കോട്ടയം: കോട്ടയം പ്രസ് ക്ലബ് ജേര്‍ണലിസം വിദ്യാര്‍ഥിനിക്ക് യുഎസില്‍ ഉപരി പരിശീലനത്തിന് അവസരം. കേരളത്തിലെ ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ നിന്ന് ഈ അപൂര്‍വ അവസരം ലഭിക്കുന്ന ഏക വിദ്യാര്‍ത്ഥിനിയാണ് പ്രസ് ക്ലബ് ജേര്‍ണലിസം സ്കൂളിലെ പി.ജി ഡിപ്ലോമ ഇന്‍ ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥിനി ആല്‍ബ മാത്യു. വാഷിംഗ്ടണ്‍ സര്‍വകലാശാലയുടെ വിദ്യാര്‍ഥി വിനിമയ പരിപാടിയായ സ്റ്റുഡന്റ് ലീഡേഴ്സ് പ്രോഗ്രാമിലാണ് ആല്‍ബയെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ചെന്നൈയിലെ യു.എസ് കോണ്‍സുലേറ്റിലെ പബ്ലിക് അഫയേഴ്സ് ഓഫീസറായ ഡേവിഡ് ജെ ഗെയിനര്‍ അറിയിച്ചു.
അഞ്ചാഴ്ച്ച നീണ്ടു നില്ക്കുന്ന പഠന-പരിശീലന പര്യടന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നും ആല്ബയുള്പ്പെടെ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അവസരം ലഭിച്ചിരിക്കുന്നത്. സെമിനാറുകള്‍ , ചര്‍ച്ചകള്‍, അവതരണങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവയടങ്ങുന്ന ബൃഹത്തായ പരിശീലന പദ്ധതിയാണ് സ്റ്റുഡന്റ് ലീഡേഴ്സ് പ്രോഗ്രാമില്‍ (എസ്.യു.എസ്.ഐ ). യാത്രയും താമസവുമുള്‍പ്പെടെ എല്ലാ ചെലവുകളും അമേരിക്കന്‍ സര്‍ക്കാരാണ് വഹിക്കുന്നത്. ആല്‍ബയുടെ അവസര ലബ്ധിയെ യുഎസ് കോണ്‍സുലേറ്റ് വക്താവ് കോട്ടയം പ്രസ് ക്ലബിന് അയച്ച സന്ദേശത്തില്‍ അഭിനന്ദിച്ചു. പതിനഞ്ചുവര്‍ഷത്തെ ജേര്‍ണലിസം സ്കൂള്‍ ചരിത്രത്തിലാദ്യമായാണ് ഒരു വിദ്യാര്‍ഥിക്ക് ഇത്തരത്തിലുളള അവസരം ലഭിക്കുന്നതെന്ന് ജേര്‍ണലിസം സ്കൂള്‍ ഡയറക്ടര്‍ തേക്കിന്‍കാട് ജോസഫ് അറിയിച്ചു.
ഇടുക്കി പാമ്പാടുംപാറ കൂട്ടുങ്കല്‍ കെ.സി മാത്യു-ലൈസമ്മ ദമ്പതികളുടെ മകളായ ആല്‍ബ പാലാ സെന്ത്തോമസ് കോളേജില്‍ നിന്നും ബി.എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷില്‍ മികച്ച വിജയം നേടിയാണ് കോട്ടയം പ്രസ് ക്ലബില്‍ ജേര്‍ണലിസം പരിശീലനത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: