ബെലോ ഹൊറിസോന്റെ: ലോകകപ്പിന്റെ കറുത്ത കുതിരകളാകുമെന്ന് കരുതപ്പെടുന്ന ബെല്‍ജിയത്തിന് തകര്‍പ്പന്‍ വിജയം. 70 മിനിറ്റ് വരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ബെല്‍ജിയം പത്ത് മിനിറ്റിനിടെ രണ്ട് തവണ അള്‍ജീരിയന്‍ വല കുലുക്കിയാണ് ഗ്രൂപ്പ് എച്ചിലെ ആദ്യ പോരാട്ടത്തില്‍ ഗംഭീര വിജയം സ്വന്തമാക്കിയത്. ബെല്‍ജിയത്തിന് വേണ്ടി മൗറാന്‍ ഫെല്ലെയ്നിയും ഡാരിസ് മെര്‍ട്ടനും ഗോളുകള്‍ നേടിയപ്പോള്‍ അള്‍ജീരിയയുടെ ഗോള്‍ സോഫിയാനോ ഫിഗൗളിയ സ്വന്തമാക്കി.
മത്സരത്തിന്റെ തുടക്കം മുതല്‍ പന്തിന്മേല് ആധിപത്യം പുലര്‍ത്തിയത് ബല്‍ജിയമായിരുന്നു. ഈഡന് ഹസാര്‍ഡും റൊമേലു ലുകാകുവും നൈസര്‍ ചാഡ്ലിയും ഉള്‍പ്പെട്ട ബെല്‍ജിയം താരങ്ങള്‍ തുടര്‍ച്ചയായി അള്‍ജീരിയന്‍ ഗോള്‍മുഖത്തേക്ക് മുന്നേറ്റം നടത്തി. 16-ാം മിനിറ്റില്‍ ഡാനിയേല്‍ വാന്‍ ബുയ്റ്റന്റെ ഒരു ശ്രമം പാഴായി. തൊട്ടുപിന്നാലെ അള്‍ജീരിയയുടെ റിയാദ് മെഹ്റസും അവസരം പാഴാക്കി. പിന്നീട് 21-ാം മിനിറ്റില്‍ ബെല്‍ജിയം താരം ആക്സല്‍ വിറ്റ്സലിന്റെ ബോക്സിന് പുറത്തുനിന്നുള്ള വലംകാലന്‍ ഷോട്ട് അള്‍ജീരിയന്‍ ഗോളി രക്ഷപ്പെടുത്തി. 24-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ പെനാല്‍റ്റിയിലൂടെ പിറന്നു. സോഫിയാനോ ഫിഗൗളിയെ ബോക്സിനുള്ളില്‍ വച്ച് നൈസര്‍ ചഡ്ലി വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. സോഫിയാനോ ഫിഗൗളിയെടുത്ത കിക്ക് ബെല്‍ജിയം ഗോളി തിബ്യൂട്ട് കുര്ട്ടോയിയെ നിഷ്പ്രഭനാക്കി വലയില്‍ കയറി. തൊട്ടുപിന്നാലെ ബെല്‍ജിയത്തിന്റെ മൗസ ഡെംബെലെയും കെവിന് ഡിബ്രുയ്നും അവസരം പാഴാക്കി. വീണ്ടും തുടര്‍ച്ചയായി ആക്രമണമഴിച്ചുവിട്ട ബെല്‍ജിയം 34-ാം മിനിറ്റില്‍ മറ്റൊരു നല്ല അവസരം കൂടി നഷ്ടമാക്കി. മൗസ ഡെംബെലെയുടെ പാസില്‍ നിന്ന് ആക്സല്‍ വിറ്റ്സല്‍ ബോക്സിന് പുറത്തുനിന്ന് പറത്തിയ തകര്‍പ്പന്‍ ഷോട്ട് കോര്‍ണറിന് വഴങ്ങി അള്‍ജീരിയന്‍ ഗോളി രക്ഷപ്പെടുത്തി.
രണ്ടാം പകുതിയിലും ബെല്‍ജിയത്തിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ യാന്‍ വെര്ട്ടോഹനും ഡിവോക് ഒറിഗിയും ആക്സല്‍ വിറ്റ്സലും തുടര്‍ച്ചയായി അള്‍ജീരിയന്‍ ഗോള്‍മുഖത്ത് അപകടം വിതച്ചെങ്കിലും സമനില ഗോള്‍ വിട്ടുനിന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 70-ാം മിനിറ്റില്‍ ബെല്‍ജിയം അര്‍ഹിച്ച സമനില ഗോള്‍ പിറന്നു. ഇടതുവിംഗില്‍ നിന്ന് കെവിന് ഡിബ്രുയ്ന് നല്കിയ അളന്നുമുറിച്ച ക്രോസ് മൗറാന്‍ ഫെല്ലെയ്നി നല്ലൊരു ഹെഡ്ഡറിലൂടെ അള്‍ജീരിയന്‍ വലയിലേക്ക് തിരിച്ചുവിട്ടത് ക്രോസ്ബാറിന്റെ അടിയില്‍ത്തട്ടി ഉള്ളില്‍ക്കയറി. അധികം കഴിയും മുന്നേ ബെല്‍ജിയം ഡാരിസ് മെര്‍ട്ടന്‍സിലൂടെ ലീഡ് നേടി.
ഇടതുവിംഗില്‍ക്കൂടി മുന്നേറിയ ഈഡന് ഹസാര്‍ഡ് നല്കിയ പാസ് ബോക്സില്‍ നിന്ന് വെടിയുണ്ട കണക്കെയുള്ള ഷോട്ടിലൂയൊണ് മെര്‍ട്ടന്‍സ് വലയിലേക്ക് അടിച്ചുകയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: