കണ്ണൂര്‍: തീരദേശ നിയമങ്ങള്‍ ലംഘിച്ച് കണ്ണൂര്‍ പയ്യമ്പലം കടല്‍ത്തീരത്ത് നിരവധി ഫ്ലാറ്റുകള്‍ ഉയരുന്നു. മുനിസിപ്പല്‍ അധികൃതര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയും പണം കൊടുത്ത് സ്വാധീനിച്ചുമാണ് നിര്‍മ്മാണം . ഡിഎസ്സി സെന്റര്‍ ഉള്‍പ്പടെ തന്ത്ര പ്രധാന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് പയ്യാമ്പലം കടല്‍ തീരം. ചില സാമൂഹ്യപ്രവര്‍ത്തകര്‍ നല്കിയ പൊതുതാല്പര്യ ഹര്ജിപരിഗണിച്ച് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവുണ്ടായിട്ടും യാതൊരു തടസ്സവുമില്ലാതെ ഫ്ലാറ്റുകള്‍ ഉയരുകയാണ്.
പതിനെട്ട് നില ഫാളാറ്റ് സമുച്ചയം ഉയരുന്നത് മറ്റൊരു കേസിലെ വിധി കാണിച്ചാണ്. പതിനൊന്ന് നിലയില്‍ നിന്നും പതിനെട്ട് നില ഫ്ലാറ്റ് നിര്‍മ്മിക്കാന്‍ അനധികൃതമായി അനുവാദം നല്‍കിയതിന് അന്നത്തെ മുനിസിപ്പല്‍ സെക്രട്ടറിയെ സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. എന്നാല്‍ തെറ്റായ വിവരങ്ങള്‍ നല്കി ഫ്ലാറ്റ് നിര്‍മ്മിച്ച കെട്ടിട ഉടമയുടെ പേരില്‍ കേസെടുക്കാത്തത് ഏറെ വിവാദമായിരുന്നു. ഇപ്പോള്‍ ചില മന്ത്രിമാരെ സ്വാധീനിച്ച് അനധികൃതമായി നിര്‍മ്മിച്ച ഏഴ് നിലകള്‍ നിയമവിധേയമാക്കാന്‍ ശ്രമിക്കുകയാണ്.
പയ്യാമ്പലം മിലിട്ടറി ആശുപത്രിക്ക് സമീപം നിര്‍മ്മിക്കുന്ന കെട്ടിടവും അനധികൃതമാണ്. കടല്‍ത്തീരത്ത് നിന്നും 420 മീറ്റര്‍പരിധിയില്‍ നിര്‍മ്മിക്കുന്ന ഈ കെട്ടിടത്തിന് സിആര്‍സെഡ് അനുമതിയില്ല. ആര്‍മി അധികൃതര്‍ നല്കിയ പരാതിയുടെ പേരില്‍ ഹൈക്കോടതിയില്‍ രണ്ട് കേസുകള്‍ നിലവിലുണ്ട്. സിആര്‍സെഡ് അനുമതി ലഭിക്കില്ലെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഉടമസ്ഥര്‍ ഫ്ലാറ്റ് നിര്‍മ്മാണം ആരംഭിച്ചത്.
ആയിക്കര മത്സ്യമാര്‍ക്കറ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ പത്തൊന്‍പത് നില ഫ്ലാറ്റ് സമുച്ചയം ഉയരുന്നതും അനധികൃതമായാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംസ്ഥാന മലിനീകരണ ബോര്‍ഡിന്റെയും എന്‍ഒസി ഇല്ലാതെയാണ് കെട്ടിട നിര്‍മ്മാണത്തിന് കണ്ണൂര്‍ നഗരസഭ അനുമതി നല്‍കിയതെന്ന് ചീഫ് ടൗണ്‍ പ്ലാനര്‍ (വിജിലന്‍സ്) അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ കെട്ടിടത്തിന് ഒക്കുപ്പെന്‍സി നല്‍കരുതെന്ന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. മുനിസിപ്പാലിറ്റി പെര്‍മിറ്റ് നല്‍കുന്നതിന് മുന്‍പ് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെയും സംസ്ഥാന മലിനീകരണ ബോര്‍ഡിന്റെയും എന്‍ഒസി നേടിയെടുക്കേണ്ടതാണ്. എന്‍ഒസി പുതിയ തീയ്യതിയില്‍ വാങ്ങിയെടുക്കാനും സാധ്യമല്ല.
കെട്ടിട നിര്‍മ്മാണത്തിന് തടസ്സം നേരിട്ടാല്‍ ലക്ഷങ്ങള്‍ ചെലവിട്ട് ഫ്ലാറ്റുകള്‍ വാങ്ങിയവരെയാണ് ബാധിക്കുക. എന്നാല്‍ ഫ്ലാറ്റുകള്‍ വാങ്ങാനെത്തുന്നവരെ ഉടമസ്ഥര്‍ ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ അറിയിക്കാറില്ല. മുനിസിപ്പാലിറ്റിയില്‍ നിന്നും ബന്ധപ്പെട്ട മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും മതിയായ അനുമതിപത്രം ലഭിച്ചിട്ടുണ്ടെന്ന ഉറപ്പിലാണ് ആളുകള്‍ ഫ്ലാറ്റുകള്‍ വാങ്ങുന്നത്. എന്നാല്‍ ഒന്നിലേറെ കേസ്സുകള്‍ നിലവിലുണ്ടായിട്ടും ഉടമസ്ഥര്‍ നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുകയാണ്. ഫ്ലാറ്റ് നിര്‍മ്മാണം നിലച്ചാല്‍ ലക്ഷങ്ങള്‍ അഡ്വാന്‍സ് തുക നല്കിയവര് നിയമനടപടിക്കു മുതിരുമെന്ന് ഉടമസ്ഥര്‍ക്ക് ആശങ്കയുണ്ട്. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നീക്കങ്ങളാരംഭിച്ചിട്ടുണ്ട്.
കണ്ണൂരില്‍ പയ്യാമ്പലമുള്പ്പടെയുള്ള തീരദേശ മേഖലകളില്‍ 500 മീറ്ററിനുള്ളില്‍ പണിയുന്ന കെട്ടിടങ്ങള്‍ മിക്കതും തീരദേശ ചട്ടങ്ങള്‍ പാലിക്കാതെയുള്ളതാണ്. നിയമം ലംഘിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ച് നീക്കുകയെന്നതാണ് നിലവിലുള്ള നിയമം. കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലും തൊട്ടടുത്ത പഞ്ചായത്തിലും കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയതില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്.
കെ. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: