലഭ്യത തുടങ്ങിയ പ്രശ്നങ്ങളാണ് ഇതിന് അടിസ്ഥാന കാരണമെന്ന് പറഞ്ഞ മന്ത്രി കോള്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിയെ വിഭജിക്കില്ലെന്ന് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ കല്‍ക്കരി കമ്പനികളിലൊന്നാണ് കോള്‍ ഇന്ത്യ. എന്നാല്‍ കമ്പനിയെ വിഭജിക്കില്ല. കമ്പനി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും പുരോഗതിയിലേക്കു നയിക്കാനുംസര്ക്കാര് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ പകുതിയിലേറെ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് കല്‍ക്കരിയാണ് ഇന്ധനം. അതുകൊണ്ടു തന്നെ കല്‍ക്കരി മേഖലയിലെ പ്രവര്‍ത്തനം ദ്രുതഗതിയിലാക്കി വൈദ്യുതി ഉല്‍പ്പാദനം ശക്തമാക്കുമെന്നും മന്ത്രി ഉറപ്പു നല്കി.
കമ്പനിയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും ഉല്‍പ്പാദനം ഉയര്‍ത്തുന്നതിനും ആവശ്യമായ ശേഷിയുണ്ട്. ഇന്ത്യയിലെ 80 ശതമാനം കല്‍ക്കരി വിഭവങ്ങളും കോള്‍ ഇന്ത്യ ലിമിറ്റഡില്‍ നിന്നാണ് ലഭിക്കുന്നത്. എന്നിട്ടും സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ കമ്പിനിക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിയുന്നില്ല- മന്ത്രി അഭിപ്രായപ്പെട്ടു. കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമായി മാത്രമേ കമ്പനിക്ക് പുരോഗതി ഉണ്ടാകൂവെന്നും, ഇപ്പോള്‍ കമ്പനി വിഭജനത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
2013- 2014 കാലയളവില്‍ കോള്‍ ഇന്ത്യയുടെ ഉല്‍പ്പാദന ലക്ഷ്യം 482 മില്യണ്‍ ടണ്‍ ആയിരുന്നു. എന്നാല്‍ 462 മില്യണ്‍ ടണ്‍ മാത്രമേ ഉല്പ്പാദിപ്പിക്കാനായുള്ളു. കോള്‍ ഇന്ത്യയുടെ സഹ കമ്പനികളായ സൗത്ത് ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ് ലിമിറ്റ്ഡ്, മഹനാദി കോള്‍ ഫീല്‍ഡ് ലിമിറ്റഡ്, ഈസ്റ്റേണ്‍ കോള്‍ ഫീല്‍ഡ് ലിമിറ്റഡ്, വെസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡ്, നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡ് എന്നിവിടങ്ങളിലെ ആകെ ഉല്‍പ്പാദന നിരക്കാണ് ഇത്. സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ്, മഹാനാദി കോള്‍ഫീല്‍ഡ് എന്നിവിടങ്ങളിലാണ് ഏറ്റവും അധികം ഉല്‍പ്പാദനം നടന്നത്.
1975-ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനമായാണ് കോള്‍ ഇന്ത്യ ലിമിറ്റഡ് സ്ഥാപിച്ചത്. പിന്നീട് 2010-ല്‍ കമ്പനിയുടെ 10 ശതമാനം ഓഹരി രാജ്യത്തെ പൊതുജനങ്ങള്‍ക്കായി വിറ്റു. കമ്പനിയുടെ നിലവിലെ വിപണി മൂലധനം 2,41,379.87 കോടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: