സിഡ്നി: മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗാരി ഗില്‍മോര്‍ (62) അന്തരിച്ചു. അരക്കെട്ടിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് സിഡ്നിയിലെ റോയല്‍ പ്രിന്‍സ് ആല്‍ഫ്രഡ് ആശുപത്രിയില്‍ ഇന്നലെയായിരുന്നു ഗില്‍മോറിന്റെ അന്ത്യം. ഏറെക്കാലമായി രോഗബാധിതനായിരുന്നു.
വളരെക്കുറച്ചു മത്സരങ്ങള്‍കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഗില്‍മോര്‍. 1973-77 കാലയളവില്‍ 15 ടെസ്റ്റുകളിലും അഞ്ച് ഏകദിനങ്ങളിലും പാഡണിഞ്ഞ ഗില്‍മോര്‍ വമ്പനടികളിലൂടെയും മൂര്‍ച്ചയുള്ള ഇടംകൈയന്‍ പേസ് ആക്രമണത്തിലൂടെയും ശ്രദ്ധ പിടിച്ചുപറ്റി. 1975 ലോകകപ്പ് സെമിയില്‍ 14 റണ്‍സിന് ആറുവിക്കറ്റുകള്‍ പിഴുത് ഇംഗ്ലണ്ടിനെ ഛിന്നഭിന്നമാക്കിയ പ്രകടനം ഗില്‍മോറിനെ വിഖ്യാതനാക്കി.
1977ല്‍ ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ ന്യൂസിലാന്റ് ബൗളര്‍മാരെ തല്ലിയൊതുക്കിയതും (101) ഗില്‍മോര്‍ കാട്ടിയ അത്ഭുതം.
20 ഫോറുകളും ഒരു സിക്സറുമാണ് അന്ന് അദ്ദേഹം പറത്തിയത്. ഇതിഹാസതാരം റിച്ചാര്‍ഡ് ഹാഡ്ലി നയിച്ച കിവി പേസ് അറ്റാക്കിനെ ഗില്‍മോര്‍ നിഷ്പ്രഭമാക്കിക്കളഞ്ഞു. പക്ഷേ, 25-ാം വയസില്‍ ഗില്‍മോറിന്റെ കരിയറിന് അകാല തിരശീലവീണു. 54 ടെസ്റ്റ് വിക്കറ്റുകളുമായി അദ്ദേഹം കളമൊഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: