ഇസ്ലാമബാദ് : പാക്കിസ്ഥാനില്‍ വിമാനത്തിനു നേരയുണ്ടായ വെടിവെപ്പില്‍ പ്രതികളെന്ന് സംശയിക്കുന്ന 250 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് റിയാദില്‍ നിന്നും വന്ന വിമാനത്തിനു നേരെ ആക്രമണമുണ്ടായത്. ഇതില്‍ നൗഷേര സ്വദേശിയായ യാത്രക്കാരി കൊല്ലപ്പെടുകയും രണ്ട് ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
196 യാത്രക്കാരും 10 ജീവനക്കാരുമടങ്ങുന്ന പാക്കിസ്ഥാന് അന്താരാഷ്ട്ര വിമാനമായ എയര്‍ബസ് എ- 310 പെഷവാറിലെ ബച്ച ഖാന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ (പിഐഎ) വക്താവ് അറിയിച്ചു. ഇതില്‍ ഒരെണ്ണം വിമാനത്തിന്റെ എഞ്ചിനില്‍ തുളച്ചെങ്കിലും സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ജനലിനു സമീപം ഇരുന്നതിനാലാണ് സ്ത്രീക്ക് വെടിയേറ്റതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുകയാണ്.
എകെ 47 തോക്കാണ് കലാപകാരികള്‍ ഉപയോഗിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തെ തുടര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പെഷവാറിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും താല്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതിനുമുമ്പ് ജൂണ്‍ എട്ടിനും കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടിരുന്നു. തീവ്രവാദ സംഘടനകളായ തെഹ്രീക്- ഐ- താലിബാന് പാകിസ്ഥാന് ആന്‍ഡ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഉസ്ബക്കിസ്ഥാന് (ഐഎംയു) അന്നത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: