കണ്ണൂര്‍: ദേശീയ റബ്ബര്‍ നയം ആവിഷ്കരിക്കാനായി വിദഗ്ധ സമിതി രൂപീകരിക്കാനുള്ള കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ നീക്കം മലയോരത്തെ റബ്ബര്‍ കര്‍ഷകരില്‍ പ്രതീക്ഷയുണര്‍ത്തുന്നു. ദേശീയ റബ്ബര്‍ നയം രൂപീകരിക്കപ്പെടുന്നതോടെ റബ്ബര്‍ നയത്തിന് വ്യക്തതയും തെളിമയും ലഭിക്കുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നത്. റബ്ബറിന്റെ വില കുത്തനെ ഇടിഞ്ഞത് റബ്ബര്‍ കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയായിരുന്നു. വില കുത്തനെ ഇടിഞ്ഞതോടെ റബ്ബര്‍ ഉത്പാദനം തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ് കര്‍ഷകര്‍. ടാപ്പിങ്ങ് തൊഴിലാളികളുടെ കൂലി വര്‍ധനവ്, വളം, മറ്റ് അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം എന്നിവ മൂലം കാര്‍ഷിക മേഖല തന്നെ തകര്‍ന്ന മട്ടിലാണ്. വിലയിടിഞ്ഞതോടെ വര്‍ധിപ്പിച്ച ടാപ്പിങ്ങ് കൂലി നല്കി റബ്ബര്‍ ടാപ്പ് ചെയ്യാന്‍ കര്‍ഷകര്‍ മടിക്കുകയായിരുന്നു. ഇറക്കുമതിത്തീരുവ വെട്ടിക്കുറച്ച് അന്യ രാജ്യങ്ങളില്‍ നിന്നും വ്യാപകമായ തോതില്‍ റബ്ബര്‍ വന്‍ വ്യവസായികള്‍ ഇവിടെ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതോടെ ഇവിടെയും റബ്ബറിന്റെ വില ഇടിയുകയായിരുന്നു. കേരളസര്‍ക്കാര്‍ കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാന്‍ ചില പൊടിക്കൈകള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇവയൊന്നും യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്തില്ല. സ്വാഭാവിക റബ്ബറിന്റെ ഇറക്കുമതിയിലുള്ള ഘടനാപരമായ മാറ്റമാണ് റബ്ബര്‍ വിലയിടിവിന് കാരണമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. നേരത്തെ ഷീറ്റ് റബ്ബറായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോഴത് ബ്ലോക്ക് റബ്ബറിലേക്ക് മാറി. തായ്ലന്റ്, വിയറ്റ്നാം, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നെല്ലാം യാതൊരു നിയന്ത്രണവുമില്ലാതെ റബ്ബര്‍ ഇറക്കുമതി തുടങ്ങിയതോടെ 10 ലക്ഷത്തോളം വരുന്ന കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാവുകയായിരുന്നു. വന്‍ ടയര്‍ കമ്പനികള്‍ കൂടാതെ 6000ത്തോളം വരുന്ന ചെറുകിട-ഇടത്തരം റബ്ബര്‍ ഉത്പ്പന്ന നിര്‍മാതാക്കളും ആശങ്കയിലായിരുന്നു. വന്‍കിട ടയര്‍ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കൈക്കൊണ്ടുവന്നിരുന്നത്. വിലയിടിവ് മൂലം പൊറുതിമുട്ടുന്ന കേരളത്തിലെ കര്‍ഷകരെ സഹായിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ കര്‍ഷക സംഘടനകളോ ഇല്ലാത്ത സ്ഥിതിയായിരുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്ന വിദഗ്ധ സമിതിക്ക് ഏറ്റവും അടിത്തട്ടിലുള്ള കര്‍ഷകന്റെ പോലും ഹൃദയമിടിപ്പ് കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. എല്ലാത്തരം റബ്ബറിനും ബാധകമാകുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. വ്യവസായ മേഖലയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്ന എല്ലാ മന്ത്രാലയങ്ങളുടെയും പ്രതിനിധികള്‍ക്കൊപ്പം റബ്ബര്‍ കര്‍ഷകരും ഈ സമിതിയില്‍ ഉള്‍പ്പെടും.
റബ്ബറിന്റെ ആവശ്യകത വര്‍ഷംതോറും കൂടിക്കൂടി വരികയാണ്. എന്നാല്‍ വിലയില്‍ ചാഞ്ചാട്ടമാണുള്ളത്. ഇതുമൂലം പല തോട്ടം ഉടമകളും ഉത്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനൊരു പരിഹാരം കാണാനും ന്യായവില കര്‍ഷകര്‍ക്ക് ലഭ്യമാക്കാനും ഇതിനുള്ള നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും സര്‍ക്കാറിന് നല്‍കാനുള്ള ചുമതലയും ഈ സമിതിക്കുണ്ടാകും. ഇതുവഴി വ്യാപകമായ ഇറക്കുമതിയെ ഇല്ലാതാക്കാനും കര്ഷകന് ന്യായവില ലഭ്യമാക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
സി. വി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: