തിരുവനന്തപുരം: കായല്‍ കൈയേറി നിര്‍മിച്ച ഡിഎല്‍എഫ് ഫ്ളാറ്റിന്റെ പരിസ്ഥിതി അനുമതി റദ്ദാക്കിയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കൊച്ചിയിലെ ചിലവന്നൂര്‍ കായല്‍ കൈയേറിയാണ് ഫ്ലാറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തിനകം വിഷയത്തിലെ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തുടര്‍നടപടികള്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തീരദേശ നിയന്ത്രണ നിയമം ലംഘിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പി.ശ്രീരാമകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. ഡിഎല്‍എഫിന് ഫ്ളാറ്റ് നിര്‍മിക്കാന്‍ അനുമതി നല്‍കിയതില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആരോപിച്ചു. യുഡിഎഫ് മന്ത്രിസഭ അഴിമതിയുടെ ക്വട്ടേഷന്‍ സംഘമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഫ്ലാറ്റിന്റെ അനുമതിയും നിര്‍മാണവും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങി പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: