പാറ്റ്ന: വീട്ടാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില കൂട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. നിലവിലുള്ള വില തുടരും.
ജനങ്ങള്‍ക്കുമേല്‍ അധികഭാരം ചുമത്താന്‍ ഒരു ഉദ്ദേശ്യവുമില്ല. വില കൂട്ടുമെന്ന് ചിലര്‍ പരത്തുന്ന അഭ്യൂഹങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രധാന്. സിലിണ്ടറുകളുടെ സബ്സിഡിയും പഴയതുപോലെ തുടരും. വര്‍ഷത്തില്‍ 12 സിലിണ്ടര്‍ നല്‍കും, പ്രധാന് പറഞ്ഞു.
പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധന വിവാദ വിഷയമാണ്. അതിനാല്‍ ഇക്കാര്യവും പഠിച്ചുവരികയാണ്. 2006ല്‍ ക്രൂഡ് ഓയിലിന്റെ വിപണി വിലയുമായി ബന്ധപ്പെടുത്തിയതോടെയാണ് പെട്രോള്‍ വില നിയന്ത്രണാധികാരം സര്‍ക്കാരിന് നഷ്ടപ്പെട്ടത്. അതേസമയം സബ്സിഡി അനുവദിക്കുന്നതിനും ഡീസല്‍ വില നിയന്ത്രിക്കുന്നതിനും ഉള്ള അധികാരം സര്‍ക്കാരിനു തന്നെയാണ്, അദ്ദേഹം പറഞ്ഞു.
പാചകവാതക സിലിണ്ടര്‍ ലഭ്യതയുടെ എണ്ണം വര്‍ഷത്തില്‍ 12-ല്‍നിന്ന് ആറായി ചുരുക്കുകയും പിന്നീട് ഒമ്പതാക്കുകയും ചെയ്തത് മുന്‍ സര്‍ക്കാരായിരുന്നു. എന്നാല്‍ പഴയ തോതില്‍ മാസത്തില്‍ ഒരു സിലിണ്ടര്‍ വീതം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു നല്‍കുമെന്നാണ് പുതിയ സര്‍ക്കാരിന്റെ നയം.
കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി പല മാധ്യമങ്ങളും ഡീസല്‍ വില നിര്‍ണ്ണയാവകാശം സര്‍ക്കാര്‍ കൈവിടുകയാണെന്നും ഇതോടെ വിലകുത്തനെ കൂടുമെന്നുമൊക്കെ ഊഹാപോഹം പ്രചരിപ്പിക്കുകയാണ്. ഇതു സംബന്ധിച്ച് യാതൊരു തീരുമാനവും എടുത്തിട്ടില്ല. വില കൂട്ടാന്‍ ഒരു നീക്കവും നടക്കുന്നുമില്ല. എന്നിരിക്കെ ചില ഉന്നതര്‍ പറഞ്ഞുവെന്ന ഔദ്യോഗിക മട്ടിലാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ആശങ്കകള്‍ എല്ലാം തള്ളിക്കളയുന്നതാണ് മന്ത്രിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: