വാഷിംഗ്ടണ്‍: സെപ്തംബറില്‍ നടക്കുന്ന അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്തസമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബധോന ചെയ്തേക്കും.
മോദിയെ പ്രസംഗിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്പീക്കര്‍ ജോണ്‍ ബൊഹ്നെര്ക്ക് കത്തയച്ചു. പ്രസിഡന്റ് ബരാക് ഒബാമയുടെ ക്ഷണപ്രകാരം സെപ്തംബറില്‍ അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന മോദിയെ സംയുക്തസമ്മേളനത്തില്‍ ക്ഷണിക്കണമെന്നാണ് അംഗങ്ങളുടെ ആവശ്യം.
എല്ലാ തരത്തിലും അമേരിക്കയുടെ സുപ്രധാന പങ്കാളിയാണ് ഇന്ത്യ. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ ബന്ധങ്ങളില്‍ ദക്ഷിണേഷ്യയില്‍ ഇന്ത്യയെപ്പോലെ മറ്റൊരു പ്രധാനപ്പെട്ട പങ്കാളിയെ അമേരിക്കക്ക് ലഭിക്കില്ല. 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ ചരിത്രം രചിക്കുമെന്നും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ റോയിസ്, ജോര്‍ജ്ജ് ഹോള്‍ഡിംഗ് എന്നിവര്‍ സ്പീക്കര്‍ക്ക് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടി.
മോദിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. 2001- മുതല്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നാല്‍ വാണിജ്യപരമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ പിന്നിലാണെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. ഈ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യം ഏറെയാണെന്നും അംഗങ്ങള്‍ പറഞ്ഞു. സ്പീക്കര്‍ക്ക് അയച്ച കത്തിനോട് ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ലെങ്കിലും സെപ്തംബറില്‍ യുഎസ് സന്ദര്‍ശിക്കുന്ന നരേന്ദ്രമോദി കോണ്‍ഗ്രസ് സംയുക്തസമ്മേളനത്തില്‍ പ്രസംഗിക്കുമെന്നാണ് സൂചന. പ്രധാനമന്ത്രിയായി അധികാരമേറ്റതിനു തൊട്ടുപിന്നാലെ നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ചഭിനന്ദിച്ച ഒബാമ യുഎസ് സന്ദര്‍ശനത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: