തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകളുടെ കൂമ്പാരം. പനിബാധിതര്‍ക്കും പകര്‍ച്ച വ്യാധി പിടിപെട്ടെത്തുന്നവര്ക്കുമാണ് പഴകിയ, ഗുണനിലവാരമില്ലാത്ത ഗുളികകളും സിറപ്പുകളും നല്‍കുന്നത്. ഇക്കാര്യം ആരോഗ്യവകുപ്പ് തന്നെ സമ്മതിച്ചിട്ടുണ്ട്. കൂടാതെ കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലും ഇതു കണ്ടെത്തിയിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ പകര്‍ച്ച വ്യാധിക്ക് ചികിത്്സ തേടിയ 66 പേരാണ് സംസ്ഥാനത്ത് മരിച്ചത്. കൃത്യമായ ചികിത്സയോ ഗുണനിലവാരമുള്ള മരുന്നുകളോ ലഭിക്കാതെയാണ് രോഗികള്‍ മരിച്ചതെന്ന വസ്തുത ആരോഗ്യവകുപ്പ് മറച്ചു വെച്ചിരിക്കുകയാണ്.
തിരുവനന്തപുരം ജനറല്‍ ആശുപത്രി, അടിമാലി, ആറ്റിങ്ങല്‍, ഇരിങ്ങാലക്കുട, നേമം, തൃക്കരിപ്പൂര്‍ തുടങ്ങിയ താലൂക്ക് ആശുപത്രികളില്‍ പഴകിയ മരുന്നുകള്‍ സൂക്ഷിക്കുകയും രോഗികള്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. സാധാരണ മരുന്നുകള്‍ക്കൊപ്പം കാലഹരണപ്പെട്ട മരുന്നുകളും നല്‍കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും.
സര്‍ക്കാര്‍ ആശുപത്രികളില്‍ കിടത്തി ചികിത്സയ്ക്കു വിധേയരായ രോഗികള്‍ക്ക് നല്കുന്ന മിക്ക മരുന്നുകളിലും പഴയതുമുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തല്‍ ആരോഗ്യ വകുപ്പ് രഹസ്യമായി സൂക്ഷിക്കുകയാണ്. നഴ്സുമാരുടെ മുറികളിലും വാര്‍ഡുകളിലും ഇത്തരം മരുന്നുകള്‍ സൂക്ഷിക്കുന്നുണ്ട്. ആറ്റിങ്ങല്‍ താലൂക്കാശുപത്രിയില്‍ വാര്‍ഡിലുള്ള സാധാരണ മരുന്നുകള്‍ക്കൊപ്പം കാലാവധി കഴിഞ്ഞ മെറ്റോക്ലോപ്രാമൈഡ്, അഡ്രിനാലിന്‍ കുത്തിവെയ്പ്പുകള്ക്കുള്ള മരുന്നുകളും സൂക്ഷിച്ചിരുന്നതായി കണ്ടെത്തി.
ജില്ലകളിലെമ്പാടും ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറികള്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നെട്ടോട്ടം ഓടുമ്പോഴാണ് ആശുപത്രികള്‍ വഴി പഴകിയ മരുന്നുകള്‍ രോഗികള്‍ക്കു നല്‍കുന്നത്. എല്ലാ ജില്ലകളിലും ഡ്രഗ്ടെസ്റ്റിംഗ് ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് സംസ്ഥാനം. ഇതിനുള്ള ഫണ്ടും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഈ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: