ബംഗാളില്‍ പലേ കീര്‍ത്തന ഗായകന്മാരുണ്ടായിരുന്നു. അവരുടെ ഗാനങ്ങള്‍ ജനങ്ങളുടേയിടയില് പ്രചാരത്തിലിരിക്കുന്നു. കല്‍ക്കത്തയിലെ തെരുവുകളിലും എല്ലാ നാട്ടിന്‍പുറങ്ങളിലും ആളുകള്‍ അവ പാടുന്നു. അവയിലധികവും മതസംബന്ധികളായ പാട്ടുകളാണ്. അവയുടെയെല്ലാം മുഖ്യമായ പല്ലവി മോക്ഷകാംക്ഷയത്രേ. ഇതു ഭാരതീയ മതങ്ങളുടെയൊക്കെ ഒരു സവിശേഷതയായിട്ടുതന്നെ കരുതാം. ഈ ആശയം വിശ്വസിക്കാത്ത ഒരൊറ്റ മതഗ്രന്ഥവും ഭാരതത്തിലില്ല. മനുഷ്യന് ഈശ്വരനെ സാക്ഷാത്കരിക്കണം, ഭഗവാനെ സ്പര്‍ശിക്കണം, കാണണം. സര്‍വ്വേശ്വരനുമായി സംഭാഷണം ചെയ്യണം; അതാണ് മതം. ഈശ്വരദര്‍ശനം സാധിച്ച മഹാന്മാരുടെ മഹനീയ ചരിതംകാണ്ടു മുഖരിതമാണ് ഭാരതാന്തരീക്ഷം. അത്തരം സിദ്ധാന്തങ്ങളാണ് മതത്തിന്റെ അസ്തിവാരം. ഈ പഴയ ഗ്രന്ഥങ്ങളും ശാസ്ത്രങ്ങളുമെല്ലാം അദ്ധ്യാത്മതത്ത്വങ്ങളെ സാക്ഷാത്കരിച്ച ആപ്തപുരുഷന്മാരുടെ അനുഭവരേഖകളാണ്. മസ്തിഷ്കത്തിനുവേണ്ടി രചിച്ചിട്ടുള്ളവയല്ല ഈ ഗ്രന്ഥങ്ങള്‍. യുക്തിചിന്തയ്ക്ക് അവയെ ഒട്ടു മനസ്സിലാക്കാനും ഒക്കില്ല. കാരണം, തങ്ങളെഴുതുന്ന കാര്യങ്ങളെ നേരിട്ടനുഭവിച്ച മഹാന്മാരാണ് അവയെഴുതിയിട്ടുള്ളത്. ആ നിലയ്ക്ക് സ്വയം ഉയര്ന്നെത്തിയിട്ടുള്ളവര്ക്കേ അവ മനസ്സിലാക്കാനും സാധിക്കൂ.
-സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: