കൊച്ചി: ഝാര്‍ഖണ്ഡില്‍നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തിക്കൊണ്ടുവന്ന സംഭവത്തില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്രയേറെ കുട്ടികളെ കൊണ്ടുവന്നത് അത്ര ലാഘവത്തോടെ കാണാനാവില്ല. ഇതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്, കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിലെ സര്‍ക്കാര്‍ നിലപാടിനെ അതിരൂക്ഷമായി വിമര്‍ശിച്ച ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റീസ് പി.ആര്. രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് സംഭവത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അഭിപ്രായപ്പെട്ടു. കേസില്‍ കക്ഷിചേര്‍ത്ത് സിബിഐയ്ക്കും കോടതി നോട്ടീസ് അയച്ചു.
പശ്ചിമ ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കുട്ടികളെ കടത്തിയതില്‍ സമഗ്ര അന്വേഷണംതേടി ‘തമ്പ്’ എന്ന സംഘടന നല്കിയ പൊതു താത്പര്യഹര്ജിയിലാണ് കോടതി നിരീക്ഷണം.
സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. 455 കുട്ടികള്‍ പെട്ടെന്ന് ഒരുദിവസം സംസ്ഥാനത്ത് എത്തുന്നത് ജാലവിദ്യയല്ല, ഉന്നതതല ഗൂഢാലോചനയുടെ ഫലമാണെന്ന് കോടതി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു.
കുട്ടികളുടെ രക്ഷിതാക്കളുടെ ഭാഗത്തു നിന്നാണ് ചിന്തിക്കുന്നത്. സിബിഐ അന്വേഷിക്കുന്നതില്‍ സര്‍ക്കാരിന് എന്തിനാണ് ആശങ്കയെന്നും കോടതി ചോദിച്ചു. അതേസമയം ഹര്‍ജിയില്‍ കക്ഷിചേരാന്‍ അനാഥാലയം നടത്തുന്ന സംഘടനയുടെ സെക്രട്ടറി ടി.കെ. പരീത് ഹാജി സമര്‍പ്പിച്ച ഉപഹര്‍ജി ഹൈക്കോടതി അനുവദിച്ചില്ല.
സംസ്ഥാനസര്‍ക്കാരിന് വേണ്ടി സാമൂഹ്യ ക്ഷേമവകുപ്പ് സെക്രട്ടറി എല്‍.എ. ഗ്രിഗോറിയോസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 455കുട്ടികളില്‍ 213കുട്ടികള്‍ അവരുടെ സംസ്ഥാനത്തേക്ക് അയച്ചതായും അതില്‍ 46കുട്ടികളെ മാതാപിതാക്കളോടൊപ്പം വിട്ടതായും മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികളെ അതത് സംസ്ഥാനങ്ങളിലെ ശിശുക്ഷേമസമിതികള്ക്ക് കൈമാറിയതായും വ്യക്തമാക്കി.
ഇത് സംബന്ധിച്ച് ക്രൈബ്രാഞ്ച് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലകുട്ടികളുടെയും രേഖകള്‍ വ്യാജമായിരുന്നുവെന്നും വ്യക്തമായി. അതേസമയം കുട്ടികളുടെ മുഴുവന്‍ രേഖകളും ഹാജരാക്കാതിരുന്നതിന് സര്‍ക്കാരിനെ കോടതി വിമര്‍ശിച്ചു. എന്താണ് രണ്ട് കേസുകള്‍ മാത്രം എടുത്തത്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ സംസ്ഥാനത്ത് എത്തിയത് ഒരു പിക്നിക്കിന്റെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ എടുത്തത്. പിക്ക്നിക് ആയാലും കൂടെ രക്ഷിതാക്കള്‍ ഉണ്ടാകുമല്ലോയെന്നും കോടതി ചോദിച്ചു. സിബിഐ അന്വേഷണത്തെ സംസ്ഥാനസര്‍ക്കാര്‍ എന്തിനാണ് ഭയക്കുന്നത്. വിവിധസംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തേണ്ട ഗൗരവമുള്ള കേസാണിത്. കുട്ടികളെ കൂട്ടംകൂട്ടമായി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത് സര്‍ക്കാര്‍ ഗൗരവമായിട്ടല്ല കാണുന്നത്. കുട്ടിക്കടത്തിലെ ഗൂഢാലോചന സര്ക്കാരിന്അറിയണ്ടെങ്കില് കോടതിക്കറിയണം. കോടതിക്ക് കുട്ടികളുടെ ഭാവിയില്‍ ആശങ്കയുണ്ട്. പോലീസിന് മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം കേസ് കാര്യമായി അന്വേഷിക്കുവാന്‍ ആകുന്നില്ല. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാ അനാഥാലയങ്ങളും അടച്ച് പൂട്ടണം. കുട്ടികളുടെ കാര്യത്തില്‍ കോടതിക്ക് ആശങ്കയുണ്ട്, കോടതി പറഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: