ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശ് ഗവര്‍ണ്ണര്‍ ബി.എല്‍. ജോഷി രാജിവെച്ചു. രാജി രാഷ്ട്രപതി സ്വീകരിച്ചു. ഉത്തരാഖണ്ഡ് ഗവര്‍ണര്‍ക്കായിരിക്കും യുപിയുടെ ചുമതല. യുപിഎ സര്‍ക്കാര്‍ നിയമിച്ച മറ്റു ഗവര്‍ണ്ണമാരും രാജിവച്ചേക്കുമെന്നാണ് സൂചന.
കേന്ദ്ര സര്‍ക്കാരിന്റെ ഭരണം സുഗമമാകാന്‍ സംസ്ഥാനങ്ങളില്‍ ഭരണത്തോട് വിയോജിപ്പുള്ള ഗവര്‍ണ്ണമാര്‍ ആണെങ്കില്‍ തടസമുണ്ടാകാം. ഈ സാഹചര്യത്തില്‍ കേന്ദ്ര ഭരണം മാറുമ്പോള്‍ ഗവര്‍ണര്‍മാര്‍ രാജിവെക്കുക പതിവാണ്. ഈ പതിവനുസരിച്ച് ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ഗവര്‍ണ്ണമാരുടെ രാജി ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചില ഗവര്‍ണര്‍മാര്‍ രാജിക്കു വിസമ്മതിച്ചതായും ആഭ്യന്തരമന്ത്രാലയം രേഖാമൂലം ആവശ്യപ്പെട്ടാലേ രാജിനല്കൂ എന്ന നിലപാട് ചിലര്‍ സ്വീകരിച്ചതായും വിവരമുണ്ട്. യുപിഎ സര്‍ക്കാര്‍ നിയോഗിച്ച സജീവ രാഷ്ട്രീയക്കാരാണ് മിക്ക ഗവര്‍ണ്ണമാരും. മിക്കവരും കോണ്‍ഗ്രസ് നേതാക്കളോ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരോ ആണ്.
രാജിവെച്ച യുപി ഗവര്‍ണ്ണര്‍ 78 കാരനായ ബി.എല്‍. ജോഷി റിട്ട.ഐപിഎസ് ഓഫീസറാണ്. 2009 മുതല്‍ യുപി ഗവര്‍ണ്ണറാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന ഷീലാ ദീക്ഷിത്(കേരളം) മുന്‍ മന്ത്രിയും മലയാളിയുമായ കെ.ശങ്കരനാരായണന് (മഹാരാഷ്ട്ര) മുന്‍ രാജസ്ഥാന് മന്ത്രിയായ കമലാ ബേനിവാള്‍(ഗുജറാത്ത്) മുന്‍ മഹാരാഷ്ട്ര മന്ത്രിയായ സെയ്ദ് അഹമ്മദ്(ഝാര്‍ഖണ്ഡ്) മുന്‍ കേന്ദ്രമന്ത്രിയും മുന്‍ ലോക്സഭാ സ്പീക്കറുമായ ശിവരാജ് പാട്ടീല്‍(പഞ്ചാബ്), മുന്‍ കോണ്‍ഗ്രസ് എംപി അസീസ് ഖുറേഷി, മുന്‍ കേന്ദ്രമന്ത്രി രാജസ്ഥാന് ഗവര്‍ണ്ണര്‍ മാര്‍ഗരറ്റ് ആല്‍വ, മുന്‍ ആന്ധ്രാ മുഖ്യമന്ത്രി കെ. റോസയ്യ, മുന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് എം. കെ. നാരായണന്(പശ്ചിമ ബംഗാള്‍) കര്‍ണ്ണാടകാ ഗവര്‍ണ്ണര്‍ എച്ച്. ആര്. ഭരദ്വാജ്, ആസാം ഗവര്‍ണ്ണര്‍ ജെ.ബി. പട്നായിക്, ത്രിപുര ഗവര്‍ണര്‍ ദേവാനന്ദ് കന്‍വര്‍ തുടങ്ങിയവരാണ് യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണ്ണമാര്‍. ഇതില്‍ ഷീലാ ദീക്ഷിത് രാജിവയ്ക്കാന്‍ വിസമ്മതിച്ചതായാണ് വിവരം. മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണനും ഷീലാ ദീക്ഷിതും രേഖാമൂലം ആവശ്യപ്പെട്ടാലേ രാജിവെയ്ക്കൂയെന്നാണ് നിലപാടാണ് എടുത്തത്. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെത്തുടര്‍ന്ന് ഈ മാര്‍ച്ചിലാണ് ഷീലാ ദീക്ഷിതിനെ കേരളാ ഗവര്‍ണ്ണറായി നിയമിച്ചത്.യുപിഎ സര്‍ക്കാരിെന്റ കാലത്ത് പക്ഷപാതപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും പ്രതിപക്ഷത്തോട് മാന്യതയില്ലാതെ പെരുമാറുകയും ചെയ്തവരാണ് ഇവരില്‍ പല ഗവര്‍ണ്ണമാരും.
വാജ്പേയ് സര്‍ക്കാര്‍ നിയമിച്ചവരെ യുപിഎ പുറത്താക്കിയിരുന്നു
ന്യൂദല്‍ഹി: ഗവര്‍ണ്ണമാരുടെ രാജിതേടിയ മോദി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും വേട്ടയാടുകയാണെന്നും ഭരണഘടനാപരമായ പദവികളിലുള്ളവരോടാണ് രാജി തേടിയതെന്നും മറ്റുമാണ് കോണ്‍ഗ്രസ് പറയുന്നത്. അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ച അഞ്ചു ഗവര്‍ണ്ണര്‍മാരെ ഒറ്റയടിക്ക് പുറത്താക്കിയ ചരിത്രമാണ് കോണ്‍ഗ്രസിന്, പ്രത്യേകിച്ച് യുപിഎ സര്‍ക്കാരിന് ഉള്ളത്. 2004 ല്‍എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ആര്‍എസ്എസ് ബന്ധം ആരോപിച്ചാണ് ഗവര്‍ണ്ണര്‍മാരെ പുറത്താക്കിയത്. വിഷ്ണു കാന്ത് ശാസ്ത്രി(യുപി) കൈലാസപതി മിശ്ര (ഗുജറാത്ത്) ബാബു പരമാനന്ദ് (ഹരിയാന) കേദാര്‍ നാഥ് സാഹ്നി (ഗോവ) എന്നിവരെയാണ് പുറത്താക്കിയത്. അടുത്തിടെ മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി അശോക് ചവാനെ ആദര്‍ശ് ഭവന നിര്‍മ്മാണ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് രക്ഷിക്കാന്‍ ഗവര്‍ണ്ണര്‍ കെ ശങ്കരനാരായണന് വഴിവിട്ട് കളിച്ചത് വിവാദമായിരുന്നു. അന്ന് ശങ്കരനാരായണനെ പുറത്താക്കാന്‍ ബിജെപി ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ രാജസ്ഥാന് ഗവര്‍ണ്ണര്‍ മാര്‍ഗരറ്റ് ആല്‍വ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു. അവര്‍ രാഷ്ട്രപതിയെ കാണാനും ശ്രമിക്കുന്നുണ്ട്. ബംഗാള്‍ ഗവര്‍ണ്ണര്‍ എം.കെ. നാരായണന്റെ പ്രവര്‍ത്തനം ഒട്ടും തൃപ്തികരമായിരുന്നില്ലയെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. തൃണമൂല്‍ കോണ്‍ഗ്രസുമായും അടുത്ത ബന്ധമുള്ളയാളാണ് നാരായണന്. ഭരദ്വാജും ജെ.ബി. പട്നായിക്കും ഇന്നലെ രാഷ്ട്രപതിയെ കണ്ടു. ഒറീസ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമാണ് പട്നായിക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: