ബ്രസീലിയ: ആവേശപ്പോരാട്ടത്തില്‍ സ്വിറ്റ്സര്‍ലന്റിന് വിജയം. ഇന്നലെ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്വിസ് പട ഇക്വഡോറിനെ കീഴടക്കിയത്. അത്യന്തം ആവേശകരമായ മത്സരത്തില്‍ ഇക്വഡോറിന് വേണ്ടി 22-ാം മിനിറ്റില്‍ എനര് വലന്‍സിയയും സ്വിറ്റ്സര്‍ലന്റിന് വേണ്ടി 44-ാം മിനിറ്റില്‍ അഡ്മിര്‍ മഹ്മദിയും ഇഞ്ച്വറി സമയത്ത് ഹാരിസ് സെഫറോവിക്കും ഗോളുകള്‍ നേടി.
ആദ്യപകുതിയില്‍ സ്വിറ്റ്സര്‍ലന്റിനായിരുന്നു മുന്‍തൂക്കം. എന്നാല്‍ ആദ്യ മുന്നേറ്റങ്ങള്‍ നടത്തിയത് ഇക്വഡോറിനായിരുന്നു. ആദ്യ നാല് മിനിറ്റിനിടെ രണ്ട് കോര്‍ണറുകള്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്തു. ആറാം മിനിറ്റില്‍ സ്വിസ് ഒരു മുന്നേറ്റം നടത്തിയെങ്കിലും സ്റ്റീഫന്‍ ലിച്ച്സ്റ്റൈനറുടെ ഷോട്ട് പുറത്തേക്ക് പറന്നു. പിന്നീട് 13-ാം മിനിറ്റില്‍ ഗ്രാനിറ്റ് ഷാക്കയും 16-ാം മിനിറ്റില്‍ ഷെര്ദാന് സാക്കിരിയും ഓരോ അവസരങ്ങള്‍ പുറത്തേക്ക് അടിച്ചുകളഞ്ഞു. തൊട്ടുപിന്നാലെ ഇക്വഡോര്‍ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ അന്റോണിയോ വലന്‍സിയ പായിച്ച ഷോട്ട് സ്വിസ് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. 22-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. വാള്‍ട്ടര്‍ അയോവിയുടെ തകര്‍പ്പന്‍ ക്രോസ് ക്ലോസ്റേഞ്ചില്‍ നിന്ന് നല്ലൊരു ഹെഡ്ഡറിലൂടെ എനര് വലന്‍സിയ സ്വിസ് വല കുലുക്കി. ലീഡ് വഴങ്ങിയതോടെ സ്വിസ് താരങ്ങള്‍ നിരവധി തവണ എതിര് ഗോള്‍മുഖം ലക്ഷ്യമാക്കി ശക്തമായ ആക്രമണം നടത്തിയെങ്കിലും അവയെല്ലാം ഇക്വഡോറിന്റെ പ്രതിരോധത്തില്‍ത്തട്ടിത്തെറിച്ചു. ഇതിനിടെ ഇക്വഡോറും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിയാതിരുന്നതോടെ ആദ്യപകുതി 1-0ന് കലാശിച്ചു.
ആദ്യപകുതിയെപ്പോലെ തന്നെ രണ്ടാം പകുതിയിലും സ്വിറ്റ്സര്‍ലന്റിനായിരുന്നു മുന്‍തൂക്കം. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 48-ാം മിനിറ്റില്‍ സ്വിസ് സമനില പിടിച്ചു. റിക്കാര്‍ഡോ റോഡ്രിഗസ് നല്കിയ നല്ലൊരു ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ അഡ്മിര്‍ മെഹ്മദിയാണ് ഇക്വഡോര്‍ വല കുലുക്കിയത്. തൊട്ടുപിന്നാലെ സ്വിസ് ക്യാപ്റ്റന്‍ ഗോഖന്‍ ഇന്ലറുടെ ഷോട്ട് പുറത്തേക്ക് പറന്നു. 52-ാം മിനിറ്റില്‍ ഇക്വഡോറിന്റെ ക്രിസ്റ്റ്യന്‍ നൊബോവ നല്കിയ ക്രോസിന് ഫ്രിക്സണ്‍ എരാസോ തലവച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നീട് 61-ാം മിനിറ്റില്‍ ഇക്വഡോറിന്റെ ക്രിസ്റ്റ്യന്‍ നൊബോവയുടെ വലംകാലന്‍ ഷോട്ടും 67-ാം മിനിറ്റില്‍ ഇക്വഡോറിന്റെ മൊണ്ടേരിയോ ബോക്സില്‍ നിന്ന് പായിച്ച ഇടംകാലന്‍ ഷോട്ട് സ്വിസ് ഗോളി രക്ഷപ്പെടുത്തി. 85-ാം മിനിറ്റില്‍ ഇക്വഡോറിന് ഫ്രീകിക്ക് ലഭിച്ചു. മൈക്കല്‍ അരോയോ എടുത്ത കിക്ക് സ്വിസ് പ്രതിരോധമതിലിന് ഇടയിലൂടെ വലയിലേക്ക് കുതിച്ചെങ്കിലും സ്വിസ് ഗോളി രക്ഷപ്പെടുത്തി. എന്നാല്‍ ഇഞ്ച്വറി സമയത്ത് സ്വിറ്റ്സര്‍ലന്റിന്റെ ഹാരിസ് സെഫറോവിക്ക് ടീമിനെ വിജയത്തിലേക്ക് നയിച്ച ഗോള്‍ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: