ന്യൂദല്‍ഹി: അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കേരളത്തിലേക്ക് കടത്തിയ സംഭവത്തില്‍ കേസ് ഏറ്റെടുക്കാന്‍ തയാറെന്ന് സിബിഐ. ഇക്കാര്യം സിബിഐ ഹൈക്കോടതിയെ വാക്കാല്‍ അറിയിക്കും. കേസ് ഏറ്റെടുക്കുന്നതിന് മറ്റ് നിയമതടസങ്ങളില്ലേന്ന് സിബിഐക്ക് നിയമോപദേശം ലഭിച്ചു. കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിച്ചാല്‍ നന്നായിരുന്നുവെന്ന് നേരത്തെ ഡിവിഷന് ബെഞ്ച് പരാമര്‍ശിച്ചിരുന്നു, കേസിന്റെ അന്വേഷണ പുരോഗതി കോടതിയെ ഇന്ന് സര്‍ക്കാരും അറിയിക്കും. ചീഫ് ജസ്റ്റിസ് ഇന്ന് അവധിയാണെങ്കില്‍ കേസ് നാളെ മാത്രമേ പരിഗണിക്കു.
മൂന്നു സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന കേസായതിനാല്‍ കേന്ദ്ര ഏജന്‍സി എന്ന നിലയില്‍ സി.ബി.ഐയ്ക്ക് സ്വതന്ത്രവും വിപുലവുമായി കേസ് അന്വേഷിക്കാനാവുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. വിഷയത്തെ ലാഘവത്തോടെ കാണാനാകില്ല. ഇതില്‍ എന്തൊക്കെയോ മറച്ചു വയ്ക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അത് കണ്ടെത്തണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
നേരത്തെ കുട്ടികളെ സംസ്ഥാനത്തേക്ക് കടത്തിയ സംഭവത്തില്‍ മുഖ്യ കണ്ണിയായ ജാര്‍ഖണ്ഡ് സ്വദേശി ഷക്കീല്‍ അഹമ്മദിനെ ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. 466 കുട്ടികളെ പാറ്റ്ന-എറണാകുളം എക്സ് പ്രസില്‍ കൊണ്ടുവന്നത് മേയ് 24ന് പാലക്കാട്ടു വച്ച് പൊലീസ് പിടിച്ചതോടെയാണ് സംഭവം പുറത്തായത്.
കോഴിക്കോട്, പാലക്കാട് ജില്ലകളിലെ അനാഥാലയങ്ങളിലേക്കാണ് കൊണ്ടുവന്നതായിരുന്നു ഇവരെ. ഇത് കുട്ടിക്കടത്തും അല്ലെന്നുമുള്ള വാദഗതികള്‍ സജീവമായിരിക്കെ കേസ് കോടതിയില്‍ എത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നുകാട്ടി കേന്ദ്ര വനിതാശിശുക്ഷേമ മന്ത്രാലയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുട്ടികളെ കേരളത്തിലെത്തിച്ചത് മനുഷ്യക്കടത്തിന് തുല്യമാണെന്നായിരുന്നു മന്ത്രാലയം വിലയിരുത്തിയത്. മനുഷ്യക്കടത്താണെന്ന രീതിയില്‍ തുടക്കത്തില്‍ സംസ്ഥാന ആഭ്യന്തരമന്ത്രി പ്രതികരിച്ചതും അതില്‍ മുസ്ലീംലീഗ് പ്രതിഷേധിച്ചതും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.
സംഭവത്തെക്കുറിച്ച് ഡി.ഐ.ജി എസ്. ശ്രീജിത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് കഴിഞ്ഞദിവസം ഇടക്കാലറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അനാഥാലങ്ങളെ നിയന്ത്രിക്കണമെന്ന് ശുപാര്‍ശയുണ്ടെങ്കിലും കുട്ടികളെ കടത്തി കൊണ്ടു വന്നതാണെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. കുട്ടികളെ കടത്തിക്കൊണ്ടുവന്നത് ക്രിമിനല്‍ കുറ്റമാണെന്ന നിലപാടായിരുന്നു ആദ്യം ഡി.ഐ.ജി സ്വീകരിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: