കോട്ടയം: കോട്ടയം ജില്ലയില്‍ മദ്യ ദുരന്തമുണ്ടാകാനിടയുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ചങ്ങനാശേരി മേഖലകളിലെ കള്ളുഷാപ്പുകളിലേക്ക് പാലക്കാട്ടുനിന്നും കൊണ്ടുവരുന്ന കള്ളില്‍ സ്പിരിറ്റ് കലര്‍ത്തി വില്‍ക്കുന്നുവെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്തെ 418 ബാറുകള്‍ക്ക് താഴുവീണപ്പോള്‍ മുതല്‍ ചങ്ങനാശേരിയിലെ ചില കള്ളുഷാപ്പുകളില്‍ തിരക്കേറിയിരുന്നു. ജില്ലയിലെ മറ്റ് കള്ളുഷാപ്പുകളിലില്ലാത്ത തിരക്ക് ഇവിടെ അനുഭവപ്പെടാന്‍ കാരണമെന്തെന്ന് അന്വേഷിച്ച രഹസ്യാന്വേഷണ വിഭാഗം സ്പിരിറ്റ് ചേര്‍ത്ത കള്ളാണ് ഈ വിവാദ ഷാപ്പുകളില്‍ വില്‍ക്കുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി എം.പി ദിനേശ്, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മനോഹരന് എന്നിവര്‍ക്ക് വിശദമായ റിപ്പേര്‍ട്ടും നല്കി്. എന്നാല്‍ റിപ്പോര്‍ട്ട് നല്കി പത്ത് ദിവസം കഴിഞ്ഞിട്ടും അധികൃതര്‍ ചങ്ങനാശേരിയിലെ വിവാദ ഷാപ്പുകളില്‍ പരിശേധന നടത്താത്തത് ആക്ഷേപത്തിന് വഴിവച്ചിരിക്കുകയാണ്.
രഹസ്യാന്വേഷണ വിഭാഗത്തെക്കൊണ്ട് ഇത്തരം ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിക്കുകയും രഹസ്യമാക്കി വയ്ക്കേണ്ട ഇത്തരം റിപ്പോര്‍ട്ടുകള്‍ പരസ്യമാക്കുകയും ചെയ്തത് ബാര്ലോബിയാണെന്നാണ് എക്സൈസ് വിഭാഗം കരുതുന്നത്. ഇതിനാലാണത്രേ മാസങ്ങള്‍ക്ക് മുന്‍പ് പൂട്ടിപ്പോയ ഒരു കള്ളുഷാപ്പിലും ഇപ്പോഴും സ്പിരിറ്റ് കലര്‍ത്തിയ കള്ള് വില്‍ക്കുന്നതായി തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതെന്ന് എക്സൈസിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്താണെങ്കിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലോക്കല്‍ പോലീസിനും എക്സൈസിനും തലവേദനയായിരിക്കുകയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: