അസംതൃപ്തമായ ഒരു സന്ധ്യയുടെ ഓര്മ. ഹോസ്റ്റല്‍ മുറികളില്‍ ചിലതില്‍ മാത്രമേ പ്രകാശമുണ്ടായിരുന്നുള്ളൂ. തുറന്നിട്ട ജനലിനപ്പുറം വിഷാദക്കറുപ്പ് കലര്‍ന്ന ആകാശം. സ്നാനം കഴിഞ്ഞ ഈറനോടെ പ്രകൃതിയും.
കൂടിക്കാഴ്ചകളുടെ പതിവ് വിസ്മരിച്ച സന്ധ്യ കൂടെയായിരുന്നു അത്. ആഴ്ചാന്ത്യമായിരുന്നതുകൊണ്ട് നഗരത്തിലാകും ഭൂരിപക്ഷവും. കോഫി ഹൗസില്‍ പാര്‍ക്കില്‍ ബാറില്‍ ബീച്ചില്‍ തിയേറ്ററില്‍.
നഗരകാപട്യങ്ങള്‍ കണ്ട് നടക്കുന്നതിലും ഭേദമല്ലേ ഇത്തരം ദൃശ്യങ്ങളുടെ കാഴ്ചക്കാരനാകുന്നത്. നഗരത്തില്‍ ഇത്തരമൊരു ആഹ്ലാദം പകരാനാകുമോ? അനുഭവം ഇല്ലെന്ന് പറയുന്നു.
ജനലിന് മുന്നിലിക്കുകയായിരുന്ന എന്റെ തോളില്‍ സേതുരാമന്റെ വിരല്‍ സ്പര്‍ശം.
“അറിഞ്ഞില്ലേ നമ്മുടെ മുഹമ്മദ് സാലി……”
സേതുരാമന്റെ വാക്കുകള്‍ക്ക് മുന്നില്‍ ഞാനൊരു നിമിഷം ജീവനൊഴിഞ്ഞ ദേഹം പോലിരിക്കുന്നു. പിന്നെ എല്ലാ ചിന്തകളുടേയും തടവറകള്‍ ഭേദിച്ച് സേതുരാമന് പിറകെ അയാളുടെ നിഴലെന്നോണം ഹോസ്റ്റലിന്റെ ഇരുണ്ട ഇടനാഴികളിലൂടെ…
അസുഖകരമായ ഒരു കാഴ്ചയിലാണ് ഇപ്പോളെന്റെ കണ്ണുകള്‍. ഫാനിന്റെ നിശ്ചലതയില്‍ മുഹമ്മദ് സാലി തൂങ്ങി നില്ക്കുന്നു…..
ഞങ്ങള്‍ ആത്മഹത്യയുടെ കാരണം അന്വേഷിച്ച് അവന്റെ പുസ്തകങ്ങള്‍ തുറക്കുന്നു. മേശ തുറക്കുന്നു. അലമാര തുറക്കുന്നു. ചില ജീവഹത്യകള്‍ വാക്കുകളെങ്കിലും ശേഷിക്കാറുണ്ടല്ലോ.
മുഹമ്മദ് സാലിയുടെ ആത്മഹത്യ ഞങ്ങള്‍ക്കന്നും ഇന്നുമൊരു സമസ്യയാണ്. ഹോസ്റ്റലിന്റെ ഉണര്‍ച്ചയായിരുന്നു മുഹമ്മദ് സാലി. അജ്ഞാനികള്ക്കിടയിലെ ജ്ഞാനിയുടെ ബോധപൂര്‍വമായ ഒളിച്ചോട്ടം. ഇനി മുഹമ്മദ് അലി ഞങ്ങളുടെ നിത്യദുഃഖവും ഓര്‍മകളിലെ ഉണങ്ങാത്ത മുറിവുമാകുന്നു.
കാമ്പസ് ആദ്യമായാണോ ഇത്തരമൊരു ദുരന്തത്തിന് പശ്ചാത്തലമാകുന്നത്. ഇല്ല. ഇങ്ങനെ എത്രയെത്ര അനാഥത്വങ്ങളെയാണ് കാലം കാമ്പസിനെ ഏല്‍പ്പിച്ച് പോകുന്നത്.
**********************
ഒരു വാഹനപകടത്തില്‍ പെട്ട് മരണത്തെ മുഖാമുഖം കണ്ട് കിടക്കുന്ന ബസുവിനെ കാണുവാനായി പോകുകയായിരുന്നു ഞാന്‍.
റോഡിന്റെ വലതുഭാഗത്തെ റെയില്‍ പാളത്തില്‍ ശിരസ്സറ്റ ഒരു ചെറുപ്പക്കാരന്റെ ദേഹം. ബസ്സിനുള്ളില്‍നിന്ന് അനേകം തലകള്‍ പുറത്തേക്ക്.
പിന്നെ സഹതാപവാക്കുകളുടെ ഘോഷമായിരുന്നു ബസ്സ് നിറയെ. ഞാന്‍ മാത്രം എന്റെ ഇരിപ്പിടത്തില്‍ നിശ്ശബ്ദായിരുന്നു. സഹതാപങ്ങളുടെ അവസാനം സമൂഹത്തിന്റെ പ്രതികരണത്തിന് വിരാമമാകുന്നു. എന്തും സഹ്യയായ അമ്മയാകുന്നു സമൂഹം.
ബന്ധുവായ രോഗിയോട് ഒന്നും പറയാന്‍ കഴിഞ്ഞില്ല. മനസ്സില്‍ റെയില്‍ പാളവും ശിരസ്സറ്റ ചെറുപ്പക്കാരനുമുണ്ടായിരുന്നത് കൊണ്ട്…..
അന്ന് രാത്രി ഞാന്‍ കണ്ട സ്വപ്നത്തിലും റെയില്‍ പാളവും ശിരസ്സറ്റ ചെറുപ്പക്കാരനുമാണുണ്ടായിരുന്നത്.
ആത്മഹത്യ ഇന്നൊരു നാവിനും വിഷയമാകുന്നില്ല.
പ്രതീക്ഷകള്‍ തീപിടിക്കുമ്പോള്‍. പ്രണയങ്ങള്‍ക്ക് പൂര്‍ണത ലഭിക്കാതെ വരുമ്പോള്‍. ദാരിദ്ര്യത്തെ ജയിക്കാനാകാതെ വരുമ്പോള്‍ ആത്മഹത്യ പരിഹാരമാകുന്നു. വിവേകത്തിന്റെ സൂര്യന് ഉദിക്കാത്ത മസ്തിഷ്ക്കങ്ങള്‍ക്ക് ആത്മഹത്യ അന്ത്യവാക്കാകുന്നു.
**********************
ജോണ്‍ എബ്രഹാമിന്റെ ‘അമ്മ അറിയാന്‍’ എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രമായ ഹരിയുടെ ആത്മഹത്യ അറിയുന്ന സുഹൃത്തിന്റെ ഉമ്മ പറയുന്നുണ്ട്.
“ഇന്നാലില്ലാഹി വ ഇന്നാ ഇലയ് ഹിറാജി ഊന്. എന്തിനാ പടച്ചവനേ ഈ വാല്യക്കാരൊക്കെ ഇങ്ങനെ ആത്മഹത്യ ചെയ്യുന്നത്.”
ഇന്ന് സമൂഹത്തിലെ ഓരോ അമ്മയും ഈ സംഭാഷണത്തിന്റെ പ്രതിധ്വനികളാണ്.
****************
മലയാള കവിതയിലെ നിത്യവസന്തമായ ചങ്ങമ്പുഴ. കഥാകൃത്തുക്കളായ രാജലക്ഷ്മിയും നന്തനാരും ടി.പി. കിഷോറും. റഷ്യന്‍ വിപ്ലവത്തിന്റെ ആത്മാവും ഹൃദയവുമായിരുന്ന വ്ലാദ്മിര്‍ മയക്കോവസ്ക്കി. ലോകസാഹിത്യത്തിലിന്നുമൊരു വിസ്മയമായ ഹെമിംങ്ങ്വേ. ജപ്പാന് എഴുത്തുകാരനായ യുക്കിയോമിഷിമ എന്നിവര്‍ ആത്മഹത്യയിലൂടെയാണ് ജീവിതാന്ത്യം കുറിച്ചത്. ഒരു പ്രണയപരാജയമാണ് കവി ഇടപ്പള്ളിയുടെ ആത്മഹത്യക്ക് കാരണം.
ദേശീയ ക്രൈംബ്യൂറോയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നത് കേരളത്തിലാണെന്നാണ്. പുരുഷന്മാരാണ് കൂടുതലും ആത്മഹത്യചെയ്യുന്നത്. ഭാരതത്തില്‍ ഏറ്റവും കുറഞ്ഞ ആത്മഹത്യ നിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനം ജമ്മുകാശ്മീരാണ്.
പ്രതാപസന്താനങ്ങള് വിദ്യാനിധി തേടി പോകുന്ന റസിഡന്‍ഷ്യല്‍ സ്കൂള്‍ വരെ ഈ വ്യാധിയില്‍ നിന്ന് മോചിതമല്ല.
ചിലര്‍ക്ക് ആത്മഹത്യ നിലവിലുള്ള വ്യവസ്ഥിതിയോടുള്ള പ്രതിഷേധമാണ്.
***********************
ആത്മഹത്യാ നിവാരണം ലക്ഷ്യമാക്കി ലണ്ടനിലൊരു സംഘടനയുണ്ട്. ‘സമരിറ്റന്‍സ്’ എന്ന് പേരുള്ള ഈ സംഘടന നിലവില്‍ വന്നത് 1953 ലാണ്. റവ. ചാസ്വാറായാണ് ഈ സംഘടനയുടെ പിതാവ്. കേരളത്തിലും ഈ സംഘടനക്കൊരു ശാഖയുണ്ട്. തിരുവനന്തപുരത്ത് റാണി ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയാണ് തിരുവനന്തപുരത്തെ ‘സമരിറ്റന്‍സി’ ന്റെ അധ്യക്ഷ. കേരളത്തില്‍ ‘സമരിറ്റന്‍സ്’ എന്നറിയപ്പെടുന്ന ഈ സംഘടന ദല്‍ഹിയില്‍ സഞ്ജീവനിയും മദ്രാസില്‍ സ്നേഹയും ബാംഗ്ലൂരില്‍ ഹെല്പിങ്ങ് ഹാന്‍സുമാണ്.
സ്നേഹമാണ് സമരിറ്റന്‍സ് ആത്മഹത്യാ നിവാരണത്തിന് അവലംബിക്കുന്ന ചികിത്സാരീതി. ആത്മഹത്യാ നിവാരണത്തിനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം മാത്രമാണ് ഈ സംഘടനയില്‍ പ്രവര്‍ത്തിക്കാനുള്ള യോഗ്യത. സ്വിസ് പോസ്റ്റോഫീസുകളില്‍ ഇത്തരം സംഘടനകളുമായി ബന്ധപ്പെടുന്നതിനുള്ള ഫോണ്‍കോളുകള്‍ സൗജന്യമാണ്.
ആരോഗ്യസംരക്ഷണ വകുപ്പ് ആത്മഹത്യയെക്കുറിച്ച് സൂക്ഷിക്കുന്ന കണക്കുകള്‍ അപൂര്‍ണങ്ങളാണ്. ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതത്ര ഗുരുതരമായ പ്രശ്നമല്ല. പക്ഷേ സ്ഥിതിവിവരണ കണക്കുകളിലൂടെ കണ്ണോടിക്കുമ്പോള്‍ മാത്രമേ നമുക്കീ പ്രശ്നത്തിന്റെ തീവ്രതയെ അറിയാനാകൂ.
അഭിമാനം ദ്യോതിപ്പിക്കുന്ന ഒന്നായി ആത്മഹത്യയെ പരിഗണിച്ചിരുന്ന മധ്യ നൂറ്റാണ്ടില്‍ പോലും ഇതെങ്ങനെ ഇല്ലായ്മ ചെയ്യാമെന്ന് സാമൂഹ്യ പരിഷ്കര്‍ത്താക്കളും സാമൂഹ്യ ശാസ്ത്രജ്ഞന്മാരും ചിന്തിച്ചിരുന്നു. ഇത്തരമൊരു ചിന്തയാണ് ഇന്നത്തെ സമൂഹവും ആവശ്യപ്പെടുന്നത്.
സമദ് പനയപ്പിള്ളി
പ്രതികരിക്കാൻ ഇവിടെ എഴുതുക: