തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ നാലു ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്നാടിന്. ഇത് സംബന്ധിച്ച് സുപ്രധാന തീരുമാനമെടുത്ത യോഗത്തില്‍ കേരളസര്‍ക്കാര്‍ പ്രതിനിധി മൗനം പാലിച്ചു. ഇതോടെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് ലാര്‍ജ് ഡാംസിന്റെ രജിസ്റ്ററില്‍ മുല്ലപ്പെരിയാര്‍, തൂണക്കടവ്, പറമ്പിക്കുളം, പെരുവാരിപ്പള്ളം ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്നാടിന്റെ അധീനതയിലായി. ഡാമുകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച വിഷയത്തില്‍ നിയമസഭയില്‍ ബഹളം നടന്നു. സഭാസമ്മേളനം ഇരുപത് മിനിറ്റ് തടസ്സപ്പെട്ടു.
2013 ഡിസംബര്‍ 27ന് ചേര്‍ന്ന ദേശീയ ഡാം സുരക്ഷാ കമ്മറ്റിയുടെ 32-മത് യോഗത്തിലാണ് നാല് ഡാമുകളുടെ ഉടമസ്ഥാവകാശം ലഭിക്കണമെന്ന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടത്. ഈ യോഗത്തില്‍ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്തത് അന്തര്‍സംസ്ഥാന നദീജല വിഷയങ്ങളുടെ കൂടി ചുമതലയുള്ള ജലവിഭവവകുപ്പ് ചീഫ് എഞ്ചിനിയര്‍ പി. ലതികയായിരുന്നു. ഇവര്‍ തമിഴ്നാടിന്റെ ആവശ്യത്തെ എതിര്‍ത്തില്ല. ഇതെത്തുടര്‍ന്ന് തമിഴ്നാടിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. യോഗത്തിന്റെ മിനിറ്റ്സില്‍ ഉടമസ്ഥാവകാശം തമിഴ്നാടിന് ലഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മിനിറ്റ്സിന്റെ കോപ്പി കേരള സര്‍ക്കാരിന് ലഭിക്കുകയും സര്‍ക്കാര്‍ പരിശോധിച്ച് ഒപ്പിട്ട് മടക്കി അയയ്ക്കുകയും ചെയ്തു. ഇതിനുശേഷം ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും ഉടമസ്ഥാവകാശം തമിഴ്നാടിന് നല്കി അടിക്കുറിപ്പ് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 17ന് ദേശീയ ഡാം സുരക്ഷാ കമ്മറ്റിക്ക് സര്‍ക്കാര്‍ കത്തയച്ചു. ഇതിന് ഏപ്രില്‍ 15ന് ലഭിച്ച മറുപടിയില്‍ നാല് ഡാമുകളുടെയും ഉടമസ്ഥാവകാശം തമിഴ്നാടിനാണെന്നും കേരളത്തിന്റെ പ്രതിനിധി യോഗത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാത്തതിനാലാണ് ആവശ്യം അംഗീകരിച്ചതെന്നും കത്തില്‍ പറയുന്നു. വിഷയത്തില്‍ തമിഴ്നാടിന്റെ അഭിപ്രായം ആരാഞ്ഞ് കത്തയച്ചിട്ടുണ്ടെന്നും അന്തര്‍സംസ്ഥാന നദീജല പ്രശ്നമായതിനാല്‍ ഇനി തമിഴ്നാടിന്റെ മറുപടി ലഭിച്ച ശേഷമേ കേരളത്തിന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നും ഡാം സുരക്ഷാ കമ്മറ്റി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പറമ്പിക്കുളം ആളിയാര്‍ പദ്ധതിക്ക് കീഴിലെ പറമ്പിക്കുളം, തുണക്കടവ്, പെരുവാരിപ്പള്ളം ഡാമുകളിലെ സുരക്ഷ പരിശോധിക്കാന്‍ മെയ് 12, 13 തീയതികളില്‍ സന്ദര്‍ശനം നടത്തുമെന്ന് കാണിച്ച് കേരള സര്‍ക്കാര്‍ മെയ് 7ന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന് കത്തയച്ചിരുന്നു. എന്നാല്‍ ഇതിനു മറുപടിയായി ഈ ഡാമുകളുടെ ഉടസ്ഥാവകാശവും നടത്തിപ്പും അറ്റകുറ്റപ്പണിയും തമിഴ്നാടിനാണെന്നും ഡാമുകളുടെ സുരക്ഷയെപ്പറ്റി കേരള ഡാം സേഫ്റ്റി അതോറിറ്റി ഒരുകാലത്തും പരിശോധിക്കേണ്ടതില്ലെന്നും തമിഴ്നാട് പ്രിന്‍സിപ്പല്‍ സെക്രട്ടറി മറുപടി കത്തയച്ചു.
ദേശീയ ഡാം സുരക്ഷാ കമ്മറ്റിയുമായി സര്‍ക്കാര്‍ നടത്തിയ കത്തിടപാടുകളുടെയും യോഗത്തിന്റെ മിനിറ്റ്സിന്റെ കോപ്പിയുമടക്കം നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ജമീലാ പ്രകാശം എംഎല്‍എയാണ് വിഷയം അവതരിപ്പിച്ചത്. എന്നാല്‍ തനിക്ക് കിട്ടിയ വിവരം നാലുഡാമുകളുടെയും ഓപ്പറേഷന് ആന്റ് മെയിന്റനന്സിനുമാത്രമാണ് ഉദ്യോഗസ്ഥര്‍ അനുവാദം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു. ഇത് ചതിവാണെന്നും ഗ്യാലറിയിലിരിക്കുന്ന ചീഫ് എഞ്ചിനിയര്‍ അടക്കമുള്ളവര്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ട് ഇ.എസ്. ബിജിമോള്‍ എംഎല്‍എ രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായി.
പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കി. മുഖ്യമന്ത്രി മറുപടി നല്‍കണമെന്ന ആവശ്യവുമുന്നയിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന താല്പര്യത്തിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് വ്യക്തമായ നിലപാട് ഇന്ന് നിയമസഭയില്‍ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്നാടിന് നല്കിയ നിലപാടിന് പിന്നില്‍ ഒത്തുകളിയുണ്ടോയെന്ന് വിജിലന്‍സ് അന്വേഷിക്കണമെന്ന് ജമീലാ പ്രകാശം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്നാടിന് ലഭിക്കാന്‍ സഹായിച്ചവരുടെ ബന്ധുക്കളുടെ പേരില്‍ തമിഴ്നാട്ടില്‍ 65 ഏക്കറിലധികം തെങ്ങിന്‍പുരയിടവും കോടികള്‍ വിലമതിക്കുന്ന ഫ്ലാറ്റും ഉണ്ട്. സിരുവാണി ഡാമിന്റെ അറ്റകുറ്റപ്പണിക്കായി തമിഴ്നാട് ബജറ്റില്‍ വകയിരുത്തുന്നതിന്റെ പത്തിലൊന്നുപോലും ചെലവഴിക്കുന്നില്ല. ഈ തുക എവിടേക്കാണ് ചെല്ലുന്നതെന്ന് അന്വേഷിക്കണം. നാല് ഡാമുകള്‍ തമിഴ്നാടിന്റെ ഉടമസ്ഥതയിലായത് മുഖ്യമന്ത്രി അറിയാത്തതെന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നും ജമീലാപ്രകാശം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: