തിരുവനന്തപുരം: നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മുന്‍കൂര്‍ പണവും വായ്പയും നല്കുന്ന നടപടി കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡിനെ (കെഎംഎംഎല്‍) പ്രതിസന്ധിയിലേക്ക് നയിക്കുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കാലാകാലങ്ങളായി നഷ്ടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുതല്മുടക്കിയതുമൂലം കെഎംഎംഎല്ലിന് വെള്ളത്തിലായത് 98.72 കോടി രൂപയാണ്.
2008 മുതല്‍ 2013 വരെയുള്ള കാലയളവില്‍ കെഎംഎംഎല്‍ നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 43.05 കോടിരൂപയാണ് വായ്പ നല്‍കിയത്. രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളില്‍ 35 കോടി മുതല്‍മുടക്കി വായ്പ നല്കിയ സ്ഥാപനങ്ങളില്‍ നിന്ന് നാളിതുവരെ പലിശയോ മുതലോ ലഭിച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയത് നാളിതുവരെ ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത കേരള സംസ്ഥാന ടെക്സ്റ്റെയില്‍ കോര്‍പ്പറേഷനാണ്. 30 കോടി രൂപയാണ് 2010 – ല്‍ ടെക്സ്റ്റൈയില്‍ കോര്പ്പേഷന് വായ്പ നല്‍കിയത്. 22.5 കോടി രൂപ മുതല്മുടക്കുകയും ചെയ്തു. ഇതില്‍ 22.5 കോടി വായ്പയും 22.5 കോടി മുതല്‍മുടക്കും നടത്തിയ ടെകസ്റ്റെയില് കോര്‍പ്പറേഷനുകീഴിലുള്ള ആലപ്പുഴ കോമളപുരം ഹൈടെക് സ്പിന്നിംഗ് ആന്റ് വീവിംഗ് മില്‍സ,് കണ്ണൂര്‍ പിണറായി ഹൈടെക് വീവിംഗ് മില്‍സ്, കാസര്‍ഗോഡ് ഉദുമ ടെക്സ്റ്റെയില്സ്മില് എന്നിവ നാളിതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ടെക്സ്റ്റെയില്‍ കോര്പ്പറേഷന് നാളിതുവരെ പലിശയോ മുതലോ ആയി ഒരു തുകയും അടച്ചിട്ടുമില്ല. പലിശയിനത്തില്‍ മാത്രം കെഎംഎംഎല്ലിന് പ്രതിവര്‍ഷം 2.10 കോടിയാണ് നഷ്ടമായത്. കെഎംഎംഎല്‍ നല്കിയ 3.05 കോടി രൂപ വായ്പ പലിശ രഹിതവുമാണ്. നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയില്‍ നിന്നും കെറ്റിഡിഎഫ്സി 14.5 ശതമാനം നിരക്കില്‍ പലിശ ഈടാക്കുമ്പോഴാണ് കോടികള്‍ യാതൊരു മാനദണ്ഡവുമില്ലാതെ കെഎംഎംഎല്ലില്‍ നിന്നും ചോരുന്നത്.
മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കെഎംഎംഎല്‍ നല്കിയ 23.52 കോടി രൂപ തിരിച്ചുകിട്ടുക സംശയകരമാണ്. കേരള സംസ്ഥാന കശുവണ്ടി കോര്പ്പറേഷന് നല്കിയ 9.78 കോടിയും കശുവണ്ടി തൊഴിലാളി അപ്പെക്സ് സഹകരണസംഘത്തിന് നല്കിയ 2.36 കോടിയും ഇതില്‍പ്പെടുന്നു. ഇതില്‍ തന്നെ 0.34 കോടി കെഎംഎംഎല്‍ എഴുതിതള്ളുകയും 1.86 കോടി സംശയാസപദ വായ്പ എന്ന പട്ടികയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കോടികള്‍ വായ്പ നല്കുമ്പോള് കെഎംഎംഎല്‍ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുകയും പലിശ നല്‍കുകയുമാണ് ചെയ്യുന്നത്. 98.72 കോടി പുറത്തുനില്ക്കുമ്പോള് കഴിഞ്ഞ മാര്‍ച്ചില്‍ കെഎംഎംഎല്ലില്‍ 50 കോടിയാണ് ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തത്. കോടികള്‍ പലിശയിനത്തില്‍ ചെലവാക്കുകയും ചെയ്തു.
സി രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: